ചേര്‍ത്തല: വയലാര്‍ നാഗംകുളങ്ങരയില്‍ ആര്‍എസ്എസ് ശാഖാ ഗഡനായക് നന്ദു കൃഷ്ണ കൊല്ലപ്പെട്ട കേസില്‍ പോപ്പുലര്‍ ഫ്രണ്ട് അരൂര്‍ നിയോജക മണ്ഡലം സെക്രട്ടറി അറസ്റ്റില്‍. മുഖ്യപ്രതിയായ ചന്തിരൂര്‍ ആര്‍എഫ് കോളനി അളകുതറ വീട്ടില്‍ മന്‍സൂര്‍ (ജാഫര്‍ 33) ആണ് പിടിയിലായത്.
സംഭവ ശേഷം വിവിധയിടങ്ങളിലായി ഒളിവില്‍ കഴിഞ്ഞിരുന്ന മന്‍സൂറിനായി അന്വേഷണ സംഘം മൊബൈല്‍ ടവറും മറ്റും കേന്ദ്രീകരിച്ച് നിരീക്ഷണത്തിലായിരുന്നു. ചേര്‍ത്തല ഡിവൈഎസ്പി വിനോദ് പിള്ള, ഇന്‍സ്പക്ടര്‍ പി.ശ്രീകുമാര്‍, എഎസ്‌ഐ അജയലോഷ്, രജനീഷ്, ജിതിന്‍, പ്രവീഷ് എന്നിവരടങ്ങുന്ന സംഘമാണ് പ്രതിയെ പിടികൂടിയത്.
കോടതിയില്‍ ഹാജരാക്കിയ ഇയാളെ റിമാന്‍ഡ് ചെയ്തു. മുഖ്യ പ്രതിയും പിടിയിലായതോടെ കേസില്‍ ആകെ അറസ്റ്റിലായവര്‍ 37 ആയി. ഇനി മൂന്നു പേരെ പിടികൂടാനുണ്ട്. ഇതിനകം കേസില്‍ കുറ്റപത്രം കോടതിയില്‍ സമര്‍പ്പിച്ചു. മുഴുവന്‍ പ്രതികളും പിടിയിലാകുന്നതോടെ അനുബന്ധ കുറ്റപത്രം സമര്‍പ്പിക്കും കഴിഞ്ഞ ഫെബ്രുവരി 24ന് വയലാര്‍ നാഗംകുളങ്ങരയിലായിരുന്നു കൊലപാതകം. നന്ദു കൃഷ്ണയുടെ സുഹൃത്ത് കെ.എസ്.നന്ദുവിന്റെ കൈയ്യും അക്രമികള്‍ വെട്ടിമാറ്റിയിരുന്നു. അതിനിടെ കേസ് അന്വേഷിക്കുന്ന പോലീസുദ്യോഗസ്ഥരെ ഭീഷണിപ്പെടുത്തി എസ്ഡിപിഐ നേതൃത്വം രംഗത്തെത്തിയിരുന്നു. പോലീസുദ്യോഗസ്ഥരുടെ പേര് എടുത്തു പറഞ്ഞായിരുന്നു ഭീഷണി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: