കൊച്ചി : നഗരത്തിലെ പെറ്റി കേസുകളുടെ എണ്ണം വര്‍ധിപ്പിക്കണം വിവാദ ഉത്തരവുമായി ഡിസിപി ഐശ്വര്യ ദോഗ്രെ. പെറ്റി കേസുകള്‍ എടുക്കുന്നതില്‍ പോലീസ് സ്റ്റേഷനുകള്‍ പിന്നിലാണെന്നും ഐശ്വര്യ കുറ്റപ്പെടുത്തുന്നതിന്റെ ശബ്ദ രേഖ പുറത്തുവന്നു.
കോവിഡ് പരിശോധനയുടെ മറവില്‍ പോലീസ് ജനങ്ങളെ പീഡിപ്പിക്കുന്നു എന്ന വിമര്‍ശനം വ്യാപകമാകുമ്പോഴാണ് കേസുകള്‍ വീണ്ടും കൂട്ടണമെന്ന ഡിസിപിയുടെ നിര്‍ദ്ദേശം പുറത്തുവന്നിരിക്കുന്നത്. ഡിസിപിയുടെ നിര്‍ദ്ദേശം എന്ന വിധത്തില്‍ കണ്ട്രോള് റൂമില്‍ നിന്നും നല്കിയ സന്ദേശത്തിലാണ് ഇക്കാര്യം അറിയിച്ചിരിക്കുന്നത്.
പെറ്റി കേസുകള്‍ രജിസ്റ്റര്‍ ചെയ്യുന്ന കാര്യത്തില്‍ പല സ്റ്റേഷനുകളും പിന്നിലാണ്. രാവിലെ ഒമ്പത് മുതല്‍ പന്ത്രണ്ടുവരെ പെര്‍ഫോമന്‍സ് മോശമാണെന്നാണ് മാഡം അറിയിക്കുന്നത്. എസ്എച്ച്ഒമാര്‍ കൂടുതല്‍ ഡിറ്റന്‍ഷന്‍ നടത്തണമെന്ന് മാഡം അറിയിക്കുന്നുണ്ടെന്നും ശബ്ദസന്ദേശത്തില്‍ പറയുന്നുണ്ട്.
പെറ്റി കേസുകളുടെ എണ്ണം കൂട്ടുന്നതിനൊപ്പം ഒരോ സ്റ്റേഷനും ചുരുങ്ങിയത് പത്ത് കേസെങ്കിലും സ്വമേധയാ രജിസ്റ്റര്‍ ചെയ്യണെന്ന നിര്‍ദ്ദേശവും നിലവിലുണ്ടെന്ന് പോലീസുകാര്‍ പറയുന്നു. പെറ്റികേസുകളെടുത്ത് പൊലീസ് ജനങ്ങളെ പിഴിയുന്നുവെന്ന വിമര്‍ശനം അടുത്തിടെ നിയമസഭയിലും വലിയ ബഹളത്തിനിടയാക്കിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: