പെട്രോള്‍-ഡീസല്‍ വില വര്‍ധനവിനെതിരെ കേന്ദ്രസര്‍ക്കാരിനെ വിമര്‍ശിക്കാനുള്ള അവസരങ്ങളൊന്നും കോണ്‍ഗ്രസ്സും പ്രതിപക്ഷ പാര്‍ട്ടികളും പാഴാക്കാറില്ല. ജനങ്ങളെ നേരിട്ട് ബാധിക്കുന്ന പ്രശ്നമായതിനാല്‍ ഇന്ധന വിലവര്‍ധന കേന്ദ്ര സര്‍ക്കാരിനെതിരെ ആയുധമാക്കി രാഷ്ട്രീയ മുതലെടുപ്പ് നടത്താമെന്നതാണ് ഇതിലെ ദുഷ്ടലാക്ക്. അന്താരാഷ്ട്ര വിപണിയില്‍ അസംസ്കൃത എണ്ണയുടെ വില കുറഞ്ഞിരിക്കെ രാജ്യത്ത് ഇന്ധനനികുതി കുറയ്ക്കാത്തത് ജനങ്ങളെ ദ്രോഹിക്കാനാണെന്നും, എണ്ണ കമ്പനികള്‍ക്ക് കൊള്ളലാഭമുണ്ടാക്കിക്കൊടുക്കാനാണിതെന്നുമുള്ള പ്രതിപക്ഷ ആരോപണം മാധ്യമങ്ങള്‍ ഏറ്റുപിടിക്കുകയും ചെയ്യുന്നു. നേപ്പാള്‍, ശ്രീലങ്ക മുതലായ അയല്‍ രാജ്യങ്ങളില്‍ ഇന്ധനവില ഇന്ത്യയെക്കാള്‍ വളരെ കുറവാണെന്ന് പ്രചരിപ്പിച്ച് ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാനും ചിലര്‍ ശ്രമിക്കുകയുണ്ടായി. രാജ്യ തലസ്ഥാനത്ത് സൈക്കിള്‍ യാത്രയും മറ്റും നടത്തി ജനശ്രദ്ധയാകര്‍ഷിക്കാനുള്ള ശ്രമങ്ങളും പ്രതിപക്ഷം നടത്തി. കഴിയാവുന്നവിധമൊക്കെ ജനക്ഷേമ ഭരണം കാഴ്ചവയ്ക്കുന്ന മോദി സര്‍ക്കാരിനെ അടിക്കാനുള്ള വടിയായി ഇന്ധന വിലവര്‍ധന ഉപയോഗിക്കാന്‍ കഴിയുന്നതില്‍ കോണ്‍ഗ്രസ്സ് നേതൃത്വം കുറച്ചൊന്നുമല്ല ആഹ്ലാദം കൊള്ളുന്നത്. കോണ്‍ഗ്രസ്സിന്റെ സഖ്യകക്ഷികളും ഒപ്പം ചേര്‍ന്ന് രംഗം കൊഴിപ്പിക്കുകയുണ്ടായി. എന്നാല്‍ ഇതിനു പിന്നിലെ വഞ്ചന കേന്ദ്ര ധനകാര്യമന്ത്രി നിര്‍മല സീതാരാമന് തുറന്നുകാട്ടിയിരിക്കുകയാണ്.
എന്തുകൊണ്ടാണ് കേന്ദ്രസര്‍ക്കാര്‍ പെട്രോളിന്റെയും ഡീസലിന്റെയും എക്സൈസ് നികുതി കുറയ്ക്കാത്തതെന്ന മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് മറുപടിയായാണ് ധനമന്ത്രി ഈ വെളിപ്പെടുത്തല്‍ നടത്തിയത്. കോണ്‍ഗ്രസ്സിന്റെ നേതൃത്വത്തില്‍ പത്ത് വര്‍ഷം കേന്ദ്രം ഭരിച്ച യുപിഎ സര്‍ക്കാര്‍ 2013 ല്‍ പെട്രോള്‍ കമ്പനികള്‍ക്കുവേണ്ടി ഓയില്‍ ബോണ്ടുകള്‍ ഇറക്കിയതിന്റെ ബാധ്യത തീര്‍ക്കാനുള്ളതുകൊണ്ടാണ് ആഗ്രഹമുണ്ടായിരുന്നിട്ടും പെട്രോളിനും ഡീസലിനും വില കുറയ്ക്കാനാവാത്തതെന്നാണ് നിര്‍മല സീതാരാമന് പറഞ്ഞത്. ഇന്ധനം വിലകുറച്ചു നല്‍കുന്നതിന്റെ നഷ്ടം നികത്താന്‍ സബ്സിഡി നല്കുന്നതിനു പകരമായാണ് 1.4 ലക്ഷം കോടിയുടെ ഓയില്‍ ബോണ്ടുകള്‍ മന്മോഹന് സിങ് സര്‍ക്കാര്‍ ഇറക്കിയത്. ഇതിന് കഴിഞ്ഞ ഏഴ് സാമ്പത്തിക വര്‍ഷങ്ങളില്‍ പ്രതിവര്‍ഷം 9000 കോടി രൂപയിലധികമാണ് മോദി സര്‍ക്കാര്‍ പലിശയായി നല്‍കിയത്. ഇങ്ങനെയൊരു ബാധ്യത സര്‍ക്കാരിനില്ലായിരുന്നുവെങ്കില്‍ ഇന്ധന വിലയില്‍ ഇളവു നല്‍കാനാവുമായിരുന്നുവെന്നും നിര്‍മല സീതാരാമന് വ്യക്തമാക്കുകയുണ്ടായി. മോദി സര്‍ക്കാര്‍ പെട്രോള്‍ കമ്പനികളെ പ്രീണിപ്പിക്കുന്നു എന്നു കുറ്റപ്പെടുത്തുന്നവരാണ് ഓയില്‍ ബോണ്ടിറക്കി ജനങ്ങളോട് കടുത്ത വഞ്ചന കാണിച്ചത്. ഇത് നിഷേധിക്കാനാവാതെ പ്രതിക്കൂട്ടിലായ കോണ്‍ഗ്രസ്സ് കേന്ദ്രസര്‍ക്കാര്‍ ഓയില്‍ ബോണ്ടിന് പലിശ നല്‍കിയിട്ടില്ല എന്നു പറഞ്ഞ് വീണ്ടും ജനങ്ങളെ കബളിപ്പിക്കാനാണ് നോക്കുന്നത്.
കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പില്‍ പാര്‍ട്ടിക്കേറ്റ കനത്ത പരാജയത്തെ തുടര്‍ന്ന് മകന്റെ പകരക്കാരിയായി കോണ്‍ഗ്രസ്സിന്റെ ഇടക്കാല അധ്യക്ഷ പദവി ഏറ്റെടുത്ത സോണിയ ഇന്ധനവില അടിയന്തരമായി കുറയ്ക്കണമെന്നാവശ്യപ്പെട്ട് പ്രധാനമന്ത്രി മോദിക്ക് കത്തെഴുതിയിരുന്നു. പെട്രോളിന്റെയും ഡീസലിന്റെയും എക്സൈസ് തീരുവ വര്‍ധിപ്പിച്ച് കേന്ദ്രസര്‍ക്കാര്‍ ജനങ്ങളെ ബുദ്ധിമുട്ടിക്കുകയാണെന്ന് കത്തില്‍ കുറ്റപ്പെടുത്തുകയുണ്ടായി. അതേസമയം കോണ്‍ഗ്രസ്സ് ഭരിക്കുന്ന പഞ്ചാബിലെയും രാജസ്ഥാനിലെയും സംസ്ഥാന സര്‍ക്കാരുകള്‍ ചുമത്തുന്ന ഇന്ധനനികുതി കുറച്ചില്ലെന്നു മാത്രമല്ല വന്‍തോതില്‍ വര്‍ധിപ്പിക്കുകയും ചെയ്തു. ഇതു വേണ്ടെന്ന് വച്ച് ജനങ്ങളെ സഹായിക്കണമെന്ന് ഒരു കോണ്‍ഗ്രസ്സ് നേതാവും ആവശ്യപ്പെട്ടില്ല. കേന്ദ്രവും സംസ്ഥാനങ്ങളും തമ്മില്‍ വിശദമായി ചര്‍ച്ച നടത്തി ഇന്ധന വിലയുടെ കാര്യത്തില്‍ തീരുമാനമെടുക്കാമെന്ന് ധനമന്ത്രി നിര്‍മല സീതാരാമന് പറയുന്നതിലാണ് പ്രശ്ന പരിഹാരം കിടക്കുന്നത്. പെട്രോളും ഡീസലും ജിഎസ്ടിയുടെ പരിധിയില്‍ കൊണ്ടുവന്നാല്‍ വലിയതോതില്‍ വില കുറയ്ക്കാനാവും. പെട്രോള്‍ ലിറ്ററിന് 75 രൂപയ്ക്കും ഡീസല്‍ 68 രൂപയ്ക്കും നല്‍കാനാവുമെന്നാണ് ഒരു കണക്ക്. ഇതിന് സന്നദ്ധമാണെന്ന് കേന്ദ്രസര്‍ക്കാര്‍ നിരവധി തവണ വ്യക്തമാക്കിയിട്ടുള്ളതുമാണ്. എന്നാല്‍ കേരളം ഭരിക്കുന്ന ഇടതുമുന്നണി സര്‍ക്കാരോ പ്രതിപക്ഷം അധികാരത്തിലുള്ള മറ്റു സംസ്ഥാനങ്ങളോ ഇതിനു തയ്യാറല്ല. ഇതാണ് മറ്റൊരു കാപട്യം. ഇന്ധന വിലയുടെ കാര്യത്തില്‍ ആരാണ് ജനങ്ങളെ വഞ്ചിക്കുന്നതെന്നും ചൂഷണം ചെയ്യുന്നതെന്നും ഇതില്‍നിന്ന് വ്യക്തമാണല്ലോ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: