കാബൂള്‍: കാബൂള്‍ വിമാനത്താവളത്തില്‍ ഐഎസ്ഐസ് ഖൊറാസന്‍ തീവ്രവാദി സംഘം രണ്ട് ചാവേര്‍ ബോംബാക്രമണം നടത്തിയിട്ടും ആയിരക്കണക്കിന് അഫ്ഗാന്‍ സ്വദേശികള്‍ ഇപ്പോഴും വിമാനത്താവളഗേറ്റില്‍ തടിച്ചുകൂടി നില്‍ക്കുകയാണ്. ഇവിടെ ഒരു കുപ്പി വെള്ളത്തിന്റെ വില ഇപ്പോള്‍ 40 ഡോളര്‍ (ഏകദേശം 2950 രൂപ).
വെള്ളത്തിന് പുറമെ ഭക്ഷണമുള്‍പ്പെടെയുള്ള അവശ്യസാധനങ്ങള്‍ക്ക് തീവിലയാണ്. യുഎസ് പട്ടാളക്കാര്‍ അഫ്ഗാനിസ്ഥാന്‍ വിടുന്ന അന്തിമതീയതി ആഗസ്ത് 31 എന്ന് പ്രഖ്യാപിച്ചതോടെയാണ് എങ്ങിനെയെങ്കിലും രക്ഷപ്പെടാനുള്ള വ്യഗ്രതയില്‍ വിമാനത്താവളത്തില്‍ ആയിരങ്ങള്‍ തിക്കിത്തിരക്കുന്നത്. അമേരിക്ക ഉള്‍പ്പെടെയുള്ള രാജ്യങ്ങള്‍ അവരുടെ പൗരന്മാരെ ഒഴിപ്പിക്കുന്നതിനിടയില്‍ തങ്ങള്‍ക്കും എങ്ങിനെയെങ്കിലും രാജ്യത്തിന് പുറത്തുകടക്കാനാവുമോ എന്ന പ്രതീക്ഷയിലാണ് അഫ്ഗാന്‍ സ്വദേശികള്‍ തിക്കിത്തിരക്കുന്നത്. ഇതോടെയാണ് അവശ്യസാധനങ്ങളുടെ വില കുതിച്ചുയര്‍ന്നത്.
ഒരു പ്ലേറ്റ് ചോറിന് 7300 രൂപ കൊടുത്തെന്നും വെള്ളത്തിന് 2950 രൂപ കൊടുത്തെന്നും വിശദീകരിച്ച് അഫ്ഗാന്‍കാരനായ ഫസല്‍-ഉര്‍-റഹ്മാന്‍ തന്റെ വീഡിയോ ട്വിറ്ററില്‍ പങ്കുവെച്ചിരുന്നു. അഫ്ഗാന്‍ കറന്‍സിയില്‍ ആരും സാധനങ്ങള്‍ വില്‍ക്കുന്നില്ലെന്നും, യുഎസ് ഡോളറില്‍ മാത്രമാണ് സാധനങ്ങള്‍ വില്‍ക്കുന്നതെന്നും ഫസല്‍- ഉര്‍- റഹ്മാന്‍ പറയുന്നു. വാര്‍ത്താ ഏജന്‍സിയായ റോയിട്ടേഴ്‌സ് ഫസല്‍ ഉര്‍ റഹ്മാന്റെ വീഡിയോ പങ്കുവെച്ചിരുന്നു.
കാബൂള്‍ വിമാനത്താവളത്തില്‍ ഇരട്ട ബോംബ് സ്‌ഫോടനങ്ങള്‍ക്ക് ശേഷം അഫ്ഗാന്‍കാര്‍ ഒടിപ്പോകുമെന്ന് കരുതിയവര്‍ക്ക് തെറ്റി. 103 പേരുടെ മരണത്തിനിടയാക്കി ബോംബ് സ്‌ഫോടനം കഴിഞ്ഞ മണിക്കൂറുകള്‍ക്കുള്ളില്‍ മറ്റേതെങ്കിലും രാജ്യത്തേക്ക് രക്ഷപ്പെടാമെന്ന മോഹത്താല്‍ ആയിരക്കണക്കിന് അഫ്ഗാന്‍ സ്വദേശികള്‍ വീണ്ടും എയര്‍പോര്‍ട്ടില്‍ എത്തിച്ചേരുകയായിരുന്നു. ബ്രിട്ടന്‍, സ്‌പെയിന്‍ എന്നീ രാഷ്‌ട്രങ്ങള്‍ അവരുടെ ഒഴിപ്പിക്കല്‍ യജ്ഞം ഏകദേശം സമാപിച്ചതായി പ്രഖ്യാപിച്ചെങ്കിലും അമേരിക്കക്ക് ഇനിയും നൂറുകണക്കിന് ആളുകളെ ഒഴിപ്പിക്കാനുണ്ട്. താലിബാന്‍ ഭരണത്തില്‍ നിന്നും രക്ഷപ്പെടാനുള്ള വ്യഗ്രതയില്‍ കാബൂള്‍ വിമാനത്താവളത്തിന്റെ വാതില്‍ക്കല്‍ ആയിരങ്ങള്‍ തിക്കിത്തിരക്കുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: