കാബൂള്‍ : അഫ്ഗാനിസ്ഥാന്റെ നിയന്ത്രണം താലിബാന് കൈക്കലാക്കിയതിന് പിന്നാലെ അഫ്ഗാനില്‍ കൂട്ടപ്പലായനം തുടരുന്നു. കാബൂളില്‍ നിന്ന് പുറപ്പെട്ട സൈനിക വിമാനത്തിന്റെ ചക്രത്തില്‍ മനുഷ്യന്റെ മൃതദേഹാവശിഷ്ടം കണ്ടെത്തിയതായി യുഎസ്. യുഎസ് വ്യോമസേനയുടെ സി-17 ഗ്ലോബ് മാസ്റ്റര്‍ വിമാനത്തില്‍ രക്ഷപ്പെടുന്നതിനിടെയാണ് അപകടം സംഭവിക്കുന്നത്.
സംഭവത്തില്‍ അന്വേഷണം നടത്തുമെന്ന് യുഎസ് എയര്‍ഫോഴ്സ് വ്യക്തമാക്കി. താലിബാന് അഫ്ഗാന് പിടിച്ചടക്കിയതോടെ രക്ഷപ്പെടാനായി ആയിരങ്ങള്‍ വിമാനത്താവളത്തില്‍ തടിച്ചുകൂടുകയും യുഎസ് വിമാനത്തിലേക്ക് ആളുകള്‍ തിക്കിതിരക്കി കയറുകയുമായിരുന്നു. ഇതോടെ ചരക്കിറക്കാതെ ടേക്ക് ഓഫ് ചെയ്തു.
വിമാനത്തിന്റെ ചക്രത്തില്‍ തൂങ്ങി രക്ഷപ്പെടാന്‍ ശ്രമിക്കുന്ന രണ്ട് പേര് വീണ് മരിക്കുന്ന ദൃശ്യങ്ങള്‍ സമൂഹ മാധ്യമങ്ങളിലും വ്യാപകമായി പ്രചരിച്ചിരുന്നു. വിമാനത്താവളത്തിലെ തിരക്കിലും തിരക്കിലും ഏഴ് പേര് മരിച്ചെന്നാണ് വിവരം. ആകാശത്തേക്ക് വെടിവെച്ചാണ് യുഎസ് സേന ആള്‍ക്കൂട്ടത്തെ പിരിച്ചത്. കാബൂളില്‍ നിന്ന് പുറപ്പെട്ട വിമാനം ഖത്തറിലെ അല്‍ ഉദൈദ് വിമാനത്താവളത്തിലാണ് ഇറങ്ങിയത്. അവിടെ വെച്ച് നടത്തിയ പരിശോധനയിലാണ് അവശിഷ്ടം കണ്ടെത്തിയത്.
അതിനിടെ അഫ്ഗാനില്‍ നിന്നുള്ള ഒഴിപ്പിക്കലിന് എല്ലാവിധ സൗകര്യവും ഉറപ്പാക്കുമെന്ന് താലിബാന് ഉറപ്പ് നല്കി. താലിബാന്റെ ഈ വാക്ക് വിശ്വാസത്തിലെടുക്കുന്നതായി വൈറ്റ് ഹൗസ് വൃത്തങ്ങള്‍ വ്യക്തമാക്കി. ദേശീയ സുരക്ഷാ ഉപദേഷ്ടാവ് ജാക്ക് സുള്ളിവനാണ് ഇക്കാര്യം അറിയിച്ചത്.
താലിബാനുമായി ചര്‍ച്ച നടത്തുമെന്ന് യൂറോപ്യന്‍ യൂണിയനും വ്യക്തമാക്കി. അഫ്ഗാനെ ഏതെങ്കിലും രാജ്യത്തിനെതിരായ താവളം ആക്കി മാറ്റില്ലെന്നായിരുന്നു താലിബാന്റെ പ്രഖ്യാപനം. പൗരന്മാരുടെ സുരക്ഷ സംബന്ധിച്ചും യൂറോപ്യന്‍ യൂണിയന് ചര്‍ച്ച നടത്തും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: