ഇന്ത്യന്‍ കായിക ലോകം എന്നും കണ്ണീരോടെ ഓര്‍മ്മിക്കുന്നതാണ് ആ നിമിഷം. ലോസ് ആഞ്ജലസ് ഒളിമ്പിക്സിലെ ഹര്‍ഡില്‍സ് ഫൈനല്‍. ഹീറ്റ്സില്‍ രണ്ടാം ഗ്രൂപ്പില്‍ ഒന്നാമതെത്തിയ പി ടി ഉഷ ഇന്ത്യയുടെ ആദ്യ മെഡല്‍ പ്രതീക്ഷയ്ക്ക് ജീവന് നല്കി. ഫൈനലില്‍ വെടിയൊച്ച മുഴങ്ങിയപ്പോള്‍ ഉഷ കുതിച്ചു. നല്ല ഒന്നാന്തരം സ്റ്റാര്‍ട്ട്. പക്ഷേ, ഓസ്ട്രേലിയന്‍ താരം ലെബി ഫിന്ടോഫ,് ഫൗള്‍ ആയതുകൊണ്ട് റീസ്റ്റാര്‍ട്ട്. രണ്ടാമത്തെ സ്റ്റാര്‍ട്ട് ഉഷയ്ക്ക് മെച്ചമായില്ല. എങ്കിലും നൂറുകോടി ജനങ്ങളുടെ പ്രാര്‍ത്ഥനയും പേറി ഉഷകുതിച്ചു. ഓട്ടം കഴിഞ്ഞപ്പോള്‍ ഉഷയ്ക്ക് വെങ്കലമെന്ന് എല്ലാവരും കരുതി.ഫോട്ടോ ഫിനിഷിങ്ങില്‍ ഉഷ നാലാമത്. അതോര്‍ക്കുമ്പോള്‍ എന്നും ഒ എം നമ്പ്യാരുടെ കണ്ണു നിറയുമായിരുന്നു. ഒരിക്കലും അവസാനിക്കാത്ത നഷ്ടബോധം അദ്ദേഹത്തെ വേട്ടയായുമായിരുന്നു.
‘ഞാന്‍ നിരാശകൊണ്ട് നിലത്ത് കിടന്നുപോയി. ആ കിടപ്പ് എത്രനേരം തുടര്‍ന്നുവെന്ന് എനിക്കോര്‍മയില്ല.ആദ്യ സ്റ്റാര്‍ട്ട് ഓസ്ട്രേലിയക്കാരി ഫൗള്‍ ആക്കിയില്ലായിരുന്നെങ്കില്‍ ഉഷ
മെഡല്‍ നേടുമായിരുന്നു, അതെനിക്ക് ഉറപ്പാണ്’ എന്ന് പലതവണ നമ്പ്യാര്‍ കണ്ണീര് നനവില്‍ പറഞ്ഞിട്ടുണ്ട്.
ഇന്ത്യന്‍ കായികരംഗത്തുതന്നെ ഏറ്റവുമധികം വിജയം കൊണ്ടുവന്ന ഗുരുശിഷ്യ ബന്ധമായിരുന്നു ഒ എം നമ്പ്യാര്‍- പി ടി ഉഷ. എന്നത്. സ്പോര്‍ട്സ് ഡിവിഷനിലേക്ക് തിരുവനന്തപുരത്ത് നടന്ന സെലക്ഷനിലാണ് ഉഷയെ നമ്പ്യാര്‍ ആദ്യമായി കാണുന്നത്. ഉഷയ്ക്ക് സെലക്ഷന് കിട്ടി. ഉഷ വിദ്യാര്‍ത്ഥിയായും നമ്പ്യാര്‍ അധ്യാപകനായും കണ്ണൂര്‍ സ്പോര്‍ട്സ് ഡിവിഷനിലെത്തി.
പിന്നീടുള്ളത് കായിക ഇന്ത്യയുടെ ചരിത്രം. പയ്യൊളി എക്സ്പ്രസ്സായി അന്താരാഷ്ട്ര കായിക വേദികളില്‍ ഉഷ കുതിച്ചു. ഒന്നിനുപിറകെ ഒന്നായി വിജയങ്ങള്‍.
അന്താരാഷ്ട്ര മത്സരങ്ങളില്‍ മാത്രം നൂറിലധികം മെഡലുകള്‍. 1986ലെ ജക്കാര്‍ത്ത ഏഷ്യന്‍ ട്രാക്ക് ആന്‍ഡ് ഫീല്‍ഡ് മീറ്റില്‍ ഉഷ ചരിത്രമെഴുതി.
അഞ്ച് സ്വര്‍ണമടക്കം ആറ് മെഡലുകള്‍. ഇന്ത്യ അന്ന് മൊത്തം നേടിയത് ഏഴ് മെഡലുകളായിരുന്നു. തിരിച്ച് നാട്ടിലെത്തിയപ്പോള്‍ പ്രധാനമന്ത്രി രാജീവ് ഗാന്ധി പറഞ്ഞത് ‘ഇങ്ങനെയാണെങ്കില്‍ ഉഷയും നമ്പ്യാരും മാത്രം പോയാല്‍ മതിയായിരുന്നല്ലോ’ എന്നായിരുന്നു പ്രധാനമന്ത്രി രാജീവ് ഗാന്ധി പറഞ്ഞത്.
ഉഷയുടെ നേട്ടങ്ങള്‍ക്കുപിന്നില്‍ വിയര്‍പ്പൊഴുക്കിയ നമ്പ്യാരെ ആദരിക്കാനാണ് പരിശീലകര്‍ക്കായി ‘ദ്രോണാചാര്യ’എന്നപേരില്‍ ഏര്‍പ്പെടുത്തിയ അവാര്‍ഡും അത് ആദ്യമായി നമ്പ്യാര്‍ക്ക് നല്‍കിയത്.
‘ദ്രോണാചാര്യ’ എന്നതിനെക്കാള്‍ ഉഷയുടെ പരിശീലകന് എന്ന അറിയപ്പെടാനാണ് ഇഷ്ടമെന്നാണ് നമ്പ്യാര്‍ പറഞ്ഞിട്ടുള്ളത്.
‘എന്നെ രാജ്യാന്തര മികവുള്ള അത്ലറ്റാക്കിയതിലെ പ്രധാന പങ്ക് കോച്ച് ഒ.എം. നമ്പ്യാര്‍ സാറിനുള്ളതാണ്. അക്കാര്യത്തില്‍ തെല്ലും സംശയം വേണ്ട. പരിശീലനത്തിലെ ആത്മാര്‍ഥതയുടെ കാര്യത്തില്‍ നമ്പ്യാര്‍ സാറിനെ വെല്ലാന്‍ ഭാരതത്തില്‍ മറ്റൊരു കോച്ചില്ല’ ഉഷ ഗുരുവിനെക്കുറിച്ച് പറയുന്നു. ‘എന്നിലെ അത്ലറ്റിനെ കണ്ടെത്തിയതും രാജ്യാന്തര നിലവാരത്തില്‍ എന്നെ എത്തിച്ചതും നമ്പ്യാര്‍സാര്‍ തന്നെയാണ്. അതു ലോകത്തിനു മുഴുവന്‍ നന്നായറിയാം. നമ്പ്യാര്‍ സാര്‍ ആരെയും ഭയക്കാത്ത എല്ലാം തുറന്നടിക്കുന്ന പ്രകൃതക്കാരന്. തുല്യമായ പരിഗണനയും ആത്മാര്‍ഥതയും പരിശീലിപ്പിക്കുന്ന എല്ലാ അത്ലറ്റുകളോടും കാണിച്ചിരുന്നു’. ഉഷ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: