ലൈബ്രറി കൗണ്‍സിലിന്റെ നേതൃത്വത്തില്‍ നടന്ന മാപ്പിള ലഹളയുടെ നൂറാംവാര്‍ഷിക ചടങ്ങില്‍ വാരിയന്കുന്നന് ഹാജിയെ ഭഗത്സിംഗായി ഉപമിച്ചതിലൂടെ സ്വാതന്ത്ര്യസമരസേനാനികളെയും ഭഗത്സിംഗിനെയും സ്പീക്കര്‍ എം.ബി. രാജേഷ് അപമാനിച്ചിരിക്കുകയാണ്. മതരാഷ്ട്രീയത്തിന്റെ ഉപ്പും ചോറും കുഴച്ച് രാഷ്ട്രീയവിജയം നേടിയതിലൂടെ തികട്ടി വരുന്ന വിദ്വേഷ രാഷ്ട്രീയത്തിന്റെ വക്താവായി സ്പീക്കര്‍ അധ:പതിക്കാന്‍ പാടില്ല. മാപ്പിളക്കലാപത്തെപ്പറ്റി പലതരത്തിലുള്ള കാഴ്ചപ്പാടുകള്‍ നിലവിലുണ്ടെങ്കിലും കലാപം ഹിന്ദുവംശഹത്യക്ക് ഇടയാക്കിയെന്നുള്ളത് ചരിത്രയാഥാര്‍ത്ഥ്യമാണ്. സ്വാതന്ത്ര്യസമരമാണെന്നും കര്ഷകലഹളയാണെന്നും കേട്ടറിവിന്റെയടിസ്ഥാനത്തില്‍ നിഗമനങ്ങളിലെത്തിച്ചേര്ന്ന് പ്രീണനത്തിന്റെ താമ്രപത്രം സമര്‍പ്പിച്ചവര്‍ക്കും ഹിന്ദുവംശഹത്യയെ വിസ്മരിക്കാന്‍ കഴിയില്ല. കെ.പി. കേശവമേനോനും, കെ. മാധവന്‍നായരും, കെ. കേളപ്പനും ഗാന്ധിജിയും ആനി ബസന്റുമടങ്ങുന്ന മഹത്വ്യക്തിത്വങ്ങള് മാപ്പിളകലാപത്തിലെ ക്രൂരതയ്ക്കെതിരെ രൂക്ഷമായി പ്രതികരിച്ചത് ഇതിന്റെ തെളിവുകളാണ്. വിശ്വസാഹിത്യകാരനായ തകഴിയും, കുമാരനാശാനും, എസ്.കെ. പൊറ്റക്കാടുമടക്കം പലരുടെയും സാഹിത്യകൃതികളില്‍ കലാപത്തിലെ ഹിന്ദുവംശഹത്യ പരാമര്‍ശിക്കപ്പെട്ടിട്ടുണ്ട്.
കുമാരനാശാന്റെ ദുരവസ്ഥ എന്ന കൃതിയിലെ വരികള്‍ ശ്രീനാരായണ ഗുരുവിന്റെ ഹൃദയവേദന തന്നെയായിരുന്നു. മാപ്പിള കലാപകാലത്ത് ജനിക്കാത്ത എം.ബി. രാജേഷിന് കെ.പി. കേശവമേനോന്റെയും കെ. മാധവന്‍നായരുടെയും കുമാരനാശാന്റെയും കൃതികളെ നിഷേധിക്കാനാകുമോ? കമ്മ്യൂണിസത്തിന്റെ കറുപ്പു തലക്കു പിടിക്കുമ്പോള്‍ യാഥാര്‍ത്ഥ്യത്തെ വിസ്മരിച്ച് മതരാഷ്ട്രീയത്തിന്റെ വിലകുറഞ്ഞ വക്താവായി കേരളത്തിന്റെ സ്പീക്കര്‍ മാറുന്നത് മലയാളിക്ക് അപമാനമാണ്. ഹിന്ദുവംശഹത്യയുടെ നൂറാംവര്‍ഷം ആഘോഷിക്കുന്നതു തന്നെ ഹിന്ദുക്കളുടെ ഹൃദയമുറിപ്പാടില് ഉപ്പു തേച്ച് ആനന്ദിക്കുന്ന കമ്മ്യൂണിസ്റ്റ് സാഡിസത്തിന്റെ പ്രതിഫലനമാണ്.
മാപ്പിളക്കലാപത്തില്‍ ഹിന്ദുക്കളെ മതപരിവര്‍ത്തനം ചെയ്യുകയോ കൊന്നൊടുക്കുകയോ ചെയ്തിട്ടില്ലെന്ന വാദം സ്പീക്കര്‍ക്കുണ്ടോ? തുവൂരിലെ കിണറ്റില്‍ ഹിന്ദുക്കളുടെ ശവശരീരങ്ങള്കൂമ്പാരമായി ഉണ്ടായിരുന്നുവെന്നതില്‍ തര്‍ക്കമുണ്ടോ? ഉണ്ടെങ്കില്‍ പരസ്യസംവാദത്തിന് സ്പീക്കര്‍ തയ്യാറായിട്ടു വേണം വാരിയന്‍കുന്നനെ ഭഗത്സിംഗുമായി ഉപമിക്കേണ്ടത്. വാരിയന്‍കുന്നനെ ഭയന്ന് സഖാവ് ഇ.എം.എസ്സിന് നാടുവിടേണ്ടിവന്നത് എന്തിനായിരുന്നുവെന്നും സ്പീക്കര്‍ പറയണം. ഭഗത്സിംഗ് ഏതെങ്കിലും മതവിഭാഗക്കാരെ മതം മാറ്റിയതായോ ഇന്ത്യക്കാരായ ആരെയെങ്കിലും വെട്ടിക്കൊന്നതായോ ഇതുവരെയുള്ള ചരിത്രത്തില്‍ രേഖപ്പെടുത്തിയില്ല. രാജ്യത്തിന്റെ സ്വത്വബോധത്തിലും അസ്മിതയിലും ആത്മീയതയിലും അധിഷ്ഠിതമായ സ്വാതന്ത്ര്യമായിരുന്നു ഭാരതമാതാവിന്റെ വീരപൗരുഷശാലിയായ ഭഗത്സിംഗിന്റെ ലക്ഷ്യം. വാരിയന്‍കുന്നനെന്ന മതഭ്രാന്തനെ ഭഗത്സിംഗിനോട് ഉപമിക്കുന്നത് മദനിയെ മഹാത്മാഗാന്ധിയോടുപമിച്ച കമ്മ്യൂണിസ്റ്റ് കാടത്തത്തിന്റെ മറ്റൊരു പതിപ്പാണ്.
മാപ്പിളക്കലാപത്തില്‍ അരങ്ങേറിയത് ഇന്നത്തെ താലിബാനിസത്തിന്റെ പ്രാകൃതരൂപമാണ്. അതുകൊണ്ടാണ് കുമാരനാശാന് ചോദിച്ചത് ഇക്കൂട്ടര്‍ക്ക് അമ്മ പെങ്ങമ്മാര് ഇല്ലേയെന്ന്. ഇന്ന് താലിബാന്റെ ക്രൂരതയില്‍ ഈ ചോദ്യം ചോദിക്കാത്തവരായി ആരുണ്ട്? മുസ്ലീംമതഭീകരതക്ക് കാലഭേദമില്ല. അത് 1921ല്‍ ആയാലും, 2021ല്‍ ആയാലും ഒരുപോലെയാണ്. 1921 ല്‍ ഉറയില്‍നിന്ന് ഊരിയ വാള് ഉപേക്ഷിച്ചിട്ടില്ലെന്ന് മതതീവ്രവാദികള്‍ വാരിയന്‍കുന്നന്റെ ചിത്രം വെച്ച് പ്രകടനം നടത്തിയതിനെപ്പറ്റി സ്പീക്കര്‍ ഒന്നും ഉരിയാടിയിട്ടില്ല. മാപ്പിളസ്ഥാന് വേണ്ടിയല്ല മലയാളസ്ഥാന് വേണ്ടിയാണ് വാരിയന്കുന്നന് ജീവിച്ചിരുന്നതെന്ന് കേരളത്തിന്റെ സ്പീക്കര്‍ പ്രസ്താവിക്കുമ്പോള്‍ ഒന്നുകില്‍ മതതീവ്രവാദത്തിന്റെ മറപറ്റുന്ന രാഷ്ട്രീയം അല്ലെങ്കില്‍ മലയാളമണ്ണിന്റെ ചരിത്രാവബോധത്തിന്റെ സങ്കുചിതബോധം എന്നു പറയേണ്ടിവരും. തകഴിയുടെ കയറും, എസ്.കെ. പൊറ്റക്കാടിന്റെ നോവലും, കുമാരനാശാന്റെ ദുരവസ്ഥയും എം.ബി. രാജേഷ് വായിക്കാതിരിക്കാന്‍ ഇടയില്ല. ഒന്നുകില്‍ കമ്മ്യൂണിസ്റ്റ് രാഷ്ട്രീയത്തിന്റെ മതപ്രീണനത്തില്‍ ചിലത് തൊണ്ട തൊടാതെ വീഴുങ്ങുന്നു. മഹാത്മാഗാന്ധിയും ആനിബസന്റും മാപ്പിളകലാപത്തിലെ ഹിന്ദുവിരുദ്ധ ക്രൂരത തുറന്ന് കാട്ടിയിട്ടുണ്ട്. കെ. മാധവന്നായരുടെ ജീവിതാനുഭവവുമായി ബന്ധപ്പെട്ട് എഴുതിയ മലബാര്‍ കലാപം എന്ന പുസ്തകത്തിലെ വരികള്‍ കേരള സ്പീക്കര്‍ ഓര്‍മ്മിക്കുന്നത് നന്നായിരിക്കും. കെ. മാധവന്‍നായര്‍ പറയുന്നു:
”തുവൂരിലെ കൂട്ടക്കൊലയില്‍ വാരിയന്കുന്നന് കുഞ്ഞഹമ്മദ് ഹാജിക്കും പങ്ക് ഉണ്ടായിരുന്നതായി കേട്ടിട്ടുണ്ട്, 1921 സെപ്റ്റംബര്‍ 24-ാംതീയതി രാത്രി വരാന്‍ പോകുന്ന ആപത്തുകള്‍ യാതൊന്നും ശങ്കിക്കാതെ തുവൂരിലെ നിവാസികള്‍ അവരവരുടെ വീടുകളില്‍ കിടന്നുറങ്ങുന്നു. അങ്ങിനെയുള്ള നൂറോളം വീടുകള്‍ നേരം പുലരുന്നതിനു മുമ്പായി മാപ്പിളമാര്‍ വളഞ്ഞു. അകത്തുള്ളവരോട് പുറത്തിറങ്ങാന്‍ കല്പ്പിച്ചു. അവരില്‍ ചിലര്‍ ഓടി രക്ഷപ്പെട്ടു. ശേഷമുള്ള പുരുഷന്മാരെയെല്ലാം ലഹളക്കാര്‍ കയ്യും കാലും കെട്ടി ബന്ധനസ്ഥരാക്കി. അതിനുശേഷം വീടുകളെല്ലാം ചുട്ട് ചാമ്പലാക്കി. പിടിച്ചുകെട്ടിയവരെ ചേരിക്കമ്മല്‍കുന്ന് എന്ന സ്ഥലത്തേക്ക് കൊണ്ടുപോയി. അവിടെ കുന്നിന്റെ ചെരുവിലുള്ള പറമ്പില്‍ കിഴക്ക് ഭാഗത്തായി ഒരു പാറയുണ്ട്. ആ പാറയുടെ അടുത്തുവെച്ച് ഓരോരുത്തരുടെയും വിചാരണയാരംഭിച്ചു. ഈ വിചാരണ നടത്തിയത് വാരിയന്കുന്നന് കുഞ്ഞഹമ്മദ് ഹാജിയാണെന്നും ചെമ്പ്രശ്ശേരി തങ്ങളാണെന്നും പറയുന്നുണ്ട്. ആരായാലും ആ പ്രദേശത്ത് ഒരു കഠിനകൃത്യം നടത്തിയിട്ടുണ്ടെന്നതിന് സംശയമില്ല. മേല്‍പ്പറഞ്ഞ പാറയുടെ അടുത്ത് വെച്ച് അനേകം ഹിന്ദുക്കളെ ലഹളത്തലവന്മാരുടെ മാര്‍ഷ്യല്‍ ലോ പ്രകാരം വിചാരണ ചെയ്ത് ഗളച്ഛേദം ചെയ്യുവാന്‍ വിധി കല്‍പ്പിക്കുകയും അവരെ അപ്പോള്‍തന്നെ പാറയുടെ 15 വാര ദൂരത്തുള്ള കിണറ്റിനരികെ കൊണ്ടുപോയി വെട്ടിക്കൊന്ന് കിണറ്റിലിട്ടുവെന്നുമുള്ളതിന് യാതൊരു സംശയവുമില്ല. മുപ്പത്തിനാല് ഹിന്ദുക്കളെ ഗളച്ഛേദം ചെയ്ത് കിണറ്റിലിട്ടു എന്നാണ് ഓടിപ്പോയവരില്‍ ചിലര്‍ എന്നോട് പറഞ്ഞത്. ഇരുപതു പേരെ അവിടെവെച്ചും ബാക്കിയുള്ളവരെ വേറെ സ്ഥലത്തും വെട്ടിയാണ് കൊന്നതെന്നുമാണ് മറ്റ് ചിലര്‍ പറഞ്ഞത്.
എന്തായാലും ലഹള കഴിഞ്ഞ് ശ്രീമാന്‍ ശ്രീനിവാസശാസ്ത്രിയോടൊപ്പം എനിക്ക് ആ കിണറ്റില്‍ ചെന്നു നോക്കുവാന്‍ അവസരം ലഭിക്കുകയുണ്ടായി. അപ്പോള്‍ അതില്‍ സുമാര്‍ ഇരുപതോളം തലകള്‍ ഞങ്ങള്‍ക്ക് എണ്ണാന്‍ സാധിച്ചു. പല തലകളും ഈര്ച്ചവാള് കൊണ്ട് ഊര്ന്നതായി കണ്ടിരുന്നുവെന്ന് ചില സന്ദര്‍ശകര്‍ വര്‍ത്തമാനപത്രങ്ങളില്‍ എഴുതിയതായി ഓര്‍ക്കാറുണ്ട്. ഈ ഘോരകൃത്യം കഴിഞ്ഞതോടുകൂടി ഏറനാടിന്റെ കിഴക്കന്‍ പ്രദേശങ്ങളിലുള്ള ഹിന്ദുക്കള്‍ പല ദിക്കുകളിലേക്കും പാച്ചിലായി. ഉടുത്ത മുണ്ടിനിണയില്ലാതെ, ആഹാരത്തിന് വഴിയില്ലാതെ, കാട്ടിലൊളിച്ചും, പട്ടിണി കിടന്നും, വീടും കുടിയും വെടിഞ്ഞ് എങ്ങോട്ടെന്നറിയാതെ പേടിച്ചരണ്ട് പാഞ്ഞുപോയ ആ അഗതികളുടെ അപകടങ്ങള്‍ ഓര്‍ക്കുമ്പോള്‍ ഏവരുടെയും ഹൃദയം പൊട്ടിത്തകരുന്നതാണ്.”
കലാപത്തിലുടനീളം മാര്‍ഷ്യല്‍ ലോ നടപ്പാക്കിയത് വാരിയന്കുന്നന് ഹാജിയായിരുന്നുവെന്നും കെ. മാധവന്‍നായര്‍ സൂചിപ്പിക്കുന്നു. ഇനി കേരളത്തിന്റെ സ്പീക്കര്‍ പറയണം കെ. മാധവന് നായര്‍ കളവ് പറയുകയാണോ? ഭാരത സ്വാതന്ത്ര്യസമരചരിത്രത്തില്‍ സമാനതകളില്ലാത്ത മാതൃകയായ യുവവിപ്ലവകാരി ഭഗത്സിംഗിനെ ഒരു മതഭ്രാന്തനുമായി തുലനം ചെയ്യുന്നത് ശരിയാണോ? ഭഗത്സിംഗ് മാര്‍ഷ്യല്‍ ലോ നടപ്പാക്കി നാട്ടുകാരെ ഗളച്ഛേദം ചെയ്ത സംഭവമുണ്ടായിട്ടുണ്ടോ? മതപരിവര്‍ത്തനം നടത്താന്‍ ഭഗത്സിംഗ് ശ്രമിച്ചിരുന്നോ? കേരള സ്പീക്കര്‍ ഉത്തരം പറയണം.നാടിന്റെ സ്വാതന്ത്ര്യത്തിനുവേണ്ടി ബ്രിട്ടീഷുകാര്‍ക്കെതിരെ പൊരുതി ജീവന് വെടിഞ്ഞ ഭഗത്സിംഗും വാരിയന്‍കുന്നനും തമ്മില്‍ താരതമ്യം ഇല്ല. ദൈവവും പിശാചും തമ്മിലുള്ള വ്യത്യാസമാണുള്ളത്. വാരിയന്‍കുന്നനെ കമ്മ്യൂണിസ്റ്റ് വിപ്ലവകാരി എന്ന് വിളിക്കുന്നതായിരുന്നു കുറച്ചുകൂടി നല്ലത്. റഷ്യന്‍വിപ്ലവത്തിന്റെ വികാരം നെഞ്ചിലേറ്റി വാരിയന്കുന്നന് കമ്മ്യൂണിസ്റ്റ് വിപ്ലവത്തിന്റെ ആയുധം കയ്യിലേന്തി എന്നു പറഞ്ഞാല്‍ അതിലൊരു യുക്തി ഉണ്ടായിരുന്നു. കാരണം വിപ്ലവത്തിന്റെ പേരില്‍ സാധാരണക്കാരെ കൊന്നൊടുക്കുകയാണല്ലോ എല്ലായിടത്തും ചെയ്തിട്ടുള്ളത്.
കേരള സ്പീക്കര്‍ ലക്ഷ്മണരേഖ ലംഘിക്കുകയാണ്. ഹിന്ദുവിരോധത്തിന്റെ ഉപ്പും ചോറും തിന്ന് എംഎല്‍എ ആയതിന്റെ പ്രതിഫലമാകാം വാരിയന്‍കുന്നനെ ഭഗത്സിംഗുമായി തുലനം ചെയ്ത് പ്രശംസിച്ചത്. രാജേഷിന് ചരിത്രം അറിയാത്തതുകൊണ്ടല്ല. മറിച്ച് തുച്ഛമായ രാഷ്ട്രീയ ലാഭത്തിന് വേണ്ടി ചരിത്രത്തെ വളച്ചൊടിക്കുകയാണ്. അതുകൊണ്ട് താല്‍ക്കാലിക ലാഭം നേടിയെന്നിരിക്കാം. എന്നാല്‍ അതിലൂടെ ചെയ്യുന്നത് ഭഗത്സിംഗിന്റെ ത്യാഗോജ്ജ്വലമായ ജീവിതത്തെ അപമാനിക്കുകയാണ്. ഇന്നത്തെ വാരിയന്‍കുന്നന്‍മാര്‍ക്ക് വേണ്ടി ഈ മഹാപാതകം ചെയ്യാന്‍ കേരളത്തിന്റെ സ്പീക്കര്‍ പദവിയിലുള്ള ഒരു വ്യക്തി തുനിഞ്ഞു എന്നതാണ് കേരളത്തിന് അപമാനം. മൗദൂദികളുടെയും മാര്‍ക്സിസ്റ്റുകളുടെയും പാരമ്പര്യത്തിന് ഇത് ചേരും. എന്നാല്‍ നിയമസഭയുടെയും ജനാധിപത്യവ്യവസ്ഥിതിയുടെയും അന്തസ്സിന് ചേരുന്നതല്ല ഈ അപക്വമായ, അപകടകരമായ പരാമര്‍ശങ്ങള്‍.
ലോകമാസകലം അപകടം വിതയ്ക്കുന്ന ഭീകരതയ്ക്ക് മാന്യതയുടെ പരിവേഷം നല്‍കുകയാണ് സ്പീക്കര്‍ ചെയ്തിരിക്കുന്നത്. ചരിത്രത്തോടും വര്‍ത്തമാനത്തോടും ചെയ്യുന്ന മഹാപാതകമാണിത്. അത് ഭാവിയില്‍ ഉണ്ടാക്കാവുന്ന അപകടത്തേയും തന്റെ സങ്കുചിതമനസ്സില്‍ കാണാന്‍ കഴിയുന്നില്ലെന്നാണ് രാജേഷുമാരുടെ പരിമിതി. കേരളം നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളിയും ഇതുതന്നെയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: