ന്യൂയോര്‍ക്ക്: അഫ്ഗാനില്‍ ബലമായി ഭരണം പിടിച്ചെടുത്ത താലിബാന് തീവ്രവാദികള്‍ക്ക് മുന്നറിയിപ്പുമായി നാറ്റൊ മേധാവി. അഫ്ഗാനെ ഭീകരതയുടെ പ്രഭവകേന്ദ്രമാക്കാന്‍ അനുവദിക്കില്ല. നാറ്റൊ സഖ്യത്തിലെ രാജ്യങ്ങള്‍ക്കെതിരേ ആക്രമണം നടത്തുകയോ നടത്താന്‍ പദ്ധതിയിടുകയോ ചെയ്യുകയാണെങ്കില്‍ പ്രത്യാക്രമണത്തിനു മടിക്കില്ലെന്ന് നാറ്റൊ മേധാവിയും സെക്രട്ടറി ജനറലുമായ ജെന്‍സ് സ്റ്റോള്‍ടെന്‍ബെര്‍ഗ് വ്യക്തമാക്കി. അഫ്ഗാനില്‍ നിന്ന് നാറ്റൊ സഖ്യം പിന്‍വാങ്ങിയെങ്കിലും പ്രകോപം ഉണ്ടാക്കുകയാണെങ്കില്‍ തിരിച്ചെത്തുമെന്നും അകലെയിരുന്നും ആക്രമിക്കാനുള്ള കഴിവ് തങ്ങള്‍ക്കുണ്ടെന്നു അദേഹം വ്യക്തമാക്കി.
അതേസമയം, അഫ്ഗാനിസ്ഥാനില്‍ താലിബാന് സ്ത്രീകളുടെ അവകാശങ്ങളെ മാനിക്കുമെന്ന് പ്രഖ്യാപിച്ച് ദിവസങ്ങള്‍ക്കുള്ളില്‍ തനിനിറം കാട്ടി ഭീകരസംഘടന താലിബാന്. തെരുവുകളിലെ സ്ത്രീകളുടെ ചിത്രങ്ങള്‍, പരസ്യബോര്‍ഡുകള്‍ താലിബാന് ഭീകരര്‍ പൂര്‍ണമായി നശിപ്പിച്ചു തുടങ്ങി. കാബൂളിലെ ഷാര്-ഇ-നാവില്‍ സ്പ്രേ പെയിന്റ് ഉപയോഗിച്ച് വികൃതമാക്കിയ സ്ത്രീകളുടെ ചിത്രങ്ങളുള്ള ഒരു ബ്യൂട്ടി സലൂണിന്റെ മുന്‍ഭാഗത്തിന്റെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായി.
നേരത്തെ, കാബൂളിലെ വനിതാ മോഡലുകളുടെ പോസ്റ്ററുകളില്‍ ഒരാള്‍ വെള്ള പൂശുന്ന ഒരു ചിത്രം വൈറലായിരുന്നു. അതേസമയം, അഫ്ഗാനിസ്ഥാനില്‍ താലിബാന് അധികാരം തിരിച്ചുപിടിച്ചതോടെ, ബുര്‍ഖകളുടെ വില്പന രാജ്യത്ത് കുതിച്ചുയര്‍ന്നു. അഫ്ഗാന് സ്ത്രീകള്‍ താലിബാന് ഭരണത്തിന് കീഴില്‍ അതിക്രമങ്ങളുടെയും അടിച്ചമര്‍ത്തലുകളുടെയും നാളുകളിലേക്ക് തിരികെ പോകുമെന്ന് ഉറപ്പാക്കുന്ന കാര്യങ്ങളാണ് ഇപ്പോള്‍ നടക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: