പത്തനാപുരം: കാഴ്ചക്കാരുടെ മനം കവരുകയാണ് അച്ചന്‍കോവില്‍ വനാന്തരങ്ങളിലെ പലകപാറ വെള്ളച്ചാട്ടം. പിറവന്തൂര്‍ പഞ്ചായത്തിലെ ചെമ്പനരുവിയില്‍ നിന്നും മൂന്ന് കിലോമീറ്റര്‍ വനത്തിനുള്ളിലാണ് പലകപാറ. ഇവിടുത്തെ വെള്ളച്ചാട്ടം ആസ്വദിക്കാനും നീരാടാനുമായി നിരവധിയാളുകളാണ് എത്തുന്നത്. ജലം തട്ടുകളായി താഴേക്ക് ഒഴുകിയിറങ്ങുന്നതിനാല്‍ കുത്തനെയുള്ള വെള്ളച്ചാട്ടമല്ല ഇവിടെയുള്ളത്. അതിനാല്‍ തന്നെ അപകടകരമായ കുഴികളും കുറവാണ്.
കോന്നി വനം ഡിവിഷന്റെ കീഴില്‍ വരുന്ന മണ്ണാറപ്പാറ റേഞ്ചിലെ മുള്ളുമല ഫോറസ്റ്റ് സ്റ്റേഷന്‍ പരിധിയിലാണ് വെളളച്ചാട്ടം സ്ഥിതി ചെയ്യുന്നത്. പാറയിലൂടെ ഏകദേശം അന്‍പത് അടി താഴ്ചയിലേക്കാണ് വെള്ളം പതിക്കുന്നത്. പലക പോലെയുള്ള പ്രതലത്തിലൂടെ ജലം ഒഴുകിയിറങ്ങുന്നതിനാലാണ് പലകപാറയെന്ന് പേര് ലഭിച്ചതെന്ന് പ്രദേശവാസികള്‍ പറയുന്നു. കാട്ടില്‍ നിന്നും ഒഴുകിയെത്തുന്ന അരുവിയാണ് വെള്ളച്ചാട്ടമായി മാറുന്നത്. ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ നിന്നും നിരവധിയാളുകള്‍ ഇവിടെ വന്നുപോകാറുണ്ട്. എന്നാല്‍ കൃത്യമായ സംരക്ഷണമോ വരുന്നവര്‍ക്കുള്ള സുരക്ഷിതത്വമോ ഇവിടെയില്ല എന്നത് പ്രധാനപ്രശ്‌നമാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: