ചാത്തന്നൂര്‍: കൊവിഡ് പ്രോട്ടോകോള്‍ ലംഘിച്ചു കൊണ്ട് സിപിഐയുടെ സാംസ്കാരിക സംഘടന നടത്തിയ ഓണാഘോഷത്തില്‍ പങ്കെടുത്തവര്‍ക്ക് കൊവിഡ്. വിവരം അറിഞ്ഞ് ആരോഗ്യവകുപ്പ് പങ്കെടുത്തവരുടെ വിവരങ്ങള്‍ തേടിയെങ്കിലും സംഘാടകര്‍ നല്‍കിയില്ല.
ആഗസ്ത് 23ന് സിപിഐ ചാത്തന്നൂര്‍ മണ്ഡലം കമ്മിറ്റി ഓഫീസിലായിരുന്നു ജില്ലാതല യോഗവും ഒണാഘോഷവും. ജി. എസ്. ജയലാല്‍ എംഎല് എയായിരുന്നു ഉദ്ഘാടകന്‍. കൊവിഡ് നിയന്ത്രണ ചട്ടങ്ങള്‍ മറികടന്ന് നടത്തിയ പരിപാടിയെ കുറിച്ച് നാട്ടുകാര്‍ വിവരം നല്‍കിയതിന് പ്രകാരം പോലീസും ആരോഗ്യവകുപ്പ് അധികൃതരും സെക്ടര്‍ മജിസ്ട്രേറ്റും സംഭവസ്ഥലത്ത് എത്തിയെങ്കിലും നടപടിയെടുക്കാതെ മടങ്ങുകയായിരുന്നു.
അടുത്ത ദിവസങ്ങളില്‍ യോഗത്തില്‍ പങ്കെടുത്ത പലര്‍ക്കും രോഗലക്ഷണങ്ങള്‍ കാണുകയും പരിശോധനയില്‍ രോഗം സ്ഥിരികരിക്കുകയും ചെയ്തു. ഇതോടെ കൂടുതല്‍ പേര് നിരീക്ഷണത്തിലേക്ക് മാറി. എന്നാല്‍, ജി.എസ്. ജയലാല്‍ ഉള്‍പ്പെടെയുള്ള നേതാക്കള്‍ ആരും പരിശോധന നടത്തുകയോ ചികിത്സ തേടുകയോ ചെയ്തിട്ടില്ല. യോഗത്തില്‍ പങ്കെടുത്തവരുടെ പേരു വിവരങ്ങള്‍ തേടി ആരോഗ്യ വകുപ്പ് അധികൃതര്‍ സംഘാടകരെ സമീപിച്ചെങ്കിലും പേര് വിവരങ്ങള്‍ നല്കാന് തയ്യാറായില്ല. എംഎല്‍എയും സിപിഐയുടെ ജനപ്രതിനിധികള്‍ അടക്കമുള്ളവര്‍ പങ്കെടുത്ത യോഗത്തില്‍ പങ്കെടുത്തവര്‍ക്ക് കൊവിഡ് സ്ഥിതീകരിച്ചിട്ടും യാതൊരു നടപടിയും എടുക്കാത്ത അധികൃതര്‍ക്കെതിരെ ശക്തമായ പ്രതിഷേധമാണ് ഉയരുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: