കൊല്ലം: ഓണക്കാലത്ത് തെരുവ് വിളക്കുകള്‍ പ്രകാശിപ്പിക്കാന്‍ നടപടി സ്വീകരിക്കാതെ കൊല്ലം കോര്‍പ്പറേഷന്‍. ജില്ലാ ഭരണകൂടത്തിന് പണ്ടേ വഴിവിളക്കുകളോട് താല്പര്യമില്ല. ഇതോടെ ജനത്തിന് മേയറോടുള്ള ഒറ്റ ചോദ്യം മാത്രം, ഇത്തവണയും ഓണം ഇരുട്ടിലാക്കുമോ എന്നാണ്. കൊവിഡിനെ മറയാക്കിയാണ് സ്വന്തം വീഴ്ചകളില്‍ നിന്നും പിടിപ്പു കേടുകളില്‍ നിന്നും മേയറും മറ്റ് ഭരണാധികാരികളും തലയൂരുന്നത്. ജില്ലാ ആസ്ഥാനമടക്കമുള്ള ഭരണസിരാകേന്ദ്രങ്ങളും ദേശിയപാതയോരവും തീരദേശറോഡും ചെറുതും വലുതുമായ വഴികളും അന്ധകാരത്തിലാണ്.
കൊല്ലം മുതല്‍ പാരിപ്പള്ളി വരെ ഭാഗങ്ങളില്‍ വഴിവിളക്കുകള്‍ കത്തുന്ന ഇടങ്ങള്‍ വിരലിലെണ്ണാവുന്നത്ര മാത്രം. ദേശീയപാതയില്‍ രാത്രിയില്‍ തെരുവിന് വെളിച്ചം വേണമെങ്കില്‍ അമ്പിളിമാമനാണ് ആശ്രയം. കുഴികള്‍ നിറഞ്ഞ പാതയിലെ കൂരിരുട്ടില്‍ ഒളിഞ്ഞിരിക്കുന്നത് വലിയ ദുരന്തങ്ങളാണ്. കൊല്ലം കോര്‍പ്പറേഷന്‍ പരിധിയിലുള്ള ദേശീയപാതയില്‍ തെരുവുവിളക്കുകള്‍ കത്താതായിട്ട് മാസങ്ങളായി. ഇരുമ്പുപാലവും എസ്എന്‍ കോളേജ് ജംഗ്ഷനുമെല്ലാം ഇരുട്ടിലാണ്. കൊട്ടിയം നഗര പ്രദേശം ഏറ്റവും കൂടുതല്‍ അപകടങ്ങള്‍ നടക്കുന്ന ഊറാംവിള ജംഗ്ഷന്‍, പള്ളിമുക്ക്, മേവറം, ഇത്തിക്കര തുടങ്ങി ദേശീയപാതയിലെ ഒട്ടുമിക്ക സ്ഥലങ്ങളിലും മിക്ക പോസ്റ്റുകളും ഒടിഞ്ഞും ചാഞ്ഞും നില്‍ക്കുന്നു. ഇവയിലെ ബള്‍ബുകളുടെ ഹോള്‍ഡര്‍ കാബിനുകള്‍ മിക്കതും ഇളകിയും ഒടിഞ്ഞും മുകളിലേയ്‌ക്ക് തിരിഞ്ഞ നിലയിലുമാണ്. അഥവാ കത്തിയാലും വെളിച്ചം റോഡിലേയ്‌ക്കെത്തില്ല.
എആര്‍ ക്യാമ്പ് ജംഗ്ഷന്‍ കഴിഞ്ഞാല്‍ പിന്നെ വെളിച്ചം കാണണമെങ്കില്‍ കപ്പലണ്ടി മുക്കിലെത്തണം. ചിന്നക്കടയുടെയും ആശുപത്രി ജംഗ്ഷന്റെയും നിലയും തഥൈവ. കളക്ടറേറ്റ്, കാങ്കത്തുമുക്ക് എന്നിവിടങ്ങളില്‍ നാമമാത്രമായി വിളക്കുകള്‍ കാഴ്ചയ്‌ക്കാണ്. കപ്പലണ്ടിമുക്ക് മുതല്‍ കടപ്പാക്കട വരെ കോര്‍പ്പറേഷനും വൈദ്യുതി വകുപ്പും നിരവധി ലൈറ്റുകള്‍ സ്ഥാപിച്ചിട്ടുണ്ട്. എന്നാല്‍ ഒന്നുപോലും നാട്ടുകാര്‍ക്ക് ഗുണമില്ല. സന്ധ്യമയങ്ങി കഴിഞ്ഞാല്‍ റോഡ് കൂരിരുട്ടിലാകും. ഈ റോഡുവക്കില്‍ കടകളും കുറവാണ്. അതു കാരണം മറ്റ് വെളിച്ചവും റോഡിലെത്താറില്ല.
തെരുവുവിളക്കുകളുടെ പണിമുടക്കില്‍ ഇരുചക്രവാഹന യാത്രക്കാരാണ് ഏറെ വലയുന്നത്. വെളിച്ചമില്ലാത്ത കേന്ദ്രങ്ങള്‍ മിക്കവയും സാമൂഹ്യവിരുദ്ധരുടെ വിഹാരകേന്ദ്രങ്ങളാണ്. ഇവിടെ മാലിന്യങ്ങള്‍ കൊണ്ടു തള്ളുകയും മദ്യപാനത്തിനുള്ള വേദിയാക്കുകയുമാണ്. ബൈപാസ് റോഡില്‍ മാത്രമാണ് കുറച്ചെങ്കിലും ലൈറ്റുകള്‍ ഉള്ളത്. പോളയത്തോട്, തട്ടാമല ജംഗ്ഷന്‍, മേവറം ബൈപ്പാസ് ചേരുന്ന ഭാഗം, ഉമയനല്ലൂര്‍ എന്നിവിടങ്ങളില്‍ ഒരു പോസ്റ്റിലും വിളക്കുകള്‍ കത്താറില്ല. കൊട്ടിയം ജംഗ്ഷനില്‍മാത്രം ഇരുപത്തഞ്ചോളം വിളക്കുകളുണ്ട്. ഇതില്‍ വെളിച്ചം തരുന്നത് ഒന്നുമാത്രം. ചാത്തന്നൂര്‍ ജംഗ്ഷനില്‍ ഹൈ മാസ്റ്റ് ലൈറ്റ് വാഹനമിടിച്ചു തകര്‍ന്നിട്ട് മാസം ഒന്നായിട്ടും പകരം ലൈറ്റ് സ്ഥാപണ്ടിച്ചിട്ടില്ല. ഇവിടെ ബാക്കിയുള്ള ലൈറ്റുകള്‍ പൂര്‍ണ്ണമായും കണ്ണടച്ചു. അപകടമേഖലയായ മൈലക്കാട് ഇറക്കം, ഇത്തിക്കര വളവ് എന്നിവിടങ്ങളില്‍ പേരിനുപോലും തെരുവുവിളക്കുകള്‍ തെളിയുന്നില്ല. കൊട്ടിയം മുതല്‍ ഇത്തിക്കര വരെ ദേശീയപാതയില്‍ സ്വകാര്യ സ്ഥാപനങ്ങളുടെ സഹകരണത്തോടെ സ്ഥാപി ച്ച വിളക്കുകള്‍ അറ്റകുറ്റപ്പണി നടത്താതെ ഉപയോഗശൂന്യമായി. മിക്കയിടത്തും ഡിവൈഡറുകളിലാണ് വിളക്കുകള്‍ സ്ഥാപിച്ചിരിക്കുന്നത്. വാഹനങ്ങള്‍ ഇടിച്ചും മറ്റും ഇവ നശിച്ചാല്‍ നന്നാക്കാന്‍ മെനക്കെടാത്തതാണ് തെരുവുവിളക്കുകള്‍ ഓരോന്നായി ഇല്ലാതാകാന്‍ കാരണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: