ന്യൂദൽഹി: ദാവൂദ് ഇബ്രാഹിമിന്റെയും ഛോട്ടാ ഷക്കീലിന്റെയും കൂട്ടാളിയായിരുന്നു ഫഹീം മച്ച്മാച്ച് മരിച്ചു. കോവിഡ് ബാധയെ തുടർന്ന് വെള്ളിയാഴ്ച രാത്രി പാക്കിസ്ഥാനിലെ കറാച്ചിയിലായിരുന്നു അന്ത്യം. ദാവൂദ് ഇബ്രാഹിമും ഛോട്ടാ ഷക്കീലും വർഷങ്ങളായി കറാച്ചിയിലാണ് താമസിക്കുന്നതെന്നാണ് കരുതുന്നത്. എന്നാൽ ദക്ഷിണാഫ്രിക്കയിൽവച്ച് ഹൃദയസ്തംഭനം മൂലമാണ് ഫഹീം മച്ച്മാച്ച് മരിച്ചതെന്ന് ഛോട്ടാ ഷക്കീൽ അവകാശപ്പെട്ടു.
കൊലപാതകം, കൊലപാതകശ്രമം, കവർച്ച തുടങ്ങി നിരവധി കേസുകളിൽ മുംബൈ ക്രൈം ബ്രാഞ്ചും ദൽഹി പൊലീസിന്റെ സ്പെഷൽ സെല്ലും തേടിയിരുന്ന കുറ്റവാളിയാണ് ഇയാൾ. ദാവൂദ് ഇബ്രാഹിമിന്റെ സംഘത്തിലെ ഏറ്റവും വിശ്വസ്തനായിട്ടാണ് ഫഹീം അറിയപ്പെട്ടിരുന്നത്. മുംബൈയിൽ സംഘാംഗങ്ങൾ വഴിയായിരുന്നു ഇയാൾ പ്രവർത്തനങ്ങൾ നടത്തിയിരുന്നത്.
ഫഹീമിന്റെ മരണത്തെക്കുറിച്ച് കേട്ടുവെന്നും മറ്റ് ശ്രോതസുകൾ വഴി സ്ഥിരീകരണത്തിന് ശ്രമിക്കുകയാണെന്നും മുംബൈ ക്രൈം ബ്രാഞ്ച് അറിയിച്ചു. ‘മച്ച്മാച്ച് മരിച്ചുവെന്ന് ഞങ്ങൾ കേട്ടു. കോവിഡിന്റെ സങ്കീർണതകളെത്തുടർന്നായിരുന്നു മരണം. മറ്റ് ചില കേന്ദ്രങ്ങൾകൂടി ഇക്കാര്യം സ്ഥിരീകരിച്ചിട്ടുണ്ട്’- മുതിർന്ന ക്രൈം ബ്രാഞ്ച് ഉദ്യോഗസ്ഥൻ ഇന്ത്യ ടുഡേയോട് പ്രതികരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: