തിരുവനന്തപുരം: സംസ്ഥാനത്തെ സുപ്രധാന വികസനപദ്ധതികളുടെ സ്ഥലമേറ്റെടുപ്പില് പൊന്നുംവില നിര്‍ണയത്തില്‍ സ്വാധീനം ചെലുത്താന്‍ മാഫിയാസംഘം. വിലനിര്‍ണയം നടത്തുന്ന സ്പെഷ്യല്‍ തഹസില്‍ദാര്‍മാരെ സ്വാധീനിച്ചും വഴങ്ങാത്തവരെ ഭീഷണിപ്പെടുത്തിയും പൊന്നുംവില നിര്‍ണയത്തില്‍ ഉടമകള്‍ക്ക് വന്‍നേട്ടം ലഭ്യമാക്കി നല്കുന്ന സംഘങ്ങള്‍ സജീവമാകുന്നു. ചില അഭിഭാഷകരും വിരമിച്ച റവന്യു ഉന്നതരുമൊക്കെയാണ് ഇത്തരം ഇടപെടല്‍ നടത്തുന്നത്. പൊന്നുംവില നിര്‍ണയത്തിന് പുതിയ മാനദണ്ഡമനുസരിച്ച് ഏറ്റെടുക്കുന്ന ഭൂമിക്ക് സമാനമായ പ്രദേശത്തെ മറ്റു സ്ഥലങ്ങളുടെ വിലയാധാരം പരിശോധിച്ച് ശരാശരി വില കണ്ടെത്തുകയാണ് രീതി. ഇങ്ങനെ പരിഗണിക്കുന്ന ആധാരങ്ങളില്‍ ഏറ്റവും കൂടുതല്‍ വിലയുള്ളവ മാത്രം പരിഗണിച്ച് ശരാശരി നിര്‍ണയിക്കുന്നതിനും നഷ്ടപരിഹാര തുക കൃത്യമായ രേഖകളുടെ അഭാവത്തില്‍ നല്‍കാനും ഒക്കെയാണ് സ്വാധീനം ചെലുത്തുക. ഇത്തരത്തില്‍ ചില കേസുകളില്‍ കോടികളുടെ നഷ്ടമാണ് ഭൂമി ഏറ്റെടുക്കലില്‍ സര്‍ക്കാരിന് ഉണ്ടാകുന്നത്.
പ്രലോഭനങ്ങള്‍ക്ക് വഴങ്ങാത്ത ഉദ്യോഗസ്ഥരെ തങ്ങളുടെ വഴിക്ക് കൊണ്ടുവരാന്‍ പ്രത്യേക സംഘങ്ങള്‍ തന്നെയുണ്ട്. അടുത്തിടെ ഹൈക്കോടതി അഡീഷണല്‍ എജിയുടെ പേര് പറഞ്ഞത് നെടുമ്പാശേരി പൊന്നുംവില സ്പെഷ്യല്‍ തഹസില്‍ദാറെ ഫോണില്‍ ഭീഷണിപ്പെടുത്തിയ സംഭവമുണ്ടായി. ഇതിന്റെ ശബ്ദരേഖ പുറത്തായിട്ടുണ്ട്. ഭൂമിയുടെ നഷ്ടപരിഹാരം നല്കുന്ന വിഷയത്തില്‍ അഡ്വ. വില്‍സണ്‍ എന്ന് പേരുള്ള ഹൈക്കോടതി അഭിഭാഷകനെന്ന് പരിചയപ്പെടുത്തുന്ന വ്യക്തിയാണ് അഡീഷ ണല്‍ എജിയുടെ പേരു പറഞ്ഞ് തഹസില്‍ദാറെ ഭീഷണിപ്പെടുത്തിയത്.
സീ പോര്‍ട്ട് എയര്‍പോര്‍ട്ട് റോഡിന് വേണ്ടി ചൊവ്വര വില്ലേജിലെ തുരുത്ത് പാലത്തിന്റെ അപ്രോച്ച് റോഡിന് വേണ്ടി 2012 ല്‍ നോട്ടിഫിക്കേഷന്‍ ചെയ്ത ഭൂമി 2016ല്‍ സര്‍ക്കാര്‍ ഏറ്റെടുത്തിരുന്നു. ഈ ഭൂമി സര്‍ക്കാര്‍ രേഖകളില്‍ മിച്ചഭൂമി ആയിരുന്നു. റോഡ് നിര്‍മാണം എല്ലാം കഴിഞ്ഞ ഈ ഭൂമിക്ക് 2018 ല്‍ ഉടമസ്ഥര്‍ പട്ടയം വാങ്ങി. നാലു കോടി രൂപയോളം നഷ്ടപരിഹാരം നിശ്ചയിച്ച ഈ ഭൂമിയുടെ ഒറിജനല്‍ ആധാരവും അനുബന്ധ രേഖകളും ഹാജരാക്കാത്തത് കൊണ്ട് ഈ തുക കോടതിയില്‍ കെട്ടിവെക്കുന്ന നടപടികളും ആയി തഹസില്‍ദാര്‍ മുന്നോട്ട് പോകുകയാണ് എന്ന് അറിഞ്ഞപ്പോഴാണ് സമ്മര്‍ദവുമായി അഭിഭാഷകന് തഹസില്‍ദാറെ സമീപിക്കുന്നത്. ഈ നഷ്ടപരിഹാര തുക കൃത്യമായ രേഖകളുടെ അഭാവത്തില്‍ ഇവര്‍ക്ക് കോടതിയില്‍ കെട്ടിവെയ്ക്കാതെ നിയമവിരുദ്ധമായി നേരിട്ട് നല്‍കണം എന്നതായിരുന്നു ആവശ്യം. ഇതിനു അനുകൂല മറുപടി ലഭിക്കാതായതോടെയാണ് അഡീഷണല്‍ എജിയുടെ ഓഫീസിന്റെ പേരില്‍ ഭീഷണി മുഴക്കിയത്. ഈ ശബ്ദരേഖയാണ് പുറത്തായത്. ഇത്തരത്തില്‍ വഴങ്ങാത്ത ഉദ്യോഗസ്ഥര്‍ക്കെതിരെ ഉദ്യോഗസ്ഥതലത്തില്‍ തന്നെ സമ്മര്‍ദം ചെലുത്താനുള്ള ശേഷിയും ഇത്തരം സംഘങ്ങള്‍ക്കുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: