ബംഗളൂരു: അര്‍ഹരായ മൊത്തം ജനസംഖ്യയിലെ ഒരു കോടി പേര്‍ക്ക് കൊവിഡ് പ്രതിരോധ വാക്സിന് കുത്തിവെപ്പ് പൂര്‍ത്തിയാക്കി ബംഗളൂരു അര്‍ബന്‍ ജില്ലാ ഭരണകൂടം. എട്ട് മാസം മുന്‍പ് നഗരത്തിലെ അഞ്ച് താലൂക്കുകളിലും, ആറ് ടൗണ്‍ മുനിസിപ്പാലിറ്റികളിലും, ഒരു സിറ്റി മുനിസിപ്പാലിറ്റിയിലും, ഗ്രാമപഞ്ചായത്തുകളിലുമായി ആരംഭിച്ച വാക്സിനേഷന് ഡ്രൈവാണ് നിലവില്‍ ഒരു കോടി പിന്നിട്ടിരിക്കുന്നത്. കഴിഞ്ഞ ബുധനാഴ്ചവരെ നഗരത്തിലെ വിവിധ വാക്സിനേഷന് കേന്ദ്രങ്ങളിലായി 1,00,34,598 പേര്‍ക്ക് പ്രതിരോധ കുത്തിവയ്പ്പ് നല്‍കിയതായി ജില്ലാ ഭരണകൂടം അധികൃതര്‍ അറിയിച്ചു.
ഇതില്‍ 75,90,684 പേര്‍ക്ക് ആദ്യ ഡോസും, 24,43,914 പേര്‍ക്ക് രണ്ടാമത്തെ ഡോസും ലഭിച്ചിട്ടുണ്ട്. ബിബിഎംപി പ്രദേശം ഒഴികെയുള്ള ജില്ലയിലെ മറ്റു താലൂക്കുകളില്‍ വാക്സിനേഷന് 90 ശതമാനം പൂര്‍ത്തിയാക്കിയതായി ബെംഗളൂരു അര്‍ബന്‍ ഡെപ്യൂട്ടി കമ്മീഷണര്‍ ജെ. മഞ്ജുനാഥ് പറഞ്ഞു. ബിബിഎംപി പരിധിയില്‍ നിലവില്‍ വാക്സിനേഷന് 80 ശതമാനത്തോളം പൂര്‍ത്തിയായിട്ടുണ്ട്. ജില്ലയില്‍ ജനുവരി 16നാണ് സമഗ്രമായ വാക്സിനേഷന് ഡ്രൈവ് ആരംഭിച്ചത്.
പിന്നീട് മുന്‍നിര ആരോഗ്യ പ്രവര്‍ത്തകര്‍ സ്വമേധയാ പരിപാടിയുടെ ഭാഗമാവുകയും കൂടുതല്‍ ജനങ്ങളിലേക്ക് വാക്സിന് ലഭ്യമാക്കുകയുമായിരുന്നു. ആഗസ്റ്റ് 21 മുതല്‍ മുനിസിപ്പല്‍ പരിധിയിലുള്ളവര്‍ക്ക് മാത്രമായി പ്രതിദിനം 75,000 ഡോസുകള്‍ നല്കാന് തീരുമാനിച്ചിട്ടുണ്ട്. ഭിന്നശേഷിക്കാരെ വാക്സിനേഷന് സെന്ററുകളില്‍ എത്തിക്കാന്‍ ഉദ്യോഗസ്ഥര്‍ സൗജന്യ വാഹനങ്ങള്‍ ഒരുക്കി. പ്രത്യേക വാക്സിനേഷന് ഡ്രൈവുകള്‍ നടത്താന്‍ വാക്സിനേഷന് ടീമുകളെ നിയോഗിച്ചിട്ടുണ്ടെന്ന് മഞ്ജുനാഥ് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: