കൊൽക്കത്ത: താലിബാൻ അനുഭാവിയെന്ന് സംശയിക്കുന്ന ബംഗ്ലാദേശ് സ്വദേശി പശ്ചിമബംഗാളിൽ പിടിയിലായി. താലിബാൻ മാതൃകയിൽ രാജ്യത്ത് കലാപം ആസൂത്രണം ചെയ്തു വരുന്നതിനിടെയാണ് 28-കാരൻ പിടിയിലായത്. വെള്ളിയാഴ്ച ഇന്ത്യയിയിൽനിന്ന് കടന്നുകളയാൻ ശ്രമിക്കുന്നതിനിടെ നോർത്ത് 24 പർഗനാസ് പ്രദേശത്തെ അതിർത്തിയിൽനിന്ന് അതിർത്തി രക്ഷാസേന(ബിഎസ്എഫ്)യാണ് ബംഗ്ലാദേശ് പൗരനായ ജഹാംഗിർ ബിശ്വാസിനെ ആദ്യം പിടികൂടിയത്.
ഇയാളെ പിന്നീട് പൊലീസിന് കൈമാറുകയായിരുന്നു. ഇയാൾ തനിച്ചല്ലെന്ന് പൊലീസ് അന്വേഷണത്തിൽ കണ്ടെത്തി. കഴിഞ്ഞ കുറേ വർഷങ്ങളായി ചെന്നൈയിൽ കരാറുകാരനായി ജോലി ചെയ്യുകയായിരുന്നു. ഏതാനും വർഷങ്ങൾക്ക് മുൻപ് കുടിയേറ്റക്കാരനായിട്ടാണ് അനധികൃതമായി രാജ്യത്തേക്ക് കടന്നതെന്നും പിന്നീട് അടിത്തറ വിപുലപ്പെടുത്തിയെന്നും ദേശീയ മാധ്യമം ‘ടൈംസ് നൗ’ റിപ്പോർട്ട് ചെയ്തു.
താലിബാൻ അഫ്ഗാനിസ്ഥാൻ പിടിച്ചെടുത്തശേഷം ഇയാൾ ഒൻപത് പേരെ വാട്സ് ആപ്പ് വഴിയും മറ്റ് സമൂഹമാധ്യമങ്ങളിലൂടെയും ബന്ധപ്പെടാൻ ശ്രമിച്ചു വരികയായിരുന്നു. ചെന്നൈയിൽ പ്രശ്നങ്ങളുണ്ടാക്കാൻ അയാൾ അവരെ പ്രേരിപ്പിച്ചു. കൂടുതൽ ചോദ്യം ചെയ്യലിനായി നോർത്ത് 24 പർഗനാസിലെ പൊലീസ് സ്റ്റേഷനിലേക്ക് ദേശീയ അന്വേഷണ എജൻസിയുടെ(എൻഐഎ) സംഘം തിരിച്ചിട്ടുണ്ട്.
ചെന്നൈയിൽ പ്രശ്നങ്ങളുണ്ടാക്കാൻ പ്രേരിപ്പിക്കുക മാത്രമല്ല, ആളുകളെ ഒപ്പംകൂട്ടുകയും ചെയ്തിട്ടുണ്ടെന്ന് പ്രാഥമിക അന്വേഷണത്തിൽ വ്യക്തമായി. ഈ വിവരങ്ങൾ ചെന്നൈ പൊലീസിനും കൈമാറി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: