ഇന്ത്യയില്‍ താലിബാന്‍ ശക്തി പ്രാപിക്കുമോ, താലിബാന് ഇവിടെ വേരുറപ്പിക്കാന്‍ കഴിയുമോ, ഇന്ത്യയെ ആക്രമിക്കാന്‍ താലിബാന്‍ തയ്യാറാവുമോ തുടങ്ങിയ ചോദ്യങ്ങള്‍ പല കേന്ദ്രങ്ങളില്‍ നിന്നുമുയരുന്നത് ഇപ്പോള്‍ കാണുന്നുണ്ട്. അഫ്ഗാനിസ്ഥാനിലെ പുതിയ സംഭവവികാസങ്ങളുടെ പശ്ചാത്തലത്തിലും, മാപ്പിള ലഹളയുടെ നൂറാം വാര്‍ഷികത്തില്‍ ചിലരൊക്കെ സ്വീകരിക്കുന്ന നിലപാടുകളുടെ വെളിച്ചത്തിലുമാണ് കേരളത്തില്‍ ഇത് ഇത്രത്തോളം വിലയിരുത്തപ്പെടുന്നത്. അവരോട് രണ്ടു വാചകത്തില്‍ എനിക്കുള്ള മറുപടി, ‘ ഇവിടെ താലിബാന്‍ വരില്ല, വളരില്ല; ഇന്ത്യക്ക് അവരെ ഭയപ്പെടേണ്ടുന്ന അവസ്ഥയൊന്നും ഉണ്ടാവാനും പോകുന്നില്ല; എന്നാല്‍ താലിബാന്‍ മനസ്സുള്ളവര്‍ ഇവിടെ സജീവമായുണ്ട്. ഒരര്‍ഥത്തില്‍ താലിബാനികളെക്കാള്‍ അപകടകാരികളാണ് ആ സംസ്‌കാരവും മനസുമായി ജനങ്ങള്‍ക്കിടയില്‍ ജീവിക്കുന്നവര്‍’.
താലിബാന്‍ എന്നത് ഇന്ന് ഏറെ വിശദീകരിക്കപ്പെടേണ്ടതില്ല. ഒറ്റ വാചകത്തില്‍, ‘അതൊരു മതാധിഷ്ഠിത ഭീകരവാദ കൂട്ടുകെട്ടാണ്’. പാക്കിസ്ഥാനിലെ താലിബാനും അഫ്ഗാനിസ്ഥാനിലെ താലിബാനും രണ്ടും രണ്ടാണ് എന്ന് പറയുന്നവരെയും ഇന്നിപ്പോള്‍ നാം കാണുന്നുണ്ട്. കാബൂളില്‍ താലിബാന്‍ അധിനിവേശത്തെ ന്യായീകരിക്കാന്‍ വേണ്ടിയാണ് അവര്‍ ആ നിലപാടെടുക്കുന്നത്. എന്നാല്‍ സാങ്കേതികമായി അങ്ങിനെ ഒരു വേര്‍തിരിവ് എവിടെയെങ്കിലുമൊക്കെ ഉണ്ടാവാമെങ്കിലും താലിബാന്‍ എവിടെയാണെങ്കിലും താലിബാന്‍ തന്നെയാണ്. ഇക്കാര്യത്തില്‍ ആര്‍ക്കൊക്കെ സംശയമുണ്ടെങ്കിലും ഇന്ത്യന്‍ നിലപാട് വ്യക്തമാണ്.
ഇത് പറയുമ്പോള്‍ ശ്രദ്ധിക്കേണ്ടത് രാജ്യത്ത് 2014 -ന് ശേഷമുണ്ടായ വലിയ രാഷ്‌ട്രീയ മാറ്റമാണ്; നരേന്ദ്ര മോദി പ്രധാനമന്ത്രിയായത്; അതിനപ്പുറം ബിജെപിക്ക് തനിച്ച് ലോകസഭയില്‍ ഭൂരിപക്ഷം ലഭിച്ചത്. ലോകസഭയില്‍ പ്രതിപക്ഷ നേതൃത്വ പദവി കരസ്ഥമാക്കാന്‍ തക്കവിധത്തില്‍ എംപിമാരെ വിജയിപ്പിക്കാന്‍ പോലും മുഖ്യ പ്രതിപക്ഷ കക്ഷിക്ക് കഴിഞ്ഞില്ല. പിന്നീടങ്ങോട്ട് ഒരു തരത്തില്‍ തികഞ്ഞ നിഷേധാത്മക സമീപനമാണ് ഇന്ത്യന്‍ പ്രതിപക്ഷം സ്വീകരിച്ചത്. രാജ്യത്തെ മുന്നോട്ട് പോകാന്‍ അനുവദിക്കില്ല എന്ന നിലപാട്. അതിനൊപ്പം കാണേണ്ടതാണ് ചിലരുടെ ‘താലിബാന്‍ മനസ്ഥിതി’.
പുതിയ താലിബാനുകള്‍
ഇക്കൂട്ടര്‍ക്ക് ഒരു സംഘടനാ ശേഷിയുമില്ല; ജനപിന്തുണയില്ല. എന്തെങ്കിലും നിഷ്ഠയോ ചിന്താഗതിയോ ഉണ്ടെന്നു പറഞ്ഞുകൂടതാനും. ചില ചെറു ആള്‍ക്കൂട്ടങ്ങള്‍. കവലകളില്‍ നിന്ന് ആര് എന്ത് കോമാളിത്തരം കാട്ടിയാലും കുറേപ്പേര്‍ ഓടിക്കൂടുമല്ലോ; അത്രേയുള്ളൂ. അവര്‍ക്ക് ഇന്ത്യയില്‍ ഒരു ഗ്രാമ പഞ്ചായത്തില്‍ പോലും തനിയെ ഭരണം കയ്യാളാന്‍ കഴിയുകയില്ല. അതിനുള്ള ശേഷിയില്ല. പക്ഷെ അവര്‍ക്ക് പണം കിട്ടുന്നു, ആയുധങ്ങള്‍ ലഭിക്കുന്നു അപകടകാരികളായ ചിലരിലേക്ക് അതൊക്കെ എത്തിപ്പെടുന്നു. ചില വേളകളില്‍ അവര്‍ക്ക് രാഷ്‌ട്രീയ സംരക്ഷണവും കിട്ടിയിട്ടുണ്ട്. കശ്മീരിലെയും മറ്റും ചരിത്രം അതാണല്ലോ പഠിപ്പിക്കുന്നത്. ഇന്നതൊക്കെ ഏറെക്കുറെ ഇല്ലാതായി. രാഷ്‌ട്രീയ കവചം അവര്‍ക്ക് കൈമോശം വന്നു. അവരുടെ നേര്‍ക്ക് ഇന്റലിജന്‍സ് കേന്ദ്രങ്ങളുടെ കണ്ണുകള്‍ സദാ പതിക്കുന്നുണ്ട്. നരേന്ദ്ര മോദി സര്‍ക്കാര്‍ അധികാരത്തിലേറിയ ശേഷം ഇക്കൂട്ടര്‍ ആദ്യമായി പരീക്ഷിച്ചത് ഭീമ കൊറേഗാവിലാണ്. അതിലെ കരുനീക്കങ്ങള്‍ തിരിച്ചറിയാന്‍ സര്‍ക്കാരിന് സാധിച്ചു. പിന്നീട് നാം കണ്ടത് സിഎഎ വിരുദ്ധ സമരത്തിലാണ്. ഡല്‍ഹിയിലും മറ്റും ഉയര്‍ന്നുകേട്ട ആസാദി മുദ്രാവാക്യങ്ങള്‍ ഓര്‍ക്കുക. വിഘടന വാദത്തിന്റെ സൂചനകളാണ് അവര്‍ നല്‍കിയത്. ദല്‍ഹിയില്‍ ഒരു കലാപത്തിന് അവര്‍ക്ക് സാധിച്ചുവെങ്കിലും അടിച്ചമര്‍ത്തപ്പെട്ടു. അവരൊക്കെയിപ്പോള്‍ മറ്റൊരു കലാപത്തെക്കുറിച്ചു ചിന്തിക്കാന്‍ പോലുമാവാത്ത സ്ഥിതിയിലാണ്.
എന്നാല്‍ അക്കൂട്ടര്‍ അടങ്ങിയിരിക്കുന്നു എന്നല്ല; അടുത്തകാലത്ത് നമ്മുടെ കോടതികളിലെത്തിയ പൊതുതാത്പര്യ ഹര്‍ജികള്‍ പരിശോധിക്കുക. കേന്ദ്ര സര്‍ക്കാര്‍ രാജ്യതാല്പര്യവും ജനക്ഷേമവും പരിഗണിച്ചെടുക്കുന്ന ഓരോ തീരുമാനത്തെയും വളച്ചൊടിക്കാനും ചോദ്യം ചെയ്യാനും മുതിരുന്നു. രാജ്യത്താകെ ആശയക്കുഴപ്പമുണ്ടാക്കാനും ശ്രമം നടക്കുന്നുണ്ട്. വിദേശ ഫണ്ടിങ്, ആധാര്‍, റഫാല്‍ വിമാന ഇടപാട്, അനുഛേദം- 370 എടുത്തുകളഞ്ഞത്, കാര്‍ഷിക നിയമ പരിഷ്‌കാരങ്ങള്‍, പിന്നെ ഇല്ലാത്ത വിഷയങ്ങളുടെ പേരില്‍ ഉണ്ടാക്കുന്ന വിവാദങ്ങള്‍, ഫോണ്‍ ചോര്‍ത്തലടക്കമുള്ളവ. ഇതിനൊക്കെ പിന്നില്‍ പ്രതിപക്ഷത്തെ ചിലരാണ്. അതിനൊപ്പമുള്ളത് ചില അര്‍ബന്‍ നക്‌സലുകളും ജിഹാദി താല്പര്യക്കാരും. പഴയതുപോലെ കലാപത്തിനുള്ള ശ്രമങ്ങള്‍ നടത്താന്‍ പോലുമാവാത്ത അവസ്ഥയിലായവര്‍ കോടതിയിലൂടെ രാജ്യത്ത് അസ്വാസ്ഥ്യമുണ്ടാക്കാന്‍ ശ്രമിക്കുന്നു എന്ന ഒരു പൊതു തോന്നലുണ്ടാവുന്നു. കോടതിയില്‍ ഏതെങ്കിലും വിഷയം പരിഗണനക്ക് ഇരിക്കുമ്പോള്‍ അതിനെ സംശയിച്ചുകൂടാ; ആക്ഷേപിച്ചും കൂടാ. അതാണ് ധാര്‍മ്മികമായ നിലപാട്.
ഡാനിഷ് സിദ്ദിഖിയുടെ ഘാതകരെ മറന്നവര്‍
ഇത് പൊതുരംഗത്ത് മാത്രമല്ല മാധ്യമ രംഗത്തുമുണ്ട്. രാഷ്‌ട്രീയ പ്രവര്‍ത്തകരേക്കാള്‍ കൂടുതലുള്ളത് മാധ്യമ രംഗത്താണോ എന്നും കരുതേണ്ടിവരുന്നു. ഭീകരതയുടെ മനോഭാവം തലയിലേറ്റിയ എത്രയോ മാധ്യമ പ്രവര്‍ത്തകരെ ഇന്ത്യക്ക് പരിചയമുണ്ടല്ലോ. ‘പോഷ് ‘ സംസ്‌കാരത്തിനുടമകളാണ് അവരിലേറെയും. കള്ളക്കഥകള്‍ രചിച്ച് ഇന്ത്യയെ വിദേശത്ത് അപകീര്‍ത്തിപ്പെടുത്താന്‍ ശ്രമിക്കുന്നവര്‍. ഇല്ലാത്ത കഥകളുമായി വിദേശത്ത് ഇന്ത്യയിലെ തന്നെ ഒരു കൂട്ടരെ വാനോളം പുകഴ്‌ത്താനും അവര്‍ ശ്രമിക്കാറുണ്ട്.
ഇംഗ്ലീഷില്‍ സെലെക്ടിവ് ജേര്‍ണലിസം എന്നാണ് പറയാനാവുക. ശ്രദ്ധിച്ചാല്‍, അത്ര വലിയ ജോലിയൊന്നുമില്ല. ചിലര്‍ കോളമിസ്റ്റുകള്‍ എന്ന ഭാവേന നടക്കുന്നു; വിദേശത്തുള്ള പത്രങ്ങള്‍ മാസികകള്‍ എന്നിവ ഒരു മാസത്തില്‍ ഒന്നിലേറെ ലേഖനങ്ങള്‍ പ്രസിദ്ധീകരിക്കാറുണ്ടാവില്ല. പിന്നെങ്ങിനെ ഇവര്‍ തഴച്ചുവളരുന്നു എന്നത് പഠനത്തിന് വിധേയമാക്കേണ്ട വിഷയമാണ്. ഗംഗയിലൂടെ മൃതദേഹങ്ങള്‍ ഒഴുകി നടന്നതും, ഡല്‍ഹിയിലെ പൊതുശ്മശാനത്തില്‍ മൃതദേഹങ്ങള്‍ സംസ്‌കരിക്കാന്‍ കഴിയാത്തതുമൊക്കെ വ്യാജമാണെന്ന് അറിഞ്ഞുകൊണ്ട് ആഗോള തലത്തിലെത്തിച്ച മാധ്യമ രംഗത്തെ പ്രമുഖര്‍. ഭീകരാക്രമണ കാലത്തും കാര്‍ഗില്‍ യുദ്ധവേളയിലുമൊക്കെ പോരാട്ടമുഖത്ത് പോയി ഇന്ത്യയുടെ ഓരോ നീക്കവും ലൈവ് സംപ്രേഷണം ചെയ്തവര്‍ ആര്‍ക്കുവേണ്ടിയാണ് പ്രവര്‍ത്തിച്ചത്. കശ്മീരില്‍ പാക് ഭീകരതക്ക് നേതൃത്വമേകിയ ബുര്‍ഹാന്‍ വാനിയുമൊത്ത് ‘അഭിമാനത്തോടെ’ യാത്രചെയ്തവരെയും നാം കണ്ടു. അവരെക്കുറിച്ചൊക്കെ ഇപ്പോള്‍ പറയേണ്ടിവന്നത്, അവരൊക്കെ ഇന്ന് താലിബാന്റെ ആരാധകരായി രംഗത്തുവരുന്നു എന്നതുകൊണ്ടാണ്. അടിത്തറയില്ലാത്തവരെങ്കിലും താലിബാന്‍ മനസ്സുള്ള ഇക്കൂട്ടരാണ് ഇന്നിപ്പോള്‍ ഇന്ത്യന്‍ ഭരണകൂടത്തിന്റെ ശ്രദ്ധാകേന്ദ്രമാവേണ്ടവര്‍.
മറ്റൊരു ദുഃഖം കൂടി ഇവിടെ പങ്കുവെക്കേണ്ടതുണ്ട്. അടുത്തകാലത്താണ് ഒരു ഇന്ത്യന്‍ മാധ്യമ സുഹൃത്ത് അഫ്ഗാനിസ്ഥാനില്‍ മരണമടയുന്നത്, ഡാനിഷ് സിദ്ദിഖി. നല്ല ഫോട്ടോഗ്രാഫര്‍; പുലിറ്റ്‌സര്‍ പുരസ്‌കാര ജേതാവ്. ആരാണ് അദ്ദേഹത്തെ അഫ്ഗാനിലേക്ക് എത്തിച്ചത് എന്നതറിയില്ല. എന്നാല്‍ അദ്ദേഹം മരണമടഞ്ഞു. സ്വാഭാവികമായും മേല്‍സൂചിപ്പിച്ച ഗണത്തില്‍പ്പെട്ട മാധ്യമ സുഹൃത്തുക്കളുള്‍പ്പടെ വല്ലാത്ത ദു: ഖവും വേദനയുമൊക്കെ പ്രകടിപ്പിച്ചു. പാക് അതിര്‍ത്തിയില്‍ അഫ്ഗാന്‍ – താലിബാന്‍ ഏറ്റുമുട്ടല്‍ നടക്കവേ കൊല്ലപ്പെട്ടു എന്നതായിരുന്നു ആദ്യം പുറത്തുവന്ന വാര്‍ത്ത. പിന്നീട് അതല്ല നടന്നത് എന്നും അവിടെ ഒരു മുസ്ലിം പള്ളിയില്‍ ഉണ്ടായിരുന്ന ഡാനിഷ് സിദ്ദിഖിയെ താലിബാന്‍കാര്‍ വിളിച്ചിറക്കി മൃഗീയമായി കൊലപ്പെടുത്തുകയായിരുന്നു എന്നത് പുറത്തുവന്നു. പക്ഷെ മാധ്യമ സമൂഹത്തിലെ ഒരാളെങ്കിലും അതിനോട് പ്രതികരിക്കണ്ടേ? അദ്ദേഹത്തിന്റെ ദാരുണ മരണത്തില്‍ ദുഃഖിച്ചവര്‍ക്ക് പിന്നീട് കേട്ട വിവരത്തോട് പ്രതികരിക്കേണ്ട ദൗത്യമുണ്ടായിരുന്നല്ലോ.
പക്ഷെ മിണ്ടിയില്ല. നമ്മുടെ മാധ്യമ നേതാക്കള്‍, എഡിറ്റേഴ്‌സ് ഗില്‍ഡിനെപ്പോലുള്ളവര്‍ ഒരു വാക്കെങ്കിലും അദ്ദേഹത്തെ മൃഗീയമായി വധിച്ച താലിബാന്‍ എന്ന ഭീകര പ്രസ്ഥാനത്തിനെതിരെ പറഞ്ഞിരുന്നുവെങ്കില്‍! ഉണ്ടായില്ല. താലിബാന്‍ വധിച്ചതാണ് എന്ന് കേട്ടതോടെ അവരൊക്കെ വായടച്ചു.
യുപിയില്‍ സൈക്കിള്‍ മുട്ടി ഒരു മാധ്യമ പ്രവര്‍ത്തകന് പരിക്കേറ്റാല്‍ പോലും ഉറഞ്ഞുതുള്ളുന്ന ആള്‍ക്കാരാണ് ഇക്കൂട്ടര്‍. എന്തൊരു ഗതികേടാണ് ഇവരുടേത്? ഇതാണ് ഞാന്‍ സൂചിപ്പിച്ചത്, ചിലര്‍ക്കൊക്കെ ഇവിടെ താലിബാന്റെ മനസാണ്.രാഷ്‌ട്രീയക്കാരില്‍ മാത്രമല്ല മാധ്യമ സുഹൃത്തുക്കളിലുമുണ്ട് അത്തരക്കാര്‍. അവരാണിന്ന് ഭാരതത്തിന്റെ ഭാരം, അവരാണിന്ന് ഭാരതത്തിന്റെ പ്രശ്‌നം. അല്ലാതെ യഥാര്‍ത്ഥ താലിബാനല്ല. അവര്‍ക്കിവിടെ കടന്നുവരാനാവുകയില്ല. കാരണം നരേന്ദ്രമോദിയുടെ സര്‍ക്കാരാണ് ഇവിടെയുള്ളത്. അവര്‍ക്കത് അറിയുകയും ചെയ്യാം
പ്രതികരിക്കാൻ ഇവിടെ എഴുതുക: