തിരുവനന്തപുരം: സര്‍ക്കാരിന്റെ ഓണക്കിറ്റ് വാങ്ങി ഓണം ഉണ്ണാമെന്നാണെങ്കില്‍ ഇക്കുറി അത് നടക്കില്ല. ഇന്നലെയോടെ പൂര്‍ത്തിയാകേണ്ട കിറ്റ് വിതരണം എങ്ങുമെത്തിയില്ല. ഓണം കഴിഞ്ഞാലേ കിറ്റ് ലഭിക്കൂയെന്ന സാഹചര്യമാണ് നിലവില്‍. ധാന്യങ്ങള്‍ ലഭ്യമാക്കുന്നതിലെ വീഴ്ചയാണ് തുടക്കത്തില്‍ ഉണ്ടായതെങ്കില്‍, ഒടുവില്‍ ചിപ്സും ഉപ്പേരിയും ടെന്‍ഡര്‍ നല്‍കിയതിലെ അപാകം കൂടിയായതോടെ കിറ്റ് വാങ്ങി ഓണം ഉണ്ണാമെന്ന മലയാളികളുടെ പ്രതീക്ഷയ്ക്ക് മങ്ങലേറ്റു.
കിറ്റ് ലഭ്യമാകാതെ വന്നതോടെ റേഷന്‍ കടക്കാരാണ് പ്രതിസന്ധിയിലായത്. സപ്ലൈകോയ്ക്കാണ് റേഷന്‍ കടകളില്‍ കിറ്റ് നല്‍കേണ്ട ചുമതല. ജൂലൈ 31ന് ആരംഭിച്ച കിറ്റ് വിതരണം ആഗസ്ത് 16ന് പൂര്‍ത്തിയാക്കുമെന്നായിരുന്നു സര്‍ക്കാരിന്റെ പ്രഖ്യാപനം. മുന്‍ഗണനാ പട്ടികയനുസരിച്ച് മഞ്ഞ, പിങ്ക് കാര്‍ഡുകാര്‍ക്ക് കഴിഞ്ഞ ശനിയാഴ്ചയ്ക്കകം വിതരണം പൂര്‍ത്തിയാക്കേണ്ടതായിരുന്നു. ഈ രണ്ട് വിഭാഗത്തിലുമായി സംസ്ഥാനത്താകെ 35 ലക്ഷത്തോളം ഗുണഭോക്താക്കളാണുള്ളത്. എന്നാല്‍, റേഷന്‍ കടകളില്‍ കിറ്റ് എത്തിക്കാതെ ഓണത്തിന് മുമ്പ് നീല, വെള്ള കാര്‍ഡുകാര്‍ക്കുംകൂടി കിറ്റ് നല്കാന് സര്‍ക്കാര്‍ നിര്‍ദേശം നല്‍കുകയായിരുന്നു. ഇതോടെ മിക്ക റേഷന്‍ കടകള്‍ക്കു മുന്നിലും കൊവിഡ് മാനദണ്ഡം പാലിക്കാതെയുള്ള ജനക്കൂട്ടവുമായി.
പതിനാറിനം സാധനങ്ങള്‍ അടങ്ങുന്ന സര്‍ക്കാരിന്റെ സൗജന്യ കിറ്റിലെ ശര്‍ക്കര വരട്ടിയും ഉപ്പേരിയും നല്‍കുന്നത് കുടുംബശ്രീയാണ്. ഇതിന്റെ അടിസ്ഥാനത്തില്‍ ഒരു ലക്ഷത്തോളം ഉപ്പേരി പാക്കറ്റുകള്‍ സപ്ലൈകോക്ക് കൈമാറി. എന്നാല്‍ 7,50,000 പാക്കറ്റുകളുടെ ഓര്‍ഡര്‍ കൂടിയുണ്ടെങ്കിലും കുടുംബശ്രീക്ക് ലഭ്യമാക്കാനായില്ല. ഇതോടെ ഓണക്കിറ്റ് വിതരണം പ്രതിസന്ധിയിലായി. വന്‍തോതില്‍ ശര്‍ക്കര വരട്ടിയും ചിപ്സും തയ്യാറാക്കുന്നതിന് കുടുംബശ്രീയുടെ കീഴിലുള്ള കാര്‍ഷിക സൂക്ഷ്മ സംരംഭ യൂണിറ്റുകള്‍ പര്യാപ്തമല്ല. തുടര്‍ന്ന് 5,00,000 ശര്‍ക്കര വരട്ടി പുറത്തുള്ള സൊസൈറ്റികള്‍ക്ക് ഓര്‍ഡര്‍ നല്കി. അതും ലഭിച്ചില്ല. ഇതിന് പുറമേ ഒരു ലക്ഷത്തോളം പാക്കറ്റുകള്‍ കൂടിയുണ്ടെങ്കില്‍ മാത്രമേ ഇക്കുറി ഓണക്കിറ്റ് പൂര്‍ണമായി വിതരണം ചെയ്യാനാകൂ.
കുട്ടികള്‍ക്കായി ക്രീം ബിസ്കറ്റ് നല്കാന് തുടക്കത്തില്‍ തീരുമാനിച്ചിരുന്നെങ്കിലും പിന്നീട് സാമ്പത്തിക പ്രതിസന്ധിയെത്തുടര്‍ന്ന് ഒഴിവാക്കേണ്ടി വന്നു. ചെറുപയര്‍, കടല, കശുവണ്ടിപ്പരിപ്പ് തുടങ്ങിയവ ലഭ്യമാക്കുന്നതില്‍ അധികൃതര്‍ക്കുണ്ടായ വീഴ്ച കിറ്റ് വിതരണം തുടക്കത്തിലേ താറുമാറാക്കി. കശുവണ്ടിപ്പരിപ്പ് ലഭ്യമാകുന്നില്ലെന്ന് സപ്ലൈകോ അറിയിച്ചതോടെ അതും ഒഴിവാക്കി. പകരമായി കായവും പുളിയും ഉള്‍പ്പെടുത്തുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: