Categories: World

കാബൂളില്‍ നിന്നുള്ള യുഎസ് വിമാനത്തില്‍ നിന്നും വീണുമരിച്ചവരില്‍ അഫ്ഗാന്‍ ദേശീയ ഫുട്ബാള്‍ താരം സാകി അന്‍വാരിയും

Published by

കാബൂള്‍: കാബൂള്‍ വിമാനത്താവളത്തില്‍ നിന്നും തിങ്കളാഴ്ച പറന്നുപൊങ്ങിയ യുഎസ് വിമാനത്തില്‍ നിന്നും വീണ് മരിച്ചവരില്‍ കാബൂളിലെ ദേശീയ ഫുട്ബാള്‍ ടീമംഗമായ സാകി അന്‍വാരിയും. താലിബാന്‍ ഭരണത്തിലെത്തി എന്നറിഞ്ഞ ഭീതിയില്‍ അഫ്ഗാനിസ്ഥാനില്‍ നിന്നും രക്ഷപ്പെടാനായി 19കാരനായ ഈ ഫുട്ബാള്‍ താരവും അമേരിക്കയുടെ സി-17 വിമാനത്തിന് മുകളില്‍ വലിഞ്ഞു കയറിയിരുന്നു. ഇദ്ദേഹം പിന്നീട് ഈ വിമാനത്തില്‍ നിന്ന് വീണ് മരിച്ചതായി അഫ്ഗാന്‍ വാര്‍ത്താ ഏജന്‍സി അരിയാന അറിയിച്ചു.  

താലിബാന്‍ ഭരണം വരുമെന്ന് ഉറപ്പായതോടെ തിങ്കളാഴ്ച കാബൂള്‍ വിമാനത്താവളത്തില്‍ നിന്നും നീങ്ങിക്കൊണ്ടിരിക്കുന്ന യുഎസ് വിമാനത്തില്‍ തള്ളിക്കയറാന്‍ നൂറുകണക്കിന് പേര്‍ തിക്കിത്തിരക്കുന്നതിന്റെ ചിത്രം നടക്കമുള്ള ഓര്‍മ്മയായി സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു. താലിബാന്‍ ഭരണമുള്ള അഫ്ഗാനിസ്ഥാനില്‍ നിന്നും ഇങ്ങിനെ തിക്കിത്തിരക്കി യുഎസ് വിമാനത്തില്‍ കയറി രക്ഷപ്പെടാന്‍ ശ്രമിച്ചവരുടെ കൂട്ടത്തില്‍ സാകി അന്‍വാരിയും ഉണ്ടായിരുന്നു.  

അദ്ദേഹവും ഈ യുഎസ് വ്യോമസേന വിമാനത്തിന് മുകളില്‍ ഒരു വിധത്തില്‍ കയറിപ്പറ്റിയിരുന്നതായി പറയുന്നു.  നൂറുകണക്കിന് അഭയാര്‍ത്ഥികളെയും വഹിച്ചുകൊണ്ടുള്ള ഈ വിമാനം കാബൂളിലേക്കെത്തുന്ന താലിബാന്‍ തീവ്രവാദികളില്‍ നിന്നും രക്ഷപ്പെടാന്‍ അതിവേഗം റണ്‍വേയില്‍ നിന്നും പറന്നുപൊങ്ങുകയായിരുന്നു. ഈ വിമാനത്തില്‍ നിന്നും താഴെ വീണാണ്  സാകി അന്‍വാരി മരിച്ചത്. ചിലര്‍ വിമാനത്തിന്റെ ചക്രത്തില്‍ ചതഞ്ഞരഞ്ഞതായും റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിട്ടുണ്ട്.  

ഈ യുഎസ് എയര്‍ഫോഴ്‌സ് വിമാനം പറന്നുപൊങ്ങുമ്പോള്‍ നൂറുകണക്കിന് അഫ്ഗാന്‍കാരെ വിമാനത്താവളത്തിന്റെ റണ്‍വേയില്‍ കാണാമായിരുന്നു. ചിലര്‍ വിമാനത്തിന്റെ ചക്രങ്ങളില്‍ അള്ളിപ്പിടിച്ചിരുന്നു. ചിലര്‍ വിമാനത്തിന്റെ ചിറകിലാണ് ഇടം കണ്ടെത്തിയത്. ഇവര്‍ പിന്നീട് ആകാശത്ത് നിന്നും താഴേക്കു വീഴുന്ന ഭയാനക ചിത്രം ലോകമനസ്സാക്ഷിയെ ഞെട്ടിച്ചു.

പുതിയ ചില വീഡിയോകളില്‍ വിമാനത്താവളത്തിന്റെ ഗേറ്റിനും കമ്പിവലകള്‍ക്കും അപ്പുറത്ത് നിന്നും തങ്ങളെക്കൂടി കയറ്റിക്കൊണ്ടുപോകൂ എന്ന് അപേക്ഷിക്കുന്ന സ്ത്രീകളുടെ ചിത്രവും കാണാം. ‘സഹായിക്കൂ, ഇതാ താലിബാന്‍ വരുന്നൂ,’ എന്നാണ് ആ സ്ത്രീകള്‍ അലറിവിളിച്ചത്.

Share
പ്രതികരിക്കാൻ ഇവിടെ എഴുതുക