ന്യൂദല്‍ഹി: പഞ്ചാബിന് പിന്നാലെ കോണ്‍ഗ്രസ് ഭരിക്കുന്ന ഛത്തീസ്ഗഡിലും അധികാരവടംവലി. മുഖ്യമന്ത്രി ഭൂപേഷ് ബാഗേലും ആരോഗ്യമന്ത്രി ടി.എസ്. സിങ് ദിയോയും തമ്മിലാണ് മുഖ്യമന്ത്രിസ്ഥാനത്തെച്ചൊല്ലി തര്‍ക്കം.
രണ്ടരവര്‍ഷം കഴിഞ്ഞാല്‍ മുഖ്യമന്ത്രിസ്ഥാനം പങ്കുവെയ്ക്കണമെന്ന ആവശ്യമാണ് ടി.എസ്. സിങ് ദിയോ പക്ഷം ഉയര്‍ത്തിയിരിക്കുന്നത്. ഇതേച്ചൊല്ലി ജൂണ്‍ മുതല്‍ സംസ്ഥാനത്ത് കോണ്‍ഗ്രസിലെ ആഭ്യന്തരകലഹം മൂലം ഭരണം നിശ്ചലമായ സ്ഥിതിയായിരുന്നു. രണ്ടര വര്‍ഷം കഴിഞ്ഞാല്‍ മുഖ്യമന്ത്രിക്കസേര ഒഴിഞ്ഞ് കൊടുക്കാമെന്ന് 2018ല്‍ ഭൂപേഷ് ബാഗേല്‍ സമ്മതിച്ചിട്ടുണ്ടെന്നാണ് സിങ്ദിയോ പക്ഷം ഉയര്‍ത്തുന്ന വാദം. ഇത് നിഷേധിച്ച മുഖ്യമന്ത്രി ഭൂപേഷ് ബാഗേല്‍ വെള്ളിയാഴ്ച 50 എംഎല്‍എമാരോടൊപ്പം ദല്‍ഹിയിലെത്തി രാഹുല്‍ ഗാന്ധിക്ക് മുന്പില് തന്റെ ശക്തി തെളിയിച്ചു.
എല്ലാം രാഹുല്‍ ഗാന്ധിയോട് പറഞ്ഞിട്ടുണ്ടെന്നും അദ്ദേഹത്തെ ഛത്തീസ്ഗഢ് സന്ദര്‍ശനത്തിന് ക്ഷണിച്ചിട്ടുണ്ടെന്നും ഭൂപേഷ് ബാഗേല്‍ പറഞ്ഞു. അദ്ദേഹം ക്ഷണം സന്തോഷത്തോടെ സ്വീകരിച്ചിട്ടുണ്ടെന്നും ഭൂപേഷ് ബാഗേല്‍ പറഞ്ഞു. ഈ ആഴ്ചയില്‍ ഇത് രണ്ടാം തവണയാണ് ഭൂപേഷ് ബാഗേല്‍ രാഹുല്‍ ഗാന്ധിയെ കാണുന്നത്.
രാഹുല്‍ ഗാന്ധി നേരത്തെ വിമത നേതാവ് ടി.എസ്. സിങ്ദിയോയെയും കണ്ടിരുന്നു. സിങ്ദിയോയും ബാഗേലും എ ഐസിസി ജനറല്‍ സെക്രട്ടറി കെ.സി. വേണുഗോപാലിനെയും കണ്ടു. അതേ സമയം നിരവധി മന്ത്രിമാര്‍ ദല്‍ഹിയില്‍ തങ്ങുകയാണ്. മുഖ്യമന്ത്രി ഭൂപേഷ് ബാഗേലിന്റെ കരുത്ത് തെളിയിക്കുകയാണ് ലക്ഷ്യം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: