കല്‍പ്പറ്റ: പ്രധാനമന്ത്രിയുടെ ഓഫീസിലെ ഉദ്യോഗസ്ഥരെന്ന വ്യാജേന വനം വകുപ്പ് ജീവനക്കാരെ കബളിപ്പിച്ച നാലംഗ സംഘത്തിലെ രണ്ട് പേര് പിടിയില്‍. തിരുവനന്തപുരം സ്വദേശി എ.ആര്. രാജേഷ്, കൊല്ലം സ്വദേശി പി. പ്രവീണ്‍ എന്നിവരാണ് പിടിയിലായത്. പ്രത്യേക അന്വേഷണ സംഘം പ്രതികളുടെ കൊല്ലത്തെയും തിരുവനന്തപുരത്തേയും വീട്ടില്‍ നിന്നാണ് കസ്റ്റഡിയിലെടുത്തത്. സംഘത്തിലെ ദീപക് പി. ചന്ദ്, എം. ഗിരീഷ് എന്നിവരെ പിടികൂടാനായില്ല.
ചെതലയം റേഞ്ചിലെ വെട്ടത്തൂരില്‍ വനം വകുപ്പിന്റെ വാച്ച് ടവറില്‍ കഴിഞ്ഞ ജൂലൈ 25 മുതല്‍ 29 വരെയാണ് സംഘം വിഐപി സൗകര്യങ്ങളോടെ പോലീസിനെയും വനം വകുപ്പിനെയും കബളിപ്പിച്ച് താമസിച്ചത്. ഭക്ഷണം എത്തിച്ചു നല്‍കിയും ഔദ്യോഗിക വാഹനത്തില്‍ യാത്രയ്ക്ക് സൗകര്യം ചെയ്തും വനം വകുപ്പ് എല്ലാ സഹായവും ഒരുക്കി. വിവിധ അന്വേഷണങ്ങള്‍ക്കായി എത്തിയതാണെന്ന് ഉദ്യോഗസ്ഥരെ തെറ്റിദ്ധരിപ്പിച്ചായായിരുന്നു സംഘത്തിന്റെ താമസം. പിന്നീട് ഇവര്‍ കുപ്പാടിയിലെ സ്വകാര്യ റിസോര്‍ട്ടില്‍ താമസിക്കുകയും അവിടെ ബഹളമുണ്ടാക്കിയതിനെ തുടര്‍ന്ന് ബത്തേരി പോലീസ് ചോദ്യം ചെയ്തു വിട്ടയക്കുകയും ചെയ്തിരുന്നു.
പ്രധാനമന്ത്രിയുടെ ഓഫിസിലുള്ളവര്‍ ജില്ലയില്‍ എത്തുമ്പോള്‍ പ്രദേശത്ത പോലീസ് സ്റ്റേഷനുകളില്‍ അറിയിക്കാറുണ്ട്. എന്നാല്‍ അന്വേഷണമൊന്നും നടത്താതെയാണ് വനം വകുപ്പ് ഇവര്‍ക്ക് താമസിക്കാന്‍ അനുമതി നല്‍കിയത്. വെട്ടത്തൂരില്‍ താമസിക്കുന്നതിനിടെ ചെറുമരങ്ങള്‍ മുറിച്ച് തോടിന് കുറുകെ പാലം കെട്ടിയതില്‍ വനംവകുപ്പും ഇവരുടെ പേരില്‍ കേസെടുത്തിട്ടുണ്ട്. മാവോയിസ്റ്റ് ഭീഷണിയുള്ള വെട്ടത്തൂരിലെ വനത്തില്‍ പോലീസിനെയും വനം വകുപ്പിനെയും കബളിപ്പിച്ച് ഇവര്‍ എത്തിയത് ഗുരുതര സുരക്ഷാ വീഴ്ചയാണെന്നാണ് വിിലയിരുത്തുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: