കൊച്ചി: മാപ്പിള കലാപത്തിനു കാരണം ജന്മി-കുടിയാന്‍ സംഘര്‍ഷമാണെന്ന ഇടതുപക്ഷ ചരിത്രകാരന്മാരുടെ വ്യാഖ്യാനം അടിസ്ഥാനരഹിതമാണെന്ന് പറയുന്ന പുതിയ പുസ്തകം. 1921 ലും അതിനു മുന്‍പും നടന്നിട്ടുള്ള മാപ്പിള കലാപങ്ങള്‍ക്കു പിന്നില്‍ പാന്‍ ഇസ്ലാമിസവും മുസ്ലിം ജന്മിമാരുമാണെന്ന് സ്ഥാപിക്കുകയാണ് ചരിത്രഗവേഷകനായ ബി.എസ്. ഹരിശങ്കര്‍. ‘ബിയോണ്ട് റാംപേജ്: വെസ്റ്റേണ്‍ കോണ്‍ടാക്റ്റ് ഓഫ് മലബാര്‍ ആന്‍ഡ് ഖിലാഫത്ത്’ എന്ന പുസ്തകത്തിലാണ് തെളിവു സഹിതം ഇക്കാര്യം വിശദീകരിക്കുന്നത്.
മലബാറിലെ മുസ്ലിങ്ങളുടെ രാഷ്‌ട്രീയ പിന്തുണ നേടാന്‍ കമ്യൂണിസ്റ്റ് നേതാക്കളും പിന്നീട് ഇടതുപക്ഷ ചരിത്രകാരന്മാരുമാണ് മാപ്പിള കലാപത്തിനു കാരണം ജന്മി-കുടിയാന്‍ സംഘര്‍ഷമാണെന്ന വാദം പ്രചരിപ്പിച്ചത്. പില്‍ക്കാലത്ത് മതമൗലികവാദികളായ മുസ്ലിം നേതൃത്വം ഇത് ഏറ്റെടുക്കുകയായിരുന്നു.
പതിമൂന്നാം നൂറ്റാണ്ടുമുതല്‍ കച്ചവടക്കാരും സമ്പന്നരുമായിരുന്ന മലബാറിലെ മുസ്ലിങ്ങള്‍ ഹജ്ജിനുപോയിരുന്നപ്പോഴും വാണിജ്യ ഇടപാടുകള്‍ നടത്തിയിരുന്നു. പ്രാദേശിക തലത്തിലും രാജ്യാന്തര തലത്തിലും ശക്തരായിരുന്ന ഇവര്‍, പുതിയ കടല്‍മാര്‍ഗം കണ്ടെത്തി പോര്‍ച്ചുഗീസുകാര്‍ മലബാറുമായി കച്ചവടത്തിലേര്‍പ്പെട്ടപ്പോള്‍ അരക്ഷിതരായി. ഇതിനെതിരെ കോഴിക്കോട് മാപ്പിളമാര്‍ ഫത്വ പുറപ്പെടുവിക്കുകവരെ ചെയ്തു.
ലോകോത്തരമായ തേക്കുകള്‍ വളര്‍ന്നിരുന്ന കൂപ്പുകള്‍ ദേവസ്വങ്ങളുടെ അധീനതയിലായിരുന്നു. ടിപ്പുവിന്റെ പടയോട്ടത്തിനുശേഷം ഇവിടങ്ങളില്‍നിന്ന് മരംമുറിക്കാനുള്ള അവകാശം സമ്പന്നരായ മാപ്പിളമാര്‍ക്ക് നഷ്ടമായി. ടിപ്പുവിന്റെ ആക്രമണത്തിന്റെ ഫലമായി നാടുവിട്ടോടിയ ഹിന്ദുക്കളുടെ ഭൂമി മാപ്പിളമാര്‍ കൈവശപ്പെടുത്തിയിരുന്നു. ടിപ്പുവിന്റെ പരാജയത്തിനുശേഷം മടങ്ങിയെത്തിയ ഹിന്ദുക്കള്‍ക്ക് ഇവ തിരിച്ചു നല്‍കാന്‍ ബ്രിട്ടീഷുകാര്‍ നടപടികളെടുത്തപ്പോള്‍ മാപ്പിള ജന്മിമാര്‍ എതിരായി. മാപ്പിള കലാപത്തിന്റെ ഈ പശ്ചാത്തലം ഹരിശങ്കര്‍ വിശദമായി ചര്‍ച്ച ചെയ്യുന്നുണ്ട്.
മുസ്ലിം ജന്മിമാര്‍ മാപ്പിള കുടിയാന്മാരെ ഉപയോഗിച്ച് പത്തൊന്‍പതാം നൂറ്റാണ്ടിന്റെ അവസാന കാലം മുതല്‍ ഹിന്ദു ജന്മിമാര്‍ക്കെതിരെ ആക്രമണം നടത്തിയതിന്റെ വിശദാംശങ്ങള്‍ പുസ്തകം നല്‍കുന്നു. ഈ ജന്മിമാരുടെ പട്ടികയും പുസ്തകത്തിലുണ്ട്. മാപ്പിള ജന്മിമാര്‍ മമ്പ്രം പള്ളിയില്‍ തീര്‍ത്ഥാടനത്തിന് അയച്ച മാപ്പിളമാര്‍ തിരികെ വരുമ്പോള്‍ കളത്തില്‍ കേശവന്‍, കള്ളിയാട് നമ്പ്യാര്‍ എന്നിവരുടെ വീടുകള്‍ ആക്രമിച്ച് കൂട്ടക്കൊലകള്‍ നടത്തിയ സംഭവങ്ങള്‍ ഗ്രന്ഥകാരന്‍ ചൂണ്ടിക്കാട്ടുന്നു. ഖിലാഫത്തുമായി ബന്ധമുള്ളപ്പോള്‍തന്നെ ഈ അക്രമ സംഭവങ്ങളുടെ തുടര്‍ച്ചയാണ് 1921 ലെ മാപ്പിള കലാപങ്ങള്‍ എന്നാണ് ഗ്രന്ഥകാരന്‍ സ്ഥാപിക്കുന്നത്. പാവപ്പെട്ട മാപ്പിള കുടിയാന്മാര്‍ ജന്മിമാര്‍ക്കെതിരെ നടത്തിയ പോരാട്ടമാണ് കലാപമെന്ന മാര്‍ക്‌സിസ്റ്റ് വ്യാഖ്യാനങ്ങള്‍ തെറ്റാണെന്നും, കലാപത്തിനു പിന്നില്‍ മുസ്ലിം ജന്മിമാരായിരുന്നുവെന്നും തെളിവു സഹിതം വ്യക്തമാക്കുകയാണ് ഹരിശങ്കര്‍ ചെയ്യുന്നത്.
മാപ്പിള കലാപങ്ങള്‍ നടന്ന വള്ളുവനാട്, ഏറനാട് താലൂക്കുകളില്‍ വടക്കന്‍ മലബാറിനെ അപേക്ഷിച്ച് കൃഷിയോഗ്യമായ സ്ഥലങ്ങള്‍ കുറവായിരുന്നു. പാലക്കാട് മാത്രമായിരുന്നു ഇതിന് അപവാദം. ഇവിടങ്ങളില്‍ വലിയ തോതിലുള്ള ജന്മി-കുടിയാന്‍ സംഘര്‍ഷത്തിന് സാധ്യതയില്ലെന്ന് ഗ്രന്ഥാകരന്‍ കണ്ടെത്തുന്നു. അതേസമയം ലോകത്തുവച്ചു തന്നെ ഒന്നാന്തരം തേക്കുകള്‍ വളര്‍ന്നിരുന്ന ഇവിടുത്തെ മരവ്യവസായത്തിന്റെ കുത്തക മുസ്ലിങ്ങള്‍ക്കായിരുന്നു. കലാപങ്ങള്‍ക്കു പിന്നില്‍ ഇവരുടെ കൈകള്‍ പ്രവര്‍ത്തിച്ചു.
തെക്കന്‍ മലബാറിലെ കുടിയാന്മാരില്‍ അധികവും ചെറുമ വിഭാഗത്തില്‍പ്പെട്ട ഹിന്ദുക്കളായിരുന്നു. ഇവര്‍ക്കു പകരം മുസ്ലിം കുടിയാന്മാര്‍ കലാപത്തിനിറങ്ങിയതിലെ വൈരുദ്ധ്യം ഗ്രന്ഥകാരന്‍ ചൂണ്ടിക്കാട്ടുന്നു. ചൂഷണത്തിനിരയായ മാപ്പിള കുടിയാന്മാര്‍ ആരുംതന്നെ സമ്പന്നരായ മുസ്ലിങ്ങള്‍ക്കെതിരെ തിരിഞ്ഞില്ല എന്നതും ശ്രദ്ധേയമാണ്.
1921 ലെ മാപ്പിള കലാപത്തിന്റെ നൂറാം വാര്‍ഷികത്തില്‍ ഇതുവരെ ചര്‍ച്ച ചെയ്യാതിരുന്ന അതിന്റെ കാരണങ്ങളിലേക്ക് ഇറങ്ങിച്ചെല്ലുന്ന ഈ പുസ്തകം ജോ. ഡയറക്ടര്‍ ആര്‍. സഞ്ജയന്റെ അവതാരികയോടെ ഭാരതീയ വിചാരകേന്ദ്രമാണ് പ്രസിദ്ധീകരിച്ചിട്ടുള്ളത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: