ഉത്തര്‍പ്രദേശ് ഹിന്ദുത്വ-ദേശീയ രാഷ്ട്രീയത്തിന് സംഭാവന ചെയ്ത അതികായന്മാരില് ഒരാളായിരുന്നു കല്യാണ്‍ സിങ്. രാഷ്ട്രീയസ്വയംസേവകസംഘത്തിലൂടെ ഭാരതീയ ജനസംഘത്തിന്റെ നേതൃത്വത്തിലേക്കുയര്‍ന്ന കല്യാണ്‍സിങ് ഉത്തര്‍പ്രദേശില്‍ ജനസംഘത്തിന്റെ ജനകീയാടിത്തറ വികസിപ്പിക്കുന്നതില്‍ വലിയ സംഭാവന ചെയ്ത വ്യക്തിത്വമാണ്. ഒരുകാലത്ത് സവര്‍ണരുടെയും നഗരവാസികളുടെയും പാര്‍ട്ടിയായി എതിരാളികള്‍ മുദ്രകുത്തിയ ജനസംഘത്തിലേക്ക് അധഃസ്ഥിത ജനവിഭാഗങ്ങളെ ആകര്‍ഷിക്കുന്നതില്‍ ആദ്യമായി വിജയിച്ച നേതാവാണ് പിന്നാക്കസമുദായത്തില്പ്പെടുന്ന ഈ കരുത്തന്. ബാബുജി എന്നാണ് ആളുകള്‍ സ്നേഹത്തോടെ വിളിച്ചിരുന്നത്. ജനസംഘത്തിലെന്നപോലെ ബിജെപിയുടെയും പ്രമുഖ നേതാവായി ഉയര്‍ന്ന കല്യാണ്‍സിങ് രണ്ടുതവണ ഉത്തര്‍പ്രദേശിന്റെ മുഖ്യമന്ത്രിയായി. ആദര്‍ശരാഷ്ട്രീയവും പ്രായോഗിക രാഷ്ട്രീയവും സമന്വയിപ്പിക്കുന്നതില്‍ വിജയിച്ച ബിജെപിയുടെ ആദ്യകാല നേതാക്കളില്‍ ഒരാളുമാണ്. ദല്‍ഹിയിലെ അധികാരത്തിലേക്കുള്ള പാത അവിഭക്ത ഉത്തര്‍പ്രദേശിലൂടെയാണെന്ന് കരുതപ്പെട്ടിരുന്ന കാലത്ത് ബിജെപിയെ അതിന്റെ ഗുണഭോക്താവാക്കുന്നതില് കല്യാണ്‍സിങ് വഹിച്ച പങ്ക് ദേശീയ രാഷ്ട്രീയ ചരിത്രത്തില്‍ എക്കാലവും മായാതെ കിടക്കും.
രണ്ടുതവണ ബിജെപി വിട്ടുപോയെങ്കിലും കൂടുതല്‍ പ്രതിബദ്ധതയോടെ കല്യാണ്‍സിങ് പാര്‍ട്ടിയില്‍ തിരിച്ചെത്തുകയായിരുന്നു. അഴിമതിയുടെ കറപുരളാത്ത ആദര്‍ശശുദ്ധിയാണ് ഇതിന് കാരണം. താന്‍ സംഘത്തിന്റെ ഭാഗമാണ്. അതില്‍ അഭിമാനിക്കുകയും ചെയ്യുന്നുവെന്നാണ് ഒരു അഭിമുഖത്തില്‍ കല്യാണ്‍സിങ് പറഞ്ഞത്. സംഘത്തിന്റെയും ബിജെപിയുടെയും മൂല്യങ്ങള്‍ തന്റെ രക്തത്തിന്റെ ഓരോ തുള്ളിയിലുമുണ്ടെന്നും, ബിജെപിയുടെ പതാക പുതച്ച് ഈ ലോകത്തോടു വിടപറയാനാണ് ആഗ്രഹമെന്നും പറഞ്ഞിട്ടുള്ളത് ഇതിന് തെളിവാണ്. ഇതൊന്നും വെറും വാക്കുകളായിരുന്നില്ല. താഴെത്തട്ടില്‍ ബിജെപിയുടെ പ്രവര്‍ത്തനം ശക്തിപ്പെടുത്താനാണ് ജീവിതകാലത്തിന്റെ ഏറിയ പങ്കും കല്യാണ്‍സിങ് വിനിയോഗിച്ചത്. ഇക്കാരണംകൊണ്ടുകൂടിയാണ് അവസരം വന്നപ്പോള്‍ രാജ്യത്തെ ഏറ്റവും വലിയ സംസ്ഥാനത്തിന്റെ മുഖ്യമന്ത്രിസ്ഥാനത്തേക്ക് നിയോഗിക്കപ്പെട്ടത്. പില്ക്കാലത്ത് രണ്ടുതവണ പാര്‍ലമെന്റംഗമായി തെരഞ്ഞെടുക്കപ്പെട്ടപ്പോഴും തട്ടകം ഉത്തര്പ്രദേശുതന്നെയായിരുന്നു. ഇടയ്ക്ക് സജീവരാഷ്ട്രീയത്തില്‍നിന്ന് വിട്ട് രാജസ്ഥാന് ഗവര്‍ണറായി ചുമതലയേറ്റത് അവസരം ലഭിച്ചപ്പോള്‍ പാര്‍ട്ടി നല്കിയ അര്‍ഹതയ്ക്കുള്ള അംഗീകാരമായി കണക്കാക്കാം.
സ്വാതന്ത്ര്യസമരത്തിനുശേഷം ഭാരതം കണ്ട ഏറ്റവും വലിയ ജനകീയ മുന്നേറ്റമായ അയോധ്യാ പ്രക്ഷോഭത്തിന്റെ മുഖ്യശില്പികളില് ഒരാളായി മാറാന്‍ കഴിഞ്ഞതാണ് കല്യാണ്‍സിങ്ങിന്റെ രാഷ്ട്രീയ ജീവിതത്തെ വ്യത്യസ്തമാക്കുന്നത്. അയോധ്യാ പ്രക്ഷോഭത്തിന്റെ സിരാകേന്ദ്രമായിരുന്ന ഉത്തര്‍പ്രദേശില്‍ ഈ മുന്നേറ്റത്തിനൊപ്പം അചഞ്ചലനായി നിലയുറപ്പിച്ച രാഷ്ട്രീയനേതാവും ഭരണാധികാരിയുമാണ് കല്യാണ്‍സിങ്. അദ്ദേഹം മുഖ്യമന്ത്രിയായിരിക്കുമ്പോഴാണ് അയോദ്ധ്യയിലെ തര്‍ക്കമന്ദിരത്തിന്റെ തകര്‍ച്ചയ്ക്ക് ഇടയാക്കിയ കര്‍സേവ നടന്നത്. കോണ്‍ഗ്രസ് കേന്ദ്രം ഭരിക്കുമ്പോള്‍ രാഷ്ട്രീയവും ഭരണപരവുമായ സമ്മര്‍ദ്ദങ്ങള്‍ ഏറെയുണ്ടായിട്ടും കര്‍സേവകര്‍ക്കെതിരെ വെടിവയ്ക്കാന്‍ കല്യാണ്‍സിങ് തയ്യാറായില്ല. ഇതിന്റെ പേരില്‍ സംസ്ഥാന സര്‍ക്കാരിനെ കേന്ദ്രം പിരിച്ചുവിട്ടു. സുപ്രീംകോടതിയില്‍ നല്കിയ ഉറപ്പ് പാലിക്കാനാവാതെ വന്നതില്‍ കല്യാണ്‍സിങ്ങിന് ജയില്‍വാസം അനുഷ്ഠിക്കേണ്ടിവന്നു. പക്ഷേ തെല്ലും ഖേദം പ്രകടിപ്പിക്കാതെ അഭിമാനത്തോടെ തലയുയര്ത്തിപ്പിടിച്ചുതന്നെയാണ് അതിന് തയ്യാറായത്. ഇപ്പോള്‍ അയോധ്യയില്‍ ഭവ്യമായ രാമക്ഷേത്രം ഉയരുമ്പോള്‍ ഏറ്റവും സന്തോഷിക്കുന്നത് കല്യാണ്‍സിങ്ങിന്റെ ആത്മാവായിരിക്കും. ആധുനികകാലത്തെ ദേശീയ രാഷ്ട്രീയത്തിന്റെ ഗതി നിര്‍ണയിക്കുന്നതില്‍ പ്രമുഖ പങ്കു വഹിച്ച ആ മഹാവ്യക്തിത്വത്തിന് ഞങ്ങളുടെ ആദരാഞ്ജലി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: