വാഷിംഗ്ടൺ: യുഎസ് പ്രസിഡന്റ് ജോ ബൈഡന്റെയും ഇസ്രയേൽ പ്രധാനമന്ത്രി നഫ്താലി ബെന്നറ്റിന്റെയും വീഡിയോ വൈറലായതു മുതൽ ‘ഉറക്കംതൂങ്ങുന്ന ജോ’യെക്കുറിച്ചുള്ള പരിഹാസങ്ങൾ ട്വിറ്ററിൽ ട്രെൻഡിംഗ് ആണ്. കാബൂൾ വിമാനത്താവളത്തിൽ 13 യുഎസ് സൈനികർ കൊല്ലപ്പെട്ടതിന് പിന്നാലെയായിരുന്നു ഇരുവരും തമ്മിലുള്ള കൂടിക്കാഴ്ച. അഫ്ഗാനിസ്ഥാനിൽ ബൈഡൻ ഭരണകൂടത്തിന്റെ നിലപാടിനെ പലരും ചോദ്യം ചെയ്യുന്നതിനിടെ, ശത്രുതയില്ലെന്ന് ബെന്നറ്റ് വ്യക്തമാക്കി. എങ്കിലും ബൈഡനും ബെന്നറ്റും തമ്മിലുള്ള കൂടിക്കാഴ്ചയിൽനിന്നുള്ള ഭാഗം ഇന്റർനെറ്റിൽ ഏറെ ശ്രദ്ധിക്കപ്പെട്ടു.
കൂടിക്കാഴ്ച ഓഗസ്റ്റ് 27ന്
ഓഗസ്റ്റ് 27ന് ആയിരുന്നു ഇരവരും തമ്മിൽ കണ്ടത്. പിന്നാലെ ചർച്ച നടത്തുന്ന വീഡിയോ അടുത്ത ദിവസം വൈറലായി. യുഎസുമായി രൂപപ്പെട്ട പുതിയ ബന്ധത്തെക്കുറിച്ച് ബെന്നറ്റ് പറയുമ്പോൾ അടുത്തുള്ള കസേരയിൽ ബൈഡൻ ഇരിക്കുന്നത് വീഡിയോയിൽ കാണാം. ‘രണ്ടു രാജ്യങ്ങൾ തമ്മിലുള്ള സൗഹൃദത്തിന്റെ മറ്റൊരു അധ്യായവും സുന്ദരമായ കഥയും കൂടാതെ, നല്ലത് ചെയ്യണമെന്നും ശക്തമായിരിക്കണമെന്നും ആഗ്രഹിക്കുന്ന രണ്ടു രാജ്യങ്ങളാണ് യുഎസും ഇസ്രയേലും ‘-ബെന്നറ്റ് പറയുന്നു. ബെന്നറ്റ് സംസാരിക്കുമ്പോൾ താഴേക്ക് നോക്കിയിരിക്കുന്ന ബൈഡനിലേക്കാണ് പലരുടെയും ശ്രദ്ധയെത്തിയത്. ഔദ്യോഗിക ചർച്ചയ്‌ക്കിടെ യുഎസ് പ്രസഡിന്റ് ജോ ബൈഡൻ ഉറങ്ങുകയായിരിക്കാം എന്ന് ഇത് പലരെയും ചിന്തിപ്പിച്ചു.
ബൈഡൻ ഉറക്കത്തിലേക്ക് വീണോ?
എന്നാൽ ബൈഡൻ ഉറങ്ങിയിട്ടില്ല. എല്ലാവരുടെയും ശ്രദ്ധ ജോ ബൈഡന്റെ കണ്ണുകളിലേക്ക് പോയപ്പോൾ അദ്ദേഹത്തിന്റെ വിരലുകൾ നിരന്തരം ചലിക്കുന്നത് പലരും കണ്ടില്ല. വീഡിയോ സസൂക്ഷ്മം കണ്ടാൽ ബൈഡന്റെ തള്ളവിരൽ ദൃശ്യങ്ങളിലുടനീളം ചലിക്കുന്നത് കാണാം. മിക്കവാറും ബെന്നറ്റിന് പറയാനുണ്ടായിരുന്നത് യുഎസ് പ്രസിഡന്റ് ശ്രദ്ധയോടെ കേൾക്കുകയായിരുന്നിരിക്കാം. എന്നാൽ ദൃശ്യങ്ങൾ പകർത്തിയ വിധം അദ്ദേഹം ഉറങ്ങുകയായിരിക്കാമെന്ന് പലരെയും ചിന്തിപ്പിച്ചു.
അതേസമയം, ഈ വീഡിയോ മാറ്റിനിർത്തിയാൽ ബൈഡനും ബെന്നറ്റും തമ്മിലുള്ള കൂടിക്കാഴ്ച വിജയകരമായിരുന്നു. ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം സൗഹൃദപരമായിരിക്കുമെന്ന് ബൈഡൻ പ്രതികരിച്ചു. ഉറങ്ങുകയല്ലായിരുന്നുവെങ്കിലും ട്രോളുകൾ സമൂഹമാധ്യമങ്ങളിലെത്താൻ അധികസമയമെടുത്തില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: