ഇടുക്കി: സിപിഐ അഴിമതി ആരോപണം ഉന്നയിച്ച ചിന്നക്കനാല്‍ സര്‍വീസ് സഹകരണ ബാങ്ക് സെക്രട്ടറി എം എസ് സാബുവിനെ അന്വേഷണ വിധേയമായി സസ്‌പെൻഡ് ചെയ്തു. മതിയായ രേഖകളില്ലാതെ വായ്പകള്‍ അനുവദിച്ചതായി ഓഡിറ്റിംഗില്‍ കണ്ടെത്തിയതിനെത്തുടര്‍ന്നാണ് നടപടിയെന്ന് ബാങ്ക് പ്രസിഡന്റ് അളകര്‍ സ്വാമി അറിയിച്ചു.
ഇടത് മുന്നണി ഭരിക്കുന്ന ചിന്നക്കനാല്‍ സര്‍വീസ് സഹകരണ ബാങ്കിലെ ഇടപാടുകള്‍ സംബന്ധിച്ച് സിപിഐയുടെ ബാങ്ക് ബോര്‍ഡ് അംഗങ്ങള്‍ നല്‍കിയ കത്ത് പുറത്തായതിനു പിറ്റേന്നാണ് ബാങ്ക് സെക്രട്ടറിയെ സസ്‌പെന്‍ഡു ചെയ്തത്. ഇതോടെ സിപിഎം ഭരിക്കുന്ന ബാങ്കില്‍ സര്‍വത്ര അഴിമതിയാണെന്ന സിപിഐ നിലപാട് ശരിയാണെന്നു തെളിഞ്ഞു.
വ്യാജ പട്ടയം പോലും സ്വീകരിച്ച് നിരവധി പേര്‍ക്ക് വന്‍തുക ബാങ്ക് വായ്പ നല്‍കിയതായും ബാങ്കിന്റെ സുപ്രധാന വിവരങ്ങള്‍ പോലും ഭരണകക്ഷിയി അംഗങ്ങളായ തങ്ങളെ അറിയിക്കുന്നില്ലെന്നും ഇവര്‍ ആരോപിച്ചിരുന്നു. അതേസമയം സെക്രട്ടറിയെ സസ്‌പെന്‍ഡു ചെയ്തതിലൂടെ തങ്ങള്‍ ഉന്നയിച്ച ആരോപണങ്ങള്‍ ശരിയാണെന്നു തെളിഞ്ഞിരിക്കുകയാണെന്ന് സിപിഐ ചിന്നക്കനാല്‍ ലോക്കല്‍ സെക്രട്ടറി എ യേശുദാസ് പറഞ്ഞു.
കരുവന്നൂര്‍ സഹ. ബാങ്ക് തട്ടിപ്പിന് പിന്നാലെ സംസ്ഥാനത്തെമ്പാടും ഇടത് മുന്നണി ഭരിക്കുന്ന ബാങ്കുകളില്‍ വലിയ ക്രമക്കേട് നടക്കുന്നതായ വിവരങ്ങള്‍ പുറത്ത് വന്നിരുന്നു. ചിന്നക്കനാലിലും ഇത്തരത്തില്‍ വന്‍ തട്ടിപ്പ് നടന്നത് ശരിവയ്‌ക്കുന്നതാണ് സെക്രട്ടറിയുടെ സസ്‌പെന്‍ഷന്‍.
11 അംഗ ഭരണ സമിതിയില്‍ ആകെ 3 അംഗങ്ങളാണ് സിപിഐക്കുള്ളത്. ഇവരാണ് 12 ചോദ്യങ്ങളടങ്ങുന്ന കത്ത് 2020 ജൂലൈ 2ന് ബാങ്ക് സെക്രട്ടറിക്ക് കൈമാറിയത്. എന്നാല്‍ 13.5 മാസം പിന്നിട്ടിട്ടും ഇതിന് മറുപടി ലഭിക്കാതിരുന്നതിനെത്തുടര്‍ന്നാണ് മാധ്യമങ്ങളിലൂടെ കത്തു പുറത്തുവിട്ടത്. സിപിഐ അംഗങ്ങളായ എസ്. ചിന്നസ്വാമി, കെ. പരമന്‍, അല്‍ഫോണ്‍സാ കാളിമുത്ത് എന്നിവരാണ് കത്ത് നല്‍കിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: