ന്യൂദല്‍ഹി: അഫ്ഗാനില്‍ അധികാരം പിടിച്ചെടുത്ത താലിബാന് ഭീകരരെ വെള്ളപൂശി സംയുക്തപ്രസ്താവന പുറത്തിറക്കി സിപിഎമ്മും സിപിഐയും. അഫ്ഗാന് വിഷയത്തില്‍ ഇന്ത്യയുടെ എതിര് ശക്തികളായ പാക്കിസ്ഥാനും ചൈനയുമായും കൈകോര്‍ക്കണമെന്നും പ്രസ്താവനയില്‍ ഇരുപാര്‍ട്ടികളും പറയാതെ പറയുന്നു.
അഫഗാന് ജനതയുടെ സമാധാനപൂര്‍ണവും സുസ്ഥിരവുമായ അന്തരീക്ഷത്തില്‍ ജീവിക്കുന്നുവെന്ന് ഉറപ്പാക്കാന്‍ മേഖലയിലെ ഇതര പ്രധാനശക്തികളുമായി ചേര്‍ന്ന് ഇന്ത്യ പ്രവര്‍ത്തിക്കണമെന്ന് സിപിഎമ്മും സിപിഐയും ആവശ്യപ്പെട്ടിരിക്കുന്നത്. മേഖലയിലെ ഇതര പ്രധാനശക്തികള്‍ പാക്കിസ്ഥാനും ചൈനയുമാണ്. ഇതു വ്യക്തമായി പറഞ്ഞുകൊണ്ട് പ്രസ്താവന ഇറക്കിയാല്‍ ജനരോക്ഷം ഉണ്ടാകുമെന്ന് കണ്ടാണ് ഇങ്ങനെ ഒരു ഒളിപ്പിച്ചു കടത്തല്‍ നടത്തിയിരിക്കുന്നത്.
അഫ്ഗാനിസ്ഥാനില്‍ അപമാനകരമായ പരാജയമാണ് അമേരിക്കയ്ക്ക് സംഭവിച്ചത്. 20 വര്‍ഷം മുമ്പ് അട്ടിമറിക്കപ്പെട്ട താലിബാന്‍ഭരണം അഫ്ഗാനിസ്ഥാനില്‍ തിരിച്ചെത്തിയിരിക്കുന്നു. അഷ്റഫ് ഗനി സര്‍ക്കാരിന്റെയും ദേശീയ സൈന്യത്തിന്റെയും തകര്‍ച്ച അവിടെ അമേരിക്കയും നാറ്റോ സഖ്യകക്ഷികളും ചേര്‍ന്ന് സ്ഥാപിച്ച ഭരണസംവിധാനത്തിന്റെ പൊള്ളത്തരം പുറത്തുകൊണ്ടുവന്നുവെന്നും പ്രസ്താവനയില്‍ പറയുന്നു.
അമേരിക്കയെ പിന്തുടര്ന്നുള്ള അഫ്ഗാന്നയമാണ് ഇന്ത്യ സ്വീകരിച്ചുവന്നത്. ഇതേതുടര്‍ന്ന് മേഖലയില്‍ ഒറ്റപ്പെടുകയും മുന്നിലുള്ള വഴികള്‍ ചുരുങ്ങുകയും ചെയ്തു. മുമ്പുണ്ടായിരുന്ന താലിബാന് സര്‍ക്കാര്‍ തികച്ചും മൗലികവാദപരമായ സമീപനമാണ് സ്വീകരിച്ചത്; സ്ത്രീകള്‍ക്കും പെണ്‍കുട്ടികള്‍ക്കും വംശീയ ന്യൂനപക്ഷങ്ങള്‍ക്കും അത് വിനാശകരമായി. പുതുതായി നിയന്ത്രണം ഏറ്റെടുത്ത താലിബാന് സ്ത്രീകളുടെയും വംശീയ ന്യൂനപക്ഷങ്ങളുടെയും അര്‍ഹമായ അവകാശങ്ങള്‍ അംഗീകരിച്ചുകൊടുക്കേണ്ടത് അത്യാവശ്യമാണെന്നും ഭീകരരെ വെള്ളപൂശികൊണ്ട് ഇരു പാര്‍ട്ടികളും പുറത്തിറക്കിയ പത്രക്കുറിപ്പില്‍ ന്യായീകരിക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: