പര്വ്വതാരോഹകേ,
ഉത്തുംഗശൃംഗത്തി-
ലെത്തി, പതാക നീ
സ്ഥാപിച്ചു നില്ക്കുന്നു!
കുറ്റിരുട്ടില്‍ നീ
നടന്നു വലഞ്ഞതാം
ഒറ്റയാള്‍പ്പാത,
ദീപോജ്ജ്വലമാവുന്നു.
ഒറ്റയ്ക്കു നീ ചുമ-
ന്നേറ്റിയ സ്വപ്നങ്ങള്‍
ഉറ്റവരോടും
പകുക്കാത്ത സങ്കടം,
ഉപ്പു കയ്ക്കുന്ന
വഴിച്ചോറ്,
അഗ്നിയില്‍
നഗ്നപാദങ്ങള്‍
അളന്ന
പാതാളങ്ങള്‍…
ദുഃസ്വപ്നമാം, പെരു-
മ്പാമ്പു വിഴുങ്ങിയ
ദുസ്സഹമായ
പകലുകള്‍, രാവുകള്‍
ഒറ്റയ്ക്കു നീ, വിരി
വച്ച പെരുവഴി
ദുഃഖസങ്കീര്ണമാം
ഏകാന്ത യാത്രകള്‍….
ഒക്കെയും ഇങ്ങവ-
സാനിക്കയായ്, വേറെ
യെത്തിപ്പിടിക്കാന്
നിനക്കില്ല, സ്വപ്നങ്ങള്‍,
സ്വച്ഛന്ദവാഴ്വേ
നിനക്കിനിയൂഴിയില്……
പുത്രിയാം ജീവന-
ലക്ഷ്യത്തെ നെഞ്ചണ-
ച്ചെത്ര തളര്ന്നിവി-
ടെത്തി നില്ക്കുന്നു, നീ…!
പര്വ്വതാരോഹകേ
നീയീക്കൊടുമുടി
തീണ്ടി മേഘങ്ങളേ-
പ്പൊള്ളിച്ചു നില്ക്കവേ,
നിന്റെ നിണം വാര്‍ന്ന
പാദങ്ങളീ ഹിമ-
ശൃംഗത്തെ, രക്ത
മുഴുക്കാപ്പു ചാര്‍ത്തുന്നു!
പ്രതികരിക്കാൻ ഇവിടെ എഴുതുക: