ബംഗളൂരു: ബംഗളൂരുവില്‍ തിങ്കളാഴ്ച ഗതാഗത വകുപ്പ് ഉദ്യോഗസ്ഥര്‍ 10 ആഡംബര കാറുകള്‍ പിടിച്ചെടുത്തു. റോള്‍സ് റോയ്സ്, ഫെരാരി, പോര്‍ഷെ തുടങ്ങിയവ ഇക്കൂട്ടത്തിലുണ്ട്. ഇതിലൊന്ന് ബോളിവുഡ് മെഗാസ്റ്റാര്‍ അമിതാഭ് ബച്ചന്റെ പേരില്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്ന വാഹനമാണ്. റോഡ് നികുതി അടയ്ക്കാതെ ഇറക്കുമതി ചെയ്ത ധാരാളം കാറുകള്‍ നഗരത്തില്‍ നിര്‍ബാധം തലങ്ങും വിലങ്ങും ഓടുന്നതായി ഗതാഗത വകുപ്പിന്റെ ശ്രദ്ധയില്‍ പെട്ടു. തുടര്‍ന്നാണ് ട്രാഫിക് പൊലീസുമായി ചേര്‍ന്ന് നടത്തിയ നടപടിയില്‍ പത്തിലധികം കാറുകള്‍ പിടിച്ചെടുത്തത്.
റോഡ് നികുതി അടയ്ക്കാതെ വ്യാജരേഖകളുടെ ബലത്തില്‍ പല ആഡംബര കാറുകളുടെ ഉടമകളും നിയമങ്ങളില്‍നിന്ന് വഴുതിമാറുന്നതായി കണ്ടെത്തി. എം ജി റോഡ്, ബ്രിഗേഡ് റോഡ്, വിത്തല്‍ മല്യ റോഡ് തുടങ്ങിയ സമ്പന്നര്‍ വരുന്ന ഇടങ്ങളില്‍ വാരാന്ത്യങ്ങളില്‍ പല കാറുകളും നിര്‍ത്തിയിട്ടിരിക്കുന്നത് കാണുന്നുണ്ടായിരുന്നു. വാഹന ഉടമകള്‍ ആവശ്യമായ രേഖകള്‍ സര്‍ക്കാരില്‍നിന്ന് ലഭ്യമാക്കിയിട്ടുണ്ടോയെന്ന് അറിയാന്‍ ആദ്യം നമ്പറുകള്‍ ശേഖരിച്ചു. റോഡ് നികുതി അടയ്ക്കാത്തത്, ഇറക്കുമതി തീരുവ നല്‍കാത്തത്, വ്യാജ രജിസ്ട്രേഷന്, കൃത്രിമ രേഖകള്‍ തുടങ്ങിയ ധാരാളം ക്രമക്കേടുകള്‍ കണ്ടെത്തി.
തുടര്‍ന്നാണ് അമിതാഭ് ബച്ചനും ചിത്രത്തിലേക്ക് എത്തിയത്. കുറച്ചുവര്‍ഷങ്ങള്‍ക്ക് മുന്‍പായിരുന്നു അദ്ദേഹം റോള്‍ റോയ്സ് ഫാന്റം വിറ്റത്. ചലച്ചിത്ര പ്രവര്ത്തകന് വിധു വിനോദ് ചോപ്ര സമ്മാനമായി നല്കിയതായിരുന്നു ഇത്. ലഭിക്കുന്ന വിവരങ്ങള്‍ അനുസരിച്ച് 2019-ലാണ് ബംഗളൂരു കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന വ്യവസായി യൂസഫ് ഷരീഫിന് ബിഗ് ബി മൂന്നരക്കോടി രൂപ വിലയുള്ള കാര്‍ വില്‍ക്കുന്നത്. ബംഗളൂരുവില്‍ ഉമ്ര ഡവലപ്പേഴ്സ് എന്ന റിയല്‍ എസ്റ്റേറ്റ് സ്ഥാപനം നടത്തുന്നയാളാണ് സ്ക്രാപ് ബാബു എന്നറിയപ്പെടുന്ന ഷരീഫ്. ആറ് കോടി രൂപയ്ക്കാണ് സ്ക്രാപ് ബാബു കാര്‍ വാങ്ങിയത്.
എന്നാല്‍ രേഖകള്‍ സ്വന്തം പേരിലേക്ക് മാറ്റാതെ കാര്‍ ഉപയോഗിച്ചു വരികയായിരുന്നു. എംജി റോഡിലൂടെ സഞ്ചരിക്കുമ്പോഴാണ് വാഹനവകുപ്പിന്റെ പിടിവീണത്. തുടര്‍ന്ന് ആര്‍ടിഒ ഓഫിസിലെത്തി കാര്‍ വിട്ടുനല്‍കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടുവെങ്കിലും വാഹനം സ്വന്തം പേരിലേക്ക് മാറ്റി റോഡ് നികുതി അടയ്ക്കണമെന്ന് പറഞ്ഞ് ഉദ്യോഗസ്ഥര്‍ തിരിച്ചയച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: