കൊല്ലം: സംസ്ഥാനത്ത് കൊവിഡ് ലോക്ഡൗണ്‍ സൃഷ്‌ടിച്ച ആഘാതം മൂലമുളള മറ്റൊരു ആത്മഹത്യ കൂടി. കൊല്ലത്ത് ലൈറ്റ് ആന്റ് സൗണ്ട് ഉടമ ആത്മഹത്യ ചെയ്‌തു. കുണ്ടറ കൈതക്കോട് കല്ലു സൗണ്ട്സ് ഉടമയായ സുമേഷാണ് തിങ്കളാഴ്‌ച ഉച്ചയോടെ ആത്മഹത്യ ചെയ്‌തത്.
ലോക്ഡൗണ്‍ മൂലം വരുമാനം നിലച്ചതോടെ സാമ്പത്തിക ബുദ്ധിമുട്ടിലായിരുന്നു സുമേഷ്. സ്വന്തം പേരിലും ഭാര്യയുടെ പേരിലുമുളള വസ്‌തു ഈട് നല്‍കി വായ്‌പയെടുത്താണ് സ്ഥാപനം നടത്തിയിരുന്നത്. രണ്ടു ബാങ്കുകളിൽ നിന്നുമായിരുന്നു വായ്‌പ എടുത്തിരുന്നത്. തിരിച്ചടവ് മുടങ്ങിയതോടെ വലിയ സാമ്പത്തിക പ്രയാസമുണ്ടായി. ഇതാണ് ആത്മഹത്യയ്‌ക്ക് കാരണമായതെന്ന് സുമേഷിന്റെ കുടുംബം പറയുന്നു.
സമീപവാസികളിൽനിന്ന് കടംവാങ്ങിയ പണവും തിരിച്ചുകൊടുക്കാൻ കഴിയാതെ വന്നത് സാഹചര്യം കൂടുതൽ വഷളാക്കി. കൊവിഡ് പ്രതിസന്ധിയെ തുടർന്ന് സംസ്ഥാനത്ത് ലൈറ്റ് ആൻഡ് സൗണ്ട് മേഖലയിൽ ആത്മഹത്യ ചെയ്തവരുടെ എണ്ണം ഇതോടെ ഏഴായി. ലൈറ്റ് ആൻഡ് സൗണ്ട് മേഖലയിലെ തൊഴിലാളികളുടെ പ്രശ്‌നങ്ങൾ നേരത്തെ സർക്കാരിന്റെ ശ്രദ്ധയിൽ പെടുത്തിയിരുന്നെങ്കിലും ആവശ്യമായ നടപടി ഉണ്ടായില്ലെന്ന് കുണ്ടറ എം.എൽ.എ പി.സി വിഷ്ണുനാഥ് ആരോപിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: