കാബൂള്‍: അമേരിക്കന്‍ ചാരസംഘടനയായ സിഐഎയുടെ തലവന്‍ വില്യം ജെ ബേണ്‍സ് താലിബാന് നേതാവ് അബ്ദുള്‍ ഗനി ബറാദറുമായി തിങ്കളാഴ്ച കാബൂളില്‍ രഹസ്യ കൂടിക്കാഴ്ച നടത്തി. അഫ്ഗാനിസ്ഥാനില്‍ ഭീകരര്‍ അധികാരം പിടിച്ച് ഒരാഴ്ചയ്ക്കുശേഷം ഇരുവിഭാഗവും തമ്മില്‍ നേരിട്ട് നടത്തിയ ആദ്യ ഉന്നതതല ചര്‍ച്ചയാണ് ഇതെന്ന് പേര് വെളിപ്പെടുത്താത്ത യുഎസ് ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് ‘വാഷിംഗ്ടണ്‍ പോസ്റ്റ്’ റിപ്പോര്‍ട്ട് ചെയ്തു. ‘ചരിത്രത്തിലെ ഏറ്റവും ദുഷ്കരവും, ദൈര്‍ഘ്യമേറിയതും’ എന്ന് യുഎസ് പ്രസിഡന്റ് ജോ ബൈഡന് തന്നെ വിശേഷിപ്പിച്ച കാബൂള്‍ വിമാനത്താവളത്തില്‍നിന്നുള്ള ആളുകളുടെ ഒഴിപ്പിക്കല്‍ തുടരുന്നതിനിടെയാണ് ചാരസംഘടനയുടെ മുതിര്‍ന്ന ഉദ്യോഗസ്ഥനെ തന്നെ അഫ്ഗാനിസ്ഥാനിലേക്ക് അയയ്ക്കാനുള്ള യുഎസ് ഭരണകൂടത്തിന്റെ തീരുമാനം.
എന്നാല്‍ കൂടിക്കാഴ്ചയെക്കുറിച്ച് സിഐഎ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല. യുഎസ് പൗരന്മാരെയും അഫ്ഗാന് പങ്കാളികളെയും ഒഴിപ്പിക്കാന്‍ ഓഗസ്റ്റ് 31 വരെ യുഎസ് സൈന്യത്തിന് നിശ്ചയിച്ചിരിക്കുന്ന സമയപരിധി ഉടന്‍ അവസാനിക്കാനിരിക്കെ, ഇക്കാര്യം ചര്‍ച്ച ചെയ്തിരിക്കാമെന്നും ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് പോസ്റ്റ് റിപ്പോര്‍ട്ടില്‍ പറയുന്നു. താലിബാന്റെ ഭരണത്തില്‍നിന്ന് സുരക്ഷിതമായ അകലം പാലിക്കാന്‍ രാജ്യംവിടാന്‍ ശ്രമിക്കുന്ന പരിഭ്രാന്തരായ ജനങ്ങളുടെയും ആയിരക്കണക്കിന് യുഎസ് പൗരന്മാരുടെയും പാശ്ചാത്യ രാജ്യങ്ങളില്‍ നിന്നുള്ളവരുടെയും ഒഴിപ്പിക്കല്‍ നടപടികളെ സഹായിക്കാന്‍ ഓഗസ്റ്റ് 31ന് ശേഷവും യുഎസ് സൈന്യത്തിന്റെ സാന്നിധ്യമുണ്ടാകണമെന്ന സമ്മര്‍ദം സഖ്യരാജ്യങ്ങളില്‍നിന്ന് ബൈഡന് ഭരണകൂടം നേരിടുന്നുണ്ട്.
ചൊവ്വാഴ്ച നടക്കുന്ന ജി ഏഴ് രാജ്യങ്ങളുടെ യോഗത്തിലും ഈ വിഷയം ചര്‍ച്ചയ്ക്ക് വരും. യുഎസിന്റെ നേതൃത്വത്തിലുള്ള സൈന്യത്തെ പിന്‍വലിക്കാന്‍ ഓഗസ്റ്റിന് ശേഷവും അമേരിക്കയും യുകെയും സമയം നീട്ടി ചോദിച്ചാല്‍ ‘പ്രത്യാഘാതങ്ങള്‍’ ഉണ്ടാകുമെന്ന് താലിബാന് വക്താവ് തിങ്കളാഴ്ച മുന്നറിയിപ്പ് നല്‍കിയിരുന്നു. എട്ടുവര്‍ഷം പാക്കിസ്ഥാനിലെ ജയിലില്‍ കഴിഞ്ഞ ബറാദര്‍ 2018-ലാണ് മോചിതനായത്. യുഎസുമായി ഖത്തറില്‍ നടന്ന സമാധാന ചര്‍ച്ചയില്‍ പ്രധാന മധ്യസ്ഥന്‍ ഇയാളായിരുന്നു. ഈ ചര്‍ച്ചയിലാണ് യുഎസ് സൈന്യത്തെ പിന്‍വലിക്കുന്നത് സംബന്ധിച്ച ധാരണയിലെത്തിയത്. താലിബാന്റെ സ്ഥാപകനായ പരമോന്നത നേതാവ് മുഹമ്മദ് ഒമറുമായി അടുത്ത സൗഹൃദം പുലര്‍ത്തുന്ന ബറാദര്‍ക്ക് ഭീകരസംഘടനയില്‍ നിര്‍ണായക സ്വാധീനമുണ്ടെന്ന് കരുതപ്പെടുന്നു. ഈ വര്‍ഷം ഏപ്രിലിലും ബേണ്‍സ് ആരെയും അറിയിക്കാതെ അഫ്ഗാനിലെത്തിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: