കാബൂള്‍: അഫ്ഗാനിസ്ഥാനില്‍നിന്നുള്ള ഒഴിപ്പിക്കല്‍ ഈ മാസം അവസാനത്തോടെ പൂര്‍ത്തിയാക്കാന്‍ കഴിയുമെന്ന പ്രതീക്ഷയിലാണെന്ന് ഞായറാഴ്ച വ്യക്തമാക്കി യുഎസ് പ്രസിഡന്റ് ജോ ബൈഡന്. അതേസമയം രാജ്യംവിടാനായി ആയിരങ്ങള്‍ തടിച്ചുകൂടിയ കാബൂള്‍ വിമാനത്താവളത്തില്‍ ഭീകരാക്രമണ സാധ്യതയെക്കുറിച്ചും അദ്ദേഹം മുന്നറിയിപ്പ് നല്കി. വിമാനം കാത്തുനില്ക്കുന്നവരുടെ എണ്ണം വര്‍ധിക്കുകയും ആളുകളെ കൊണ്ടുപോകുന്നതിനുള്ള സൗകര്യങ്ങള്‍ക്ക് ബുദ്ധിമുട്ട് നേരിടുകയും ചെയ്യുന്നതിനിടെയാണ് ബൈഡന്റെ പ്രസ്താവന. രാജ്യത്തിന് പുറത്ത് കടക്കാന്‍ കാബൂള്‍ വിമാനത്താവളത്തില്‍ നില്ക്കുന്നവരുടെ എണ്ണം ഞായറാഴ്ച രാവിലെ 18,500 കവിഞ്ഞുവെന്നാണ് വിവരം. ‘എന്ത് ചെയ്യാന്‍ കഴിയുമെന്ന് ഞങ്ങള്‍ നോക്കും’- കൂടുതല്‍ സമയം ആവശ്യപ്പെടുന്ന ലോകനേതാക്കള്‍ക്കുള്ള മറുപടിയെന്തെന്ന് മാധ്യമപ്രവര്‍ത്തകര്‍ ചോദിച്ചപ്പോള്‍ ബൈഡന് മറുപടി നല്കി.
പൂര്‍ണമായ സൈനിക പിന്മാറ്റം നേരത്തേ നിശ്ചയിച്ച ഓഗസ്റ്റ് 31ന് അപ്പുറത്തേക്ക് നീണ്ടാല്‍ ‘പ്രത്യാഘാതങ്ങള്‍’ നേരിടേണ്ടിവരുമെന്ന് യുഎസിനെ ഭീഷണിപ്പെടുത്തി താലിബാന് ഭീകരര്‍ രംഗത്തെത്തി. സങ്കീര്‍ണവും ദുഷ്കരവുമായ തങ്ങളുടെ പൗരന്മാരുടെയും യുഎസിന്റെ അഫ്ഗാന് പങ്കാളികളുടെയും ഒഴിപ്പിക്കല്‍ മേല്‍നോട്ടത്തിനായി യുഎസ് സൈന കുറേക്കാലംകൂടി അഫ്ഗാനില്‍ തുടര്‍ന്നേക്കുമെന്ന പ്രസിഡന്റ് ജോ ബൈഡന്റെ പ്രതികരണത്തിന് പിന്നാലെയാണ് ഭീകരസംഘടനയുടെ മുന്നറിയിപ്പ്. അഫ്ഗാനിസ്ഥാന്റെ നിയന്ത്രണം താലിബാന് അതിവേഗം പിടിച്ചെടുത്തതിനിടെയാണ് ഒഴിപ്പിക്കല്‍ തുടരുന്നത്.
ഓഗസ്റ്റ് 31ന് ശേഷവും രാജ്യം തുടരുന്നതിനെക്കുറിച്ച് വിദേശ സേന ഒന്നും വ്യക്തമാക്കിയിട്ടില്ലെന്ന് താലിബാന് വക്താക്കള്‍ നേരത്തേ പറഞ്ഞിരുന്നു. എന്നാല്‍ വ്യക്തമായ മുന്നറിയിപ്പാണ് താലിബാന് വക്താവ് ഇപ്പോള്‍ ബൈഡന് ഭരണകൂടത്തിന് നല്‍കുന്നത്. ‘ഇതൊരു ചുവപ്പുരേഖയാണ്. ഓഗസ്റ്റ് 31ന് അവരുടെ എല്ലാ സൈനികരെയും പിന്‍വലിക്കുമെന്ന് പ്രസിഡന്റ് ജോ ബൈഡന് പ്രഖ്യാപിച്ചിട്ടുണ്ട്. അവര്‍ നീട്ടിയാല്‍ ആവശ്യമില്ലാതിരുന്നിട്ടും അവര്‍ സാന്നിധ്യം തുടരുന്നുവെന്നാണ് അര്‍ഥം’-. താലിബാന് വക്താവ് ഡോ. സുഹൈല്‍ ഷഹീന് പറഞ്ഞു.
‘ഒഴിപ്പിക്കലിനായി യുഎസോ യുകെയോ അധികസമയം ആവശ്യപ്പെട്ടാല്‍ നല്‍കില്ലെന്നായിരിക്കും ഉത്തരം. അല്ലെങ്കില്‍ പ്രത്യാഘാതങ്ങളുണ്ടാകും.’- അയാള്‍ കൂട്ടിച്ചേര്‍ത്തു. ‘അത് ഞങ്ങള്‍ക്കിടയില്‍ അവിശ്വാസം ജനിപ്പിക്കും. അവര്‍ സാന്നിധ്യം തുടരാന്‍ ഉദ്ദേശിക്കുന്നുവെങ്കില്‍ അത് തിരിച്ചടിക്ക് പ്രകോപനം സൃഷ്ടിക്കും’-ബ്രിട്ടീഷ് ചാനല്‍ സ്കൈ ന്യൂസിനോട് ഷഹീന് വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: