ഹുസ്റ്റണ്‍: ബ്രഹ്മാണ്ഡ പുരാണാന്തര്‍ഗതമായ വേദവ്യാസ വിരചിതമായ അദ്ധ്യാത്മ രാമായണം മുപ്പതു ദിനങ്ങളിലെ നിത്യ പാരായണത്തിനായി ഡോ: എ. പി. സുകുമാര്‍ ആംഗലേയ ഭാഷയില്‍ മൊഴിമാറ്റം നടത്തിയ പുസ്തകം കൊളത്തൂര്‍ അദ്വൈത ആശ്രമം മഠാധിപതി സ്വാമി ചിദാനന്ദപുരി അമേരിക്കയില്‍ പ്രകാശനം ചെയ്തു.
വേദാന്ത രഹസ്യങ്ങളുടെ ഉള്ളറകളിലേക്ക് ഇറങ്ങിച്ചെല്ലുന്ന അനേകം സംസ്കൃത ഗ്രന്ഥങ്ങള്‍ ഇംഗ്ലീഷിലേക്കു മൊഴിമാറ്റം നടത്തി അമേരിക്കയിലെയും യൂറോപ്പിലെയും സത്യാന്വേഷികള്‍ക്കായി എത്തിച്ചിട്ടുള്ള കാനഡയിലുള്ള ഡോ: സുകുമാറിന്റെ ഈ പുസ്തകം പ്രസിദ്ധികരിച്ചിരിക്കുന്നതു ആമസോണ്‍ മാധ്യമമാണ്.
പുസ്തകം പ്രകാശനം ചെയ്ത സ്വാമി അതിന്റെ ഉള്ളടക്കം ഹൃസ്വമായി വിവരിച്ചു.
ഭക്തിയേക്കാളേറെ ധര്‍മ്മ സങ്കല്പങ്ങള്ക്കും പുരുഷാര്‍ത്ഥത്തിനും പ്രാധാന്യം നല്കി ആദികവി രചിച്ച വാല്മീകി രാമായണത്തിലെ ശ്രീരാമ സങ്കല്പം അദ്ധ്യാത്മ രാമായണത്തില്‍ ഈശ്വര ഭാവത്തിന്റെ യശോ ശോഭയില്‍ കൂടുതല്‍ പ്രശോഭിക്കുന്നതായി അദ്ദേഹം പറഞ്ഞു. എഴുത്തച്ഛന് കിളിപ്പാട്ട് രീതിയില്‍ അതിനെ മൊഴിമാറ്റം നടത്തിയപ്പോളാകട്ടെ പരാഭക്തിയുടെ നിരര്‍ഗ്ഗള പ്രവാഹമായി പരിണമിക്കുകയുണ്ടായി. ശ്രീപരമേശ്വരന് പാര്‍വതി ദേവിയോട് രാമചരിതം പറയുന്ന രീതി അതേപടി അനുകരിച്ച എഴുത്തച്ഛന് മൂലത്തെക്കാള്‍ സൂക്ഷ്മമായ ഉപദേശ സംഗ്രഹങ്ങളും അവതാര മാഹാത്മീയങ്ങളും നിര്‍ലോഭം നിക്ഷേപിച്ചിട്ടുള്ളതായും തുടര്‍ന്ന് നിരീക്ഷിച്ചു.
അദ്ധ്യാത്മ രാമായണത്തിന്റെ കഥാ സാരാംശവും കിളിപ്പാട്ടിന്റെ ശീലുകളും സമഗ്രമായി സ്വാംശീകരിച്ചു ലളിതമായ ഇംഗ്ലീഷ് പദാവലികളിലൂടെ ഗദ്യ രൂപത്തിലാണ് പുസ്തകം തയ്യാറാക്കിയിരിക്കുന്നത്. അതിനെക്കുറിച്ചു സംസാരിച്ച ഗ്രന്ഥകര്‍ത്താവ് ആംഗലേയ ലോകത്തു മലയാള ഭാഷയില്‍ വേണ്ടത്ര പ്രാവീണ്യമില്ലാതെ വളരുന്ന തലമുറയ്ക്ക് രാമായണ മാഹാത്മ്യവും സനാതന ധര്‍മ്മ മൂല്യങ്ങളും പരിചയപ്പെടുത്താനും ഒരു മാസത്തിനുള്ളില്‍ വായിച്ചു തീര്‍ക്കാനും ഉതകുന്ന സ്ഥിതിയില്‍ നടത്തിയ ഒരു എളിയ സംരംഭം മാത്രമാണ് ഈ ഉദ്യമമെന്നു വ്യക്തമാക്കി. വേദാന്ത പഠന രംഗത്ത് മാതൃകയായ ചിദാനന്ദ സ്വാമിയെപ്പോലുള്ള ഒരു മഹാത്മാവിന്റെ പ്രോത്സാഹനവും അനുഗ്രഹവും തന്നെ കൂടുതല്‍ ധന്യനും വിനീതനുമാക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.
കേരള ഹിന്ദൂസ് ഓഫ് നോര്‍ത്ത് അമേരിക്കയുടെ നേതൃത്വത്തില്‍ ഒരു മാസമായി അമേരിക്കയില്‍ നടന്നുവന്ന രാമായണ പാരായണത്തിന്റെ സമാപനം കുറിച്ച് ഹൂസ്റ്റണ്‍ ഗുരുവായൂരപ്പന് ക്ഷേത്രം കേന്ദ്രികരിച്ചു ഓണ്‍ലൈനിലൂടെ സംഘടിപ്പിച്ച ചടങ്ങിലാണ് രാമായണ പാരായണവും പുസ്തക പ്രകാശനവും നടന്നത്. ഹരി ശിവരാമന്റെ രാമായണ പാരായണ ഫലസ്തുതിയുടെ ആലാപനത്തോടെ സമാപിച്ച ചടങ്ങില്‍ വടക്കേ അമേരിക്കയുടെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള ഭക്തരുടെ നിറ സാന്നിധ്യം ഉണ്ടായിരുന്നു.
കെ എച്ച് എന്‍ എപ്രസിഡന്റ് ഡോ: സതീഷ് അമ്പാടിയുടെ സ്വാഗത പ്രസംഗത്തോടെ ആരംഭിച്ച സദ് സംഘത്തിനു മിനിസോട്ടയില്‍ നിന്നുള്ള കോഓര്‍ഡിനേറ്റര്‍ സുരേഷ് നായര്‍ നന്ദി പറഞ്ഞു. വിവിധ സംസ്ഥാനങ്ങളില്‍ നിന്നായി അന്പതില്്പരം ആളുകള്‍ പങ്കെടുത്ത പാരായണം വിജയകരമായി ക്രമീകരിച്ചത് സെക്രട്ടറി സുധിര്‍ പ്രയാഗ, രാജീവ് ഭാസ്കരന്, വിശ്വനാഥന് നായര്‍, ജയപ്രകാശ് നായര്‍, രവി വെള്ളത്തേരി തുടങ്ങിയവര്‍ അടങ്ങിയ സബ് കമ്മിറ്റിയാണ്
സുരേന്ദ്രന് നായര്‍
പ്രതികരിക്കാൻ ഇവിടെ എഴുതുക: