ന്യൂദല്‍ഹി: കേന്ദ്ര വ്യോമയാന മന്ത്രാലയം പുറത്തിറക്കിയ പുതിയ ഡ്രോണ്‍ നിയമം 2021നെ അഭിനന്ദിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇന്ത്യന്‍ സമ്പദ് വ്യവസ്ഥയുടെ വിവിധ മേഖലകള്‍ക്ക് ഇത് മൂലം നിരവധി നേട്ടങ്ങള്‍ ലഭിക്കുമെന്നും അദ്ദേഹം പറഞ്ഞു. ഇന്ത്യ ഡ്രോണ്‍ നിര്‍മ്മാണ രംഗത്തെ പുതിയ ഹബ്ബായി മാറുമെന്നും പ്രധാനമന്ത്രി പറഞ്ഞു.
രാജ്യത്ത് ഡ്രോണ്‍ ഉപയോഗം നിയന്ത്രിക്കുന്നതിന്റെ ഭാഗമായാണ് കേന്ദ്രവ്യോമയാന മന്ത്രാലയം പുതിയ നിയമം ഇറക്കിയത്. നിയമ വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്കും മറ്റുമായി ഡ്രോണ്‍ ഉപയോഗിക്കുന്നത് തടയുന്നതിനുമാണ് ഈ തീരുമാനം.
ഡ്രോണുകള്‍ ഉപയോഗിച്ചുള്ള ഭീകര ആക്രമണങ്ങള്‍ വര്‍ധിക്കുന്ന സാഹചര്യത്തിലാണ് കേന്ദ്രസര്‍ക്കാര്‍ കര്‍ശന നിയന്ത്രണങ്ങള്‍ വ്യവസ്ഥചെയ്യുന്ന പുതിയ നിയമം പുറത്തിറക്കിയിരിക്കുന്നത്. ജമ്മു വിമാനത്താവളത്തില്‍ ഡ്രോണ്‍ ഉപയോഗിച്ച് ആക്രമണം ഉണ്ടായതിന് പിന്നാലെ ഇന്ത്യന്‍ അതിര്‍ത്തിയില്‍ നിരവധി തവണ ഡ്രോണ്‍ സാന്നിധ്യം കണ്ടെത്തുകയും സൈന്യം ഇവ വെടിവെച്ചിടുകയും ചെയ്തിരുന്നു. സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് ഭീകരാക്രമണ സാധ്യത മുന്നറിയിപ്പ് നിലനിര്‍ത്തി അതീവജാഗ്രതാ പ്രദേശങ്ങളില്‍ ഡ്രോണ്‍ പറത്തുന്നതിനും നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിരുന്നു.
പുതിയ ഡ്രോണ്‍ നിയന്ത്രണച്ചട്ടങ്ങള്‍ സ്റ്റാര്‍ട്ടപ്പുകളെ സഹായിക്കുമെന്നും ഈ രംഗത്തുള്ള ചെറുപ്പക്കാര്‍ക്കും സഹായകരമാകുമെന്നും മോദി ട്വിറ്ററില്‍ കുറിച്ചു. ബിസിനസിനും നവീനതകള്‍ക്കും ഈ ചട്ടങ്ങള്‍ പുതിയ സാധ്യതകള്‍ തുറന്നിടുമെന്നും അദ്ദേഹം പറഞ്ഞു.
”പുതിയ ഡ്രോണ്‍ നിയമങ്ങള്‍ ഈ മേഖലയ്ക്ക് ഒരു വലിയ നാഴികക്കല്ലാവുമെന്ന് പ്രധാനമന്ത്രി പറഞ്ഞു. വിശ്വാസം, സ്വയം സര്ട്ടിഫിക്കേഷന് എന്നിവയെ അടിസ്ഥാനമാക്കിയാണ് പുതിയ ചട്ടങ്ങള്‍ കൊണ്ടുവന്നിരിക്കുന്നത്. അനുമതി, ഡ്രോണ്‍ നിര്‍മ്മാണ രംഗത്തേക്ക് കടക്കുന്നതിനുള്ള തടസ്സങ്ങല്‍ നീക്കല്‍ എന്നിവയെല്ലാം ലളിതമാക്കിയിരിക്കുന്നു,’ പ്രധാനമന്ത്രി പറഞ്ഞു. രാജ്യത്ത് നിര്‍മിക്കുന്ന ഡ്രോണുകളെ പ്രോത്സാഹിപ്പിക്കാനാണ് ഇത്. ഇതിന്റെ ഭാഗമായ ഡ്രോണ്‍ ഇറക്കുമതിക്കും കൂടുതല്‍ നിയന്ത്രണങ്ങള്‍ കൊണ്ടുവരും.
പുതിയ നിര്‍ദ്ദേശപ്രകാരം രാജ്യത്തിന്റെ സുരക്ഷ കണക്കിലെടുത്ത് ഡ്രോണിന്റെ ഉപയോഗം, വില്‍പ്പന, വാങ്ങല്‍ എന്നിവയ്ക്ക് കര്‍ശ്ശന നിയന്ത്രണങ്ങളാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. ഡ്രോണുകള്‍ക്ക് ഇനി മുതല്‍ തിരിച്ചറിയല്‍ നമ്പറും രജിസ്ട്രേഷനും നിര്‍ബന്ധമാക്കും. രജിസ്ട്രേഷന് ഇല്ലാത്ത ഡ്രോണുകള്‍ ഉപയോഗിക്കാനാവില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: