കോട്ടയം: മാസ്‌ക് ധരിക്കാത്തതിന്റെ പേരില്‍ രോഗിയുടെ ഭര്‍ത്താവിനെ ഹൈവേ പോലീസ് ക്രൂരമായി മര്‍ദ്ദിച്ചതായി പരാതി. ഇന്നലെ രാവിലെ 10 30 നോടു കൂടി കോട്ടയം മെഡിക്കല്‍ കോളേജിലാണ് സംഭവം. കോട്ടയം പള്ളം കരുണാലയം വീട്ടില്‍ അജി (45)ക്കാണ് മര്‍ദ്ദനമേറ്റത്. അജിയുടെ ഭാര്യ കുമാരനല്ലൂര്‍ സ്വദേശിനിയായ 42 കാരി മെഡിക്കല്‍ കോളജ് ഗൈനക്കോളജി വിഭാഗത്തില്‍ ഗര്‍ഭപാത്രസംബന്ധമായി ചികിത്സയിലാണ്. ഇവരുടെ സഹായത്തിനായി എത്തിയതായിരുന്നു ഇയാള്‍.
ഭാര്യയുടെ ചികിത്സാ സംബന്ധമായ പരിചരണത്തിനു ശേഷം ഗൈനക്കോളജി മന്ദിരത്തിന്റെ മുന്‍വശമുള്ള സിമിന്റ് ബഞ്ചില്‍ കിടന്നുറങ്ങുകയായിരുന്നു ഇയാള്‍. ഇതിനിടയില്‍ ഭാര്യയുടെ ഫോണ്‍ വന്നതിനെ തുടര്‍ന്ന് എഴുന്നേറ്റ് മുഖം കഴുകുന്നതിനിടയില്‍ ഹൈവേ പോലീസ് ഇവിടേയ്‌ക്ക് വന്നു. തുടര്‍ന്ന് അജിയെ പോലീസ് വാഹനത്തിന് സമീപത്തേയ്‌ക്ക് വിളിപ്പിക്കുകയും മാസ്‌ക്, ധരിക്കാത്തതിന്റെ പേരില്‍ പിഴ അടയ്‌ക്കണമെന്നും പറഞ്ഞു. മാസ്‌ക് ഉണ്ടെന്നും ഉറക്കത്തിനു ശേഷം മുഖം കഴുകുന്നതിനായി മാസ്‌ക് മാറ്റിയതാണെന്നും പിന്നെ എന്തിനാണ് പിഴ അടയ്‌ക്കേണ്ടതെന്നും അജി ചോദിച്ചു. ഇതു പറഞ്ഞയുടന്‍ ക്ഷുഭിതനായ പോലീസ് ഉദ്യോഗസ്ഥന്‍ പോലീസിനെ നിയമം പഠിപ്പിക്കുകയാണോ എന്ന് ചോദിച്ച് അജിയുടെ കഴുത്തിന് കുത്തിപ്പിടിച്ച് പോലീസ് വാഹനത്തിലേയ് തള്ളുകയുമായിരുന്നു.
എന്തു കാര്യത്തിനാണ് തന്നെ പിടിച്ച് ഉപദ്രവിക്കുന്നത് എന്നു ചോദിച്ചെങ്കിലും പോലീസ് വാഹനത്തിലേയ്‌ക്ക് ബലമായി പിടിച്ചു കയറ്റുകയായിരുന്നു. കയറ്റുന്നതിനിടയില്‍ പോലീസ് വാഹനത്തിന്റെ ഡോറിനിടയില്‍ ഇയാളുടെ ഇടത് കാല്‍ കുടുങ്ങി. വേദന കൊണ്ട് നിലവിളിച്ചെങ്കിലും ഇതൊന്നു വകവയ്‌ക്കാതെ പോലീസ് വീണ്ടും മൂന്നു തവണ കൂടി വാഹനത്തിന്റെ ഡോര്‍ വലിച്ചടയ്കുകയാണു ചെയ്തത്. ഇതു ശ്രദ്ധിക്കാതെ അജിയെ ഗാന്ധിനഗര്‍ സ്റ്റേഷനിലെത്തിക്കുകയും പിന്നീട് ഇയാളെ പറഞ്ഞു വിടുകയും ചെയ്തു. തന്നെ മര്‍ദ്ദിച്ച പോലീസ് ഉദ്യോഗസ്ഥനെതിരെ, മുഖ്യമന്ത്രി, ആരോഗ്യ മന്ത്രി, ഡിജിപി എന്നിവര്‍ക്ക് പരാതി നല്‍കുമെന്ന് അജി പറഞ്ഞു. താന്‍ മദ്യപിക്കുകയോ, പുകവലിക്കുകയോ ചെയ്യുന്ന ആളെല്ലന്നും ഇയാള്‍ പറയുന്നു. പിന്നീട് ആശുപത്രിയില്‍ പ്രവേശിപ്പിച്ച ഇയാളുടെ പരിക്കേറ്റ ഇടതു കാലിന് പ്ലാസ്റ്റര്‍ ഇടുകയും ചെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: