തൃശ്ശൂർ: കൗൺസിലിൽ അവതരിപ്പിച്ച് അംഗീകാരം നേടാതെ നിയമവിരുദ്ധമായി സംസ്ഥാന സർക്കാരിന്റെ അനുമതി നേടിയെടുത്ത പുതിയ മാസ്റ്റർ പ്ലാൻ നടപ്പാക്കുമെന്ന മേയറുടെ നിലപാട് ജനങ്ങളോടും ജനാധിപത്യത്തോടും ഉള്ള വെല്ലുവിളിയാണെന്ന് ബിജെപി ജില്ലാ പ്രസിഡന്റ് അഡ്വ കെ.കെ അനീഷ്‌കുമാർ പറഞ്ഞു. ഭൂരിപക്ഷ പിന്തുണയുണ്ടെന്ന് ബോധ്യമുണ്ടെങ്കിൽ മാസ്റ്റർ പ്ലാൻ നടപ്പാക്കണോയെന്ന് തീരുമാനിക്കാൻ കൗൺസിൽ അംഗീകാരത്തിനായി വോട്ടിനിടാൻ മേയർ ആർജ്ജവം കാണിക്കട്ടെയെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
മാസ്റ്റർ പ്ലാൻ ചുളുവിൽ പാസ്സാക്കിയെടുക്കാൻ വിളിച്ച് ചേർത്ത കൗൺസിലർമാരുടെ യോഗവും സർവ്വകക്ഷി യോഗവും ദയനീയമായി പരാജയപ്പെട്ടതിന്റെ ജാള്യത മറക്കാനാണ് മാസ്റ്റർ പ്ലാൻ നടപ്പാക്കുമെന്ന മേയറുടെ വെല്ലുവിളി. കൗൺസിൽ അംഗീകാരമില്ലാതെ മന്ത്രി ഒപ്പിട്ട മാസ്റ്റർ പ്ലാൻ റദ്ദാക്കാതെ നടപ്പാക്കാൻ ശ്രമിച്ചാൽ രാഷ്‌ട്രീയമായും നിയമപരമായും ബിജെപി അതിനെ നേരിടും.
വടക്കുന്നാഥ ക്ഷേത്ര മൈതാനത്തിന്റെ പേര് മാറ്റാനും പൈതൃക പദവി എടുത്ത് കളയുവാനുമുള്ള തീരുമാനത്തിന് പിന്നിൽ ചില സിപിഎം നേതാക്കളുടെ വർഗ്ഗീയ അജണ്ടയാണ്. പുതിയ മാസ്റ്റർ പ്ലാനിന്റെ മറവിൽ സിപിഎം നേതാക്കൾ കോടികളുടെ കച്ചവടം ഉറപ്പിച്ചിട്ടുണ്ട്. അതുകൊണ്ടാണ് മാസ്റ്റർ പ്ലാനിന് പിന്നിലെ അഴിമതി വിജിലൻസിന് അന്വേഷണത്തിന് വിടാൻ ഭരണ സമിതി ധൈര്യപ്പെടാത്തതെന്നും അഡ്വ കെ.കെ അനീഷ്‌കുമാർ പ്രസ്താവനയിൽ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: