ന്യൂദല്‍ഹി: അഫ്ഗാനിസ്ഥാനില്‍ കുടുങ്ങിയ പൗരന്മാരെ രാജ്യത്തേയ്ക്ക് തിരിച്ചെത്തിക്കുന്നതിന് ഇന്ത്യ വീണ്ടും യുഎസിന്റെ സഹായം തേടി. വിമാനത്താവളത്തിലേക്കുള്ള യാത്രാ മധ്യേ താലിബാന് വഴി തടഞ്ഞതിനെ തുടര്‍ന്ന് എത്തിച്ചേരാന്‍ സാധിക്കാതിരുന്ന ഇരുപതോളം ആളുകളെ ഒഴിപ്പിക്കുന്നതിനായാണ് ഇന്ത്യ യുഎസ് സഹായം തേടിയിരിക്കുന്നത്.
താലിബാന് വഴി തടഞ്ഞതിനാല്‍ ബാക്കിയുള്ളവരെയാണ് കഴിഞ്ഞ ദിവസം എയര്‍ ഇന്ത്യ വിമാനത്തിലൂടെ ഇന്ത്യയില്‍ എത്തിച്ചത്. താലിബാന് ഭരണം ഏറ്റെടുത്തതിന് പിന്നാലെ ഇതുവരെ 550 പേരെ അഫഗാനിസ്ഥാനില്‍ നിന്നും ഇന്ത്യയിലേക്ക്് എത്തിച്ചിട്ടുണ്ട്. ഇതില്‍ പകുതി ഇന്ത്യക്കാരാണ്.
ഇത് കൂടാതെ വിദേശ രാജ്യങ്ങളുട കമ്പനിയില്‍ ജോലി ചെയ്യുന്ന ഇന്ത്യക്കാരെ അതാത് രാജ്യങ്ങള്‍ കൂടി അഫ്ഗാനില്‍ നിന്നും രക്ഷപ്പെടുത്തിയിരുന്നു. 31 മുമ്പായി രാജ്യങ്ങള്‍ രക്ഷാദൗത്യം അവസാനിപ്പിക്കണമെന്നും അഫ്ഗാന് പൗരന്മാര് രാജ്യത്ത് തന്നെ തുടരണമെന്നും താലിബാന് നേരത്തെ അറിയിച്ചിരുന്നതാണ്. കാബൂള്‍ ഹമീദ് കര്‍സായി വിമാനത്താവളത്തില്‍ ഐഎസ് ചാവേര്‍ ആക്രമണമുണ്ടായതോടെ വിദേശരാജ്യങ്ങള്‍ രക്ഷാദൗത്യം അവസാനിപ്പിച്ചിരുന്നു. ഇതിന്റെ കൂടി പശ്ചാത്തലത്തിലാണ് ഇന്ത്യ യുഎസിന്റെ സഹായം തേടിയത്.
അതിനിടെ കബൂളില്‍ വീണ്ടും ഭീകരാക്രമണത്തിന് സാധ്യതയുള്ളതായി അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന് മുന്നറിയിപ്പ് നല്കി. അടുത്ത 24 മണിക്കൂറിനുള്ളില്‍ കാബൂള്‍ വിമാനത്താവളത്തില്‍ വീണ്ടും ഭീകരാക്രമണത്തിനു സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്. ദേശീയ സുരക്ഷാ സമിതിയുമായി ചര്‍ച്ചകള്‍ നടത്തിയശേഷമായിരുന്നു ബൈഡന്റെ പ്രസ്താവന.
അഫ്ഗാനില്‍ നിലവിലെ സാഹചര്യം അതീവ അപകടകരമാണെന്നും ബൈഡന് പറഞ്ഞു. വൈറ്റ് ഹൗസില്‍ ബൈഡന്റെ അധ്യക്ഷതയില്‍ നടന്ന അടിയന്തര സുരക്ഷാ യോഗത്തില്‍ സേനയിലെ ഉന്നത കമാന്‍ഡര്‍മാരും പങ്കെടുത്തു. അതേസമയം നാറ്റോ യുഎസ് സഖ്യം ചൊവ്വാഴ്ച അഫ്ഗാനിസ്ഥാന് വിടാനൊരുങ്ങുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: