കൊല്ലം: സംസ്ഥാന അതിര്‍ത്തിയില്‍ തമിഴ്നാട് നിയന്ത്രണം ശക്തമാക്കുന്നു. തമിഴ്നാട്ടിലെ സാഹചര്യങ്ങള്‍ സാധാരണ നിലയിലേക്ക് എത്തുന്നതിന്റെ ഭാഗമായാണ് നിലവിലുള്ള ശക്തമായ പരിശോധന. പൊതുവെ അതിര്‍ത്തിയില്‍ സര്‍ട്ടിഫിക്കറ്റുകള്‍ക്കൊപ്പം ഇ പാസും നിര്‍ബന്ധമാണെങ്കിലും കേരളത്തിലേക്കുളള പ്രവേശനത്തിന് ആന്റിജന്‍ ടെസ്റ്റ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റും ഈ പാസും മാത്രമാണ് ആവശ്യപ്പെടുന്നത്.
കൊവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റില്ലാത്തവരെ ക്വാറന്റൈന് ചെയ്യിക്കാനുള്ള നടപടിയുണ്ടാക്കിയിട്ടാണ് അതിര്‍ത്തി കടത്തിവിടുന്നത്. ആര്യങ്കാവ് ഔട്ട്പോസ്റ്റിനോട് ചേര്‍ന്നാണ് പോലീസ്, റവന്യു വകുപ്പിന്റെ പരിശോധന നടക്കുന്നത്. കോട്ടപ്പടി ഭാഗത്ത് പ്രദര്‍ശിപ്പിച്ച ബോര്‍ഡില്‍ നിര്‍ദ്ദേശങ്ങള്‍ വ്യക്തമാക്കിയിട്ടുണ്ട്. ‘കേരളത്തില്‍ നിന്നുള്ള യാത്രക്കാര്‍ ആര്‍ടി-പിസിആര്‍ നെഗറ്റീവ് റിപ്പോര്‍ട്ട് അല്ലെങ്കില്‍ രണ്ട് ഡോസ് വാക്സിനേഷന്റെ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കണം’ എന്നാണ് ബാനറില്‍ തമിഴ്, ഇംഗ്ലിഷ്, മലയാളം എന്നീ ഭാഷകളില്‍ എഴുതിയിട്ടുള്ളത്.
ചിട്ടയായ പ്രവര്‍ത്തനങ്ങളുടെ ഫലമായി തമിഴ്നാട് ഇപ്പോള്‍ സാധാരണ നിലയിലേക്ക് എത്തിക്കൊണ്ടിരിക്കുന്നത്. സിനിമാതിയേറ്ററുകളും ബീച്ചുകളും ഉള്‍പ്പെടെ വിനോദസ്ഥലങ്ങള്‍ തുറന്നു കഴിഞ്ഞു. ഒമ്പതു മുതല്‍ 12 വരെ ക്ലാസുകള്‍ സെപ്തംബര്‍ ഒന്നുമുതല്‍ സ്കൂള്‍ തുറക്കുമെന്നും പ്രഖ്യാപിച്ചു. എന്നാല്‍ ടിപിആര്‍ നിരക്ക് കേരളത്തില്‍ ഉയര്‍ന്നു നില്‍ക്കുകയാണ്. ഇതുകൊണ്ടാണ് നിയന്ത്രണങ്ങള്‍ കടുപ്പിച്ചത്. രേഖകളുടെ പരിശോധനയും നിയന്ത്രണവും നേരത്തെ തന്നെ ഉണ്ടായിരുന്നെങ്കിലും ഇപ്പോഴത്തെ സാഹചര്യത്തില്‍ അത് കൂട്ടുകയാണ് ചെയ്തത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: