ന്യൂദല്‍ഹി : രാജ്യത്ത് ഡ്രോണ്‍ ഉപയോഗത്തിന് നിയന്ത്രണങ്ങളുമായി കേന്ദ്രവ്യോമയാന മന്ത്രാലയം. രാജ്യത്ത് നിര്‍മിക്കുന്ന ഡ്രോണുകളെ പ്രോത്സാഹിപ്പിക്കുന്നതിനും നിയമ വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്കും മറ്റുമായി ഇവ ഉപയോഗിക്കുന്നത് തടയുന്നതിനുമാണ് ഈ തീരുമാനം. ഇതുസംബന്ധിച്ച് നേരത്തെ പുറത്തിറക്കിയ കരട് നയത്തിന്റെ അടിസ്ഥാനത്തിലാണ് പുതിയ ചട്ടത്തിലെ വ്യവസ്ഥകള്‍.
പുതിയ നിര്‍ദ്ദേശപ്രകാരം ഡ്രോണിന്റെ ഉപയോഗം, വില്‍പ്പന, വാങ്ങല്‍ എന്നിവയ്ക്ക് കര്‍ശ്ശന നിയന്ത്രണങ്ങളാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. ഡ്രോണുകള്‍ക്ക് ഇനി മുതല്‍ തിരിച്ചറിയല്‍ നമ്പറും രജിസ്ട്രേഷനും നിര്‍ബന്ധമാക്കും. രജിസ്ട്രേഷന് ഇല്ലാത്ത ഡ്രോണുകള്‍ ഉപയോഗിക്കാനാവില്ല.
ഡ്രോണുകള്‍ വാടകയ്ക്ക് നല്കുമ്പോഴും ഈ വ്യവസ്ഥകള്‍ കര്‍ശനമായിരിക്കും. കൂടാതെ മേഖലകള്‍ തിരിച്ചുള്ള ഡ്രോണ്‍ ഉപയോഗത്തിന് നിയന്ത്രണം ഏര്‍പ്പെടുത്തുമെന്നും ചട്ടത്തില്‍ പറയുന്നു. യെല്ലോ സോണായിരുന്ന തിരുവനന്തപുരം വിമാനത്താവളത്തിന് അടുത്തുള്ള 45 കിലോമീറ്റര്‍ ചുറ്റളവ് 12 കിലോമീറ്ററായി കുറച്ചു.
അനധികൃതമായി ഡ്രോണ്‍ ഉപയോഗിക്കുന്നതിനുള്ള ഫൈന്‍ ഒരുലക്ഷമായി കുറയ്ക്കുകയും ചെയ്തിട്ടുണ്ട്. ഡ്രോണ്‍ ഇറക്കുമതിക്കും കൂടുതല്‍ നിയന്ത്രണങ്ങള്‍ ഉണ്ടാവും. രാജ്യത്ത് നിര്‍മിക്കുന്ന ഡ്രോണുകളെ പ്രോത്സാഹിപ്പിക്കാനാണ് കേന്ദ്രം ലക്ഷ്യമിടുന്നത്. ഡ്രോണ്‍ രജിസ്ട്രേഷന്റെ കാര്യങ്ങള്‍ എളുപ്പമാക്കുകയും ഇതിനായുള്ള തുക കുറയ്ക്കുകയും ചെയ്തിട്ടുണ്ട്.
ഡ്രോണുകള്‍ ഉപയോഗിച്ചുള്ള ഭീകര ആക്രമണങ്ങള്‍ വര്‍ധിക്കുന്ന സാഹചര്യത്തിലാണ് കേന്ദ്രസര്‍ക്കാര്‍ കര്‍ശന നിയന്ത്രണങ്ങള്‍ വ്യവസ്ഥചെയ്യുന്ന ചട്ടങ്ങള്‍ പുറത്തിറക്കിയിരിക്കുന്നത്. ജമ്മു വിമാനത്താവളത്തില്‍ ഡ്രോണ്‍ ഉപയോഗിച്ച് ആക്രമണം ഉണ്ടായതിന് പിന്നാലെ ഇന്ത്യന്‍ അതിര്‍ത്തിയില്‍ നിരവധി തവണ ഡ്രോണ്‍ സാന്നിധ്യം കണ്ടെത്തുകയും സൈന്യം ഇവ വെടിവെച്ചിടുകയും ചെയ്തിരുന്നു. സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് ഭീകരാക്രമണ സാധ്യത മുന്നറിയിപ്പ് നിലനിര്‍ത്തി അതീവജാഗ്രതാ പ്രദേശങ്ങളില്‍ ഡ്രോണ്‍ പറത്തുന്നതിനും നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: