Categories: Kerala

ഒടുവില്‍ ധാരണയായി; ആരോപണ വിധേയരായ എംഎസ്എഫ് നേതാക്കളെ മാറ്റി നിര്‍ത്താന്‍ ലീഗ് തീരുമാനം, ഹരിത വനിത കമ്മിഷന് നല്‍കിയ പരാതി പിന്‍വലിക്കും

Published by

മലപ്പുറം : ആരോപണ വിധേയരായ എംഎസ്എഫ് നേതാക്കളെ മാറ്റി നിര്‍ത്താമെന്ന് മുസ്ലിം ലീഗ് തീരുമാനമെടുത്തതോടെ ഹരിത നേതാക്കളുടെ പരാതി സമവായത്തിലേക്ക്. ബുധനാഴ്ച മുസ്ലിം ലീഗ് നേതാക്കള്‍ ഹരിത എംഎസ്എഫ് വിഭാഗങ്ങളുമായി നടത്തിയ ചര്‍ച്ചയിലാണ് ഇതുസംബന്ധിച്ച് തീരുമാനത്തിലെത്തിയത്. ഇപ്പോള്‍ എം.കെ. മുനീറിന്റെ മധ്യസ്ഥതയില്‍ നടന്ന ചര്‍ച്ചകളിലാണ് സമവായത്തിലെത്തിയത്.  

വനിത കമ്മിഷനില്‍ ഹരിത നേതാക്കള്‍ നല്‍കിയ പരാതി പിന്‍വലിക്കാനും യോഗത്തില്‍ ഇതോടൊപ്പം ധാരണയായിട്ടുണ്ട്. എംഎസ്എഫ് സംസ്ഥാന പ്രസിഡന്റ് പി.കെ. നവാസുമായും ഹരിത സംസ്ഥാന ഭാരവാഹികളുമായി മലപ്പുറത്ത്  ലീഗ് ഓഫീസില്‍ വച്ച് നടത്തിയ ചര്‍ച്ച അര്‍ധ രാത്രി വരെ നീണ്ടശേഷമാണ് ഇരു കൂട്ടരും തമ്മില്‍ ധാരണയില്‍ എത്തിയത്. വനിത കമ്മിഷന്‍ മുമ്പാകെ ഹരിത നേതാക്കള്‍ നല്‍കിയ പരാതി പിന്‍വലിക്കണമെന്ന് മുസ്ലിം ലീഗ് നേതൃത്വം ആവശ്യപ്പെടുകയായിരുന്നു. അതിനുശേഷം നടപടിയെന്നായിരുന്നു ലീഗിന്റെ തീരുമാനം. എന്നാല്‍  

എംഎസ്എഫ് നേതാക്കള്‍ക്കെതിരെ നടപടി സ്വീകരിക്കണമെന്ന ആവശ്യത്തില്‍ ഹരിത നേതാക്കള്‍ ഉറച്ചു നില്‍ക്കുകയും പിന്നീട് സമവായത്തില്‍ എത്തുകയുമായിരുന്നു. സംഘടനയില്‍ നേരിടേണ്ടി വന്ന ലൈംഗീക അധിക്ഷേപവും വിവേചനവും ചൂണ്ടിക്കാട്ടി മുസ്ലിം സ്റ്റുഡന്റ്‌സ് ഫെഡറേഷനിലെ പത്ത് വനിത നേതാക്കളാണ് വനിതാ കമ്മീഷനില്‍ പരാതി നല്‍കിയത്. സംസ്ഥാന പ്രസിഡന്റ് പി.കെ. നവാസും മലപ്പുറം ജില്ലാ ജനറല്‍ സെക്രട്ടറി വി. അബ്ദുള്‍ വഹാബും ലൈംഗിക അധിക്ഷേപിച്ചെന്നായിരുന്നു പരാതി.  

ഹരിതയിലെ സംഘടനാ പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിനിടെ വേശ്യയ്‌ക്കും വേശ്യയുടെ അഭിപ്രായം കാണും എന്ന് നവാസ് പ്രസ്താവന നടത്തിയെന്നാണ് ആരോപണം. അബ്ദുള്‍ വഹാബും സമാന രീതിയിലാണ് പ്രതികരിച്ചത്. തുടര്‍ന്ന് എംഎസ്എഫ് നേതാക്കള്‍ക്കെതിരെ ലീഗ് നേതൃത്വത്തില്‍ പരാതി നല്‍കിയെങ്കിലും നടപടി ഒന്നും ഉണ്ടാകാതിരുന്നതോടെ ഹരിത വനിത കമ്മിഷനെ സമീപിക്കുകയായിരുന്നു.  

തുടര്‍ന്ന് വിഷയം ചര്‍ച്ചയായതോടെ പ്രശ്‌നം ഒത്തുതീര്‍പ്പാക്കാന്‍ ചര്‍ച്ച നടത്തിയ മുനവ്വറലി ശിഹാബ് തങ്ങള്‍ പരാതി പിന്‍വലിക്കണമെന്ന് അഭ്യര്‍ത്ഥിച്ചെങ്കിലും ഹരിത നേതാക്കള്‍ വഴങ്ങിയില്ല. ലൈംഗീക അധിക്ഷേപം നടത്തിയ എംഎസ്എഫ് പ്രസിഡന്റ് പി.കെ. നവാസ് അടക്കമുള്ളവര്‍ക്കെതിരെ നടപടി എടുക്കാതെ ഒത്തുതീര്‍പ്പിനില്ലെന്നായിരുന്നു ഹരിതയുടെ മറുപടി.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക