ന്യൂദല്‍ഹി: നിയമസഭാ തെരഞ്ഞെടുപ്പിനുശേഷം ബംഗാളില്‍ നടന്ന അക്രമങ്ങളുമായി ബന്ധപ്പെട്ട സിബിഐ അന്വേഷണം തടസ്സപ്പെടുത്തി തൃണമൂല്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍. ഒപ്പം അന്വേഷണ ഏജന്‍സിക്കെതിരെ മുദ്രാവാക്യവും മുഴക്കി. സംസ്ഥാന സര്‍ക്കാര്‍ വീണ്ടും സത്യം മൂടിവയ്ക്കുകയാണെന്ന് ബിജെപി പ്രതികരിച്ചു. അന്വേഷണം നടത്താനായി സിബിഐയുടെ പ്രത്യേക സംഘം നാദിയയില്‍ എത്തിയപ്പോള്‍ തൃണമൂല്‍ കോണ്‍ഗ്രസിനെ അനുകൂലിച്ചും ബിജെപിയെ എതിര്‍ത്തും മുദ്രാവാക്യം മുഴക്കുകയായിരുന്നു. കല്‍ക്കട്ട ഹൈക്കോടതിയില്‍ സിബിഐ നല്കുന്ന തത്സ്ഥിതി റിപ്പോര്‍ട്ടില്‍ തൃണമൂല്‍ പ്രവര്‍ത്തകര്‍ അന്വേഷണം തടസ്സപ്പെടുത്തിയത് ഉള്‍പ്പെടുത്തുമെന്ന് പ്രതീക്ഷിക്കപ്പെടുന്നു.
സിബിഐ ഉദ്യോഗസ്ഥരെത്തിയ വാഹനങ്ങളുടെ ടയറുകള്‍ പ്രദേശവാസികള്‍ നശിപ്പിച്ചുവെന്ന് ടൈംസ് നൗ റിപ്പോര്‍ട്ട് ചെയ്തു. എന്നാല്‍ ബംഗാള്‍ പൊലീസ് സംഭവത്തെക്കുറിച്ച് ഇതുവരെ പ്രതികരിച്ചിട്ടില്ല. സംസ്ഥാനസര്‍ക്കാരും പ്രദേശവാസികളും അന്വേഷണത്തിനെതിരാണെന്നത് കണക്കിലെടുത്ത് വിവിധ ജില്ലകളില്‍ അന്വേഷണം നടത്തുന്ന സിബിഐ ഉദ്യോഗസ്ഥര്‍ക്കൊപ്പം നാലു കമ്പനി കേന്ദ്രസേനയെയും വിന്യസിച്ചിട്ടുണ്ട്. തെരഞ്ഞെടുപ്പ് അക്രമങ്ങളുമായി ബന്ധപ്പെട്ട് 11 കേസുകള്‍ പ്രത്യേകം രജിസ്റ്റര്‍ ചെയ്തതിന് തൊട്ടടുത്ത ദിവസമായ ശനിയാഴ്ച 10 കേസുകള്‍കൂടി അന്വേഷണ ഏജന്‍സി ഫയല്‍ ചെയ്തു.
ഇതോടെ ആകെ കേസുകളുടെ എണ്ണം 21 ആയി. വെള്ളിയാഴ്ച എടുത്ത ഒരു കേസുമായി ബന്ധപ്പെട്ട് രണ്ടു പേരെ സിബിഐ കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഓഗസ്റ്റ് 19-നാണ് മാനഭംഗം, കൊലപാതകം തുടങ്ങിയ തെരഞ്ഞെടുപ്പ് അക്രമങ്ങളുമായി ബന്ധപ്പെട്ട അന്വേഷണം കല്‍ക്കട്ട ഹൈക്കോടതിയുടെ അഞ്ചംഗ ബഞ്ച് സിബിഐക്ക് കൈമാറിയത്. ഒപ്പം മെയ് രണ്ടിന് ഫലം പ്രഖ്യാപിച്ചശേഷമുണ്ടായ ഗൗരവം കുറഞ്ഞ കുറ്റകൃത്യങ്ങള്‍ അന്വേഷിക്കാന്‍ മൂന്നംഗ സമിതിക്കും കോടതി രൂപം നല്‍കിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: