മുംബൈ : കേന്ദ്രമന്ത്രി നാരായണ്‍ റാണെയെ അറസ്റ്റ് ചെയ്തത് നടപടിക്രമങ്ങള്‍ പാലിക്കാതെയെന്ന് പോലീസിനെതിരെ രൂക്ഷ വിമര്‍ശനവുമായി മഹാഡ് കോടതി. ശിവസേന നേതാവ് ഉദ്ധവ് താക്കറെയ്ക്കെതിരെ പരാമര്‍ശം നടത്തിയെന്ന് ആരോപിച്ചാണ് കേന്ദ്രമന്ത്രി റാണെയെ രത്നഗിരി പോലീസ് കഴിഞ്ഞ ദിവസം അറസറ്റ് ചെയ്തത്.
കേന്ദ്രമന്ത്രിയെ അറസ്റ്റ് ചെയ്യുന്നതിന് മുമ്പായി പാലിക്കേണ്ട ഒരു നടപടികളും രത്നഗിരി പോലീസ് പാലിച്ചിട്ടില്ലെന്ന് കോടതി ചൂണ്ടിക്കാട്ടി. കേസ് അന്വേഷണത്തിന്റെ ഭാഗമായി കേന്ദ്രമന്ത്രിയുടെ ശബ്ദ സാമ്പിള്‍ ശേഖരിക്കുന്നതിന് ഏഴ് ദിവസം മുമ്പ് നോട്ടീസ് നല്‍കാനും ആവശ്യപ്പെട്ടിട്ടുണ്ട്.
ചൊവ്വാഴ്ചയാണ് ഉദ്ദവ് താക്കറെയ്ക്കെതിരെ പരാമര്‍ശം നടത്തിയെന്ന് ആരോപിച്ച് പോലീസ് റാണെയെ അറസ്റ്റ് ചെയ്യുന്നത്. തുടര്‍ന്ന് രാത്രി വൈകി മഹാഡ് ഫസ്റ്റ്ക്ലാസ് മജിസ്ട്രേറ്റ് കോടതി ജാമ്യം അനുവദിക്കുകയും ചെയ്തിരുന്നു. തിങ്കളാഴ്ചയും സെപ്തംബറിലെ ആദ്യ തിങ്കളാഴ്ചയും അന്വേഷണ സംഘത്തിന് മുന്നില്‍ ഹാജരാകണമെന്ന ഉപാധിയോടെയാണ് ജാമ്യം നല്‍കിയത്.
മഹാരാഷ്ട്ര പോലീസ് രജിസ്റ്റര്‍ ചെയ്ത കേസുകളും എഫ്ഐആറും റദ്ദാക്കണമെന്നാവശ്യപ്പെട്ട് കേന്ദ്രമന്ത്രി നാരായണ്‍ റാണെ ഇന്ന് ബോംബെ ഹൈക്കോടതിയെ സമീപിക്കും. ഉദ്ധവ് താക്കറെയ്ക്കെതിരെ പരാമര്‍ശം നടത്തിയെന്ന് ആരോപിച്ച് 4 കേസുകളാണ് റാണെക്കെതിരെ രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. ഇതില്‍ ഒരു കേസിലാണ് രത്നഗിരി പോലീസ് അറസ്റ്റ് ചെയ്തത്. മറ്റ് മൂന്ന് കേസുകളില്‍ അറസ്റ്റിനുള്ള സാധ്യത നിലനില്‍ക്കുന്നതിനാല്‍ ഹര്‍ജി അടിയന്തരമായി പരിഗണിക്കണമെന്ന് റാണെ ഹൈക്കോടതിയില്‍ ആവശ്യപ്പെടും. പ്രതിഷേധങ്ങള്‍ കണക്കിലെടുത്ത് റാണെയുടെ മുംബെയിലെ വസതിയ്ക്കും ബിജെപി, ശിവസേന ഓഫീസുകള്‍ക്കും പൊലീസ് സുരക്ഷ ശക്തമാക്കിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: