മട്ടാഞ്ചേരി: പതിനാല് പേരുടെ ജീവന് അപഹരിച്ച ഫോര്‍ട്ട്കൊച്ചി-വൈപ്പിന്‍ ബോട്ട് ദുരന്തത്തിന് നാളെ ആറ് വയസ് തികയും. 2015ലെ ഓണക്കാലത്താണ് വൈപ്പിനില്‍ നിന്ന് ഫോര്‍ട്ട്കൊച്ചിയിലേക്ക് വരികയായിരുന്ന കൊച്ചി നഗരസഭയുടെ എംബി ഭാരത് യാത്രാ ബോട്ടാണ് പകടത്തില്‍പ്പെട്ടത്. സമീപത്തെ പെട്രോള്‍ പമ്പില്‍ നിന്ന് ഇന്ധനം നിറച്ച് അമിത വേഗതയില്‍ അലക്ഷ്യമായി എത്തിയ മത്സ്യ ബന്ധനയാനം യാത്ര ബോട്ടിനെ ഇടിക്കുകയായിരുന്നു.
ഇടിയുടെ ആഘാതത്തില്‍ ബോട്ട് തകര്‍ന്ന് കൊച്ചി അഴിമുഖത്ത് മുങ്ങി താഴുകയായിരുന്നു. ഏകദേശം 45 യാത്രക്കാരാണ് ബോട്ടിലുണ്ടായിരുന്നത്. ഇതില്‍ പതിനാല് പേരാണ് മരിച്ചത്. എല്ലാവരും ഓണാഘോഷത്തില്‍ മുഴുകിയിരിക്കെയുണ്ടായ അപകടം കൊച്ചിയെ ശോകമൂകമാക്കി. വിദേശികളും നാട്ടുകാരും ഒറ്റക്കെട്ടായി രക്ഷാപ്രവര്‍ത്തനത്തിന് നേതൃത്വം നല്കിയ അപകടമായിരുന്നു ഫോര്‍ട്ട്കൊച്ചി ബോട്ട് ദുരന്തം. ബോട്ടിന്റെ കാലപ്പഴക്കത്തെ സംബന്ധിച്ചും വലിയ വിവാദമുണ്ടായിരുന്നു. അപകടത്തെ സംബന്ധിച്ച് അന്വേഷിക്കാന്‍ സര്‍ക്കാര്‍ കമ്മീഷനേയും നിയോഗിച്ചിരുന്നു. അപകടത്തില്‍ മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് സര്‍ക്കാര്‍ അഞ്ച് ലക്ഷം രൂപയും നഗരസഭ രണ്ട് ലക്ഷം രൂപയും നഷ്ട പരിഹാരം നല്കി. പരിക്കേറ്റവര്‍ക്ക് ചികിത്സ സഹായമായി പതിനായിരം രൂപയും ഗുരുതരമായി പരിക്കേറ്റ രണ്ട് പേര്‍ക്ക് രണ്ട് ലക്ഷം രൂപയും നഗരസഭ നല്കി.
എന്നാല്‍, സര്‍ക്കാര്‍ ആശ്രിതര്‍ക്ക് ജോലി നല്‍കാമെന്ന് വാഗ്ദാനം നല്‍കിയെങ്കിലും നടപടിയുണ്ടായില്ല. വെസ്റ്റ് മാന്ത്ര റെസിഡന്‍സ് ഡെവലെപ്മെന്റ് അസോസിയേഷന് മുഖ്യമന്ത്രിക്ക് നിവേദനം നല്കി. തുടര്‍ന്ന് കൊച്ചി തഹസില്‍ദാര്‍ നടത്തിയ അന്വേഷണത്തില്‍ ആശ്രിതര്‍ക്ക് ജോലി നല്‍കാമെന്ന് സര്‍ക്കാര്‍ ഉറപ്പ് നല്‍കിയിരുന്നതായും അത് നല്‍കിയിട്ടില്ലെന്നും വിവരം ലഭിച്ചു. സര്‍ക്കാര്‍ വാഗ്ദാനം നടപ്പാകുമെന്ന പ്രതീക്ഷയിലാണ് ദുരന്തത്തില്‍ മരിച്ചവരുടെ ആശ്രിതര്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: