കോഴിക്കോട് : സ്ത്രീത്വത്തെ അപമാനിക്കുകയും ലൈംഗികമായി അധിക്ഷേപിക്കുകയും ചെയ്ത പ്രസ്താവനയ്ക്കെതിരെ പരാതി നല്‍കിയിട്ടും മുസ്ലിം ലീഗില്‍ നിന്നും സ്വാഭാവിക നീതി ലഭിച്ചില്ലെന്ന് രൂക്ഷ വിമര്‍ശനവുമായി എംഎസ്എഫ് ദേശീയ വൈസ് പ്രസിഡന്റ് ഫാത്തിമ തഹ്ലിയ. ഒരുപാട് മേഖകളിലെ പെണ്‍കുട്ടികള്‍ക്കായി പ്രവര്‍ത്തിക്കുന്ന സംഘടനയാണ് ഹരിത. നടപടി സ്വീകരിക്കുന്നതിന് മുമ്പ് പാര്‍ട്ടി ഹരിതയുടെ വിശദീകരണം കേട്ടില്ലെന്നും ഫാത്തിമ പറഞ്ഞു. കോഴിക്കോട് വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അവര്‍.
പി.കെ. നവാസ് ഉള്‍പ്പെടെ ഉള്ളവര്‍ക്ക് എതിരെ ഉള്ള പരാതി ലീഗിനും എംഎസ്എഫ് ദേശീയ കമ്മിറ്റിക്കും നല്‍കിയിരുന്നു. ദേശീയ കമ്മിറ്റി റിപ്പോര്‍ട്ട് ലീഗ് നേതൃത്വത്തിന് സമര്‍പ്പിച്ചിരുന്നു. ഓരോ ലീഗ് നേതാക്കളെയും നേരിട്ട് കണ്ട് പരാതി ബോധിപ്പിച്ചു. പിഎംഎ സലാമിനെ പരാതി ഏല്‍പ്പിച്ചു എന്നാണ് കിട്ടിയ വിശദീകരണം. മറ്റ് നടപടികളുണ്ടായിട്ടില്ല.
നിരന്തരമായ അസ്വസ്ഥത കാരണം ആണ് വനിതാ കമ്മീഷന് പരാതി നല്‍കിയത്. പാര്‍ട്ടി വേദിയില്‍ പറഞ്ഞിട്ട് നടപടി വൈകിയതില്‍ മാത്രമാണ് വനിത കമ്മിഷനെ സമീപിച്ചത്. വനിതാ കമ്മീഷനില്‍ പരാതി നല്‍കിയത് ഹരിതയുടെ സംസ്ഥാന ഭാരവാഹികള്‍ ആണ്. പാര്‍ട്ടി വേദികളിലും വനിതാ കമ്മിഷന് മുന്നിലും മാത്രമാണ് അവര്‍ കാര്യങ്ങള്‍ പറഞ്ഞത്. അത്ര മാത്രം സംഘടനയെ വിശ്വസിക്കുന്ന ആളുകള്‍ ആണ്. എഎസ്എഫ് സംസ്ഥാന ഭാരവാഹികളുടെ യോഗം വിളിച്ച് വിശദീകരണം തേടി. ഹരിത പ്രവര്‍ത്തകര്‍ പറഞ്ഞതും ലീഗ് കേട്ടു. താന്‍ കൂടി ഉള്‍പ്പെട്ട വേദിയില്‍ ആണ് വാദങ്ങള്‍ കേട്ടത്.
എംഎസ്എഫിനെതിരെ പരാതി നല്‍കിയതില്‍ സമൂഹ മാധ്യമങ്ങള്‍ വഴി ഇപ്പോഴും വ്യക്തിഹത്യ നടത്തുന്നു. പ്രയാസങ്ങളില്‍ കൂടെ ആണ് ഇപ്പോഴും കടന്നു പോകുന്നത്. ഇപ്പോഴും പാര്‍ട്ടിയില്‍ പ്രതീക്ഷ ഉണ്ട്. സഹിക്കുന്നതിന്റെ അങ്ങേയറ്റം സഹിച്ചു. രണ്ടാഴ്ച കാത്തിരിക്കാന്‍ ലീഗ് നേതൃത്വം പറഞ്ഞു. സ്ത്രീ വിരുദ്ധ പരാമര്‍ശം നടത്തിയവര്‍ക്ക് കിട്ടിയ സ്വാഭാവിക നീതി ഹരിതയ്ക്ക് കിട്ടാത്തതില്‍ വേദനയുണ്ട്. ഹരിത മരവിപ്പിച്ച നടപടിയില്‍ സങ്കടം ഉണ്ടെന്നും തഹ്ലിയ കൂട്ടിച്ചേര്‍ത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: