ന്യൂദല്‍ഹി: അഫ്ഗാനിസ്ഥാനില്‍നിന്നുള്ള ഇന്ത്യന്‍ പൗരന്മാരുടെ ഒഴിപ്പിക്കല്‍ നടപടികളുമായി ബന്ധപ്പെട്ട ഉദ്യോഗസ്ഥരുമായി പ്രധാനമന്ത്രി നരേന്ദ്രമോദി നിരന്തരം ബന്ധപ്പെട്ടുവരികയാണെന്ന് ഇതുമായി ബന്ധപ്പെട്ട വൃത്തങ്ങള്‍ ചൊവ്വാഴ്ച വ്യക്തമാക്കി. തിങ്കളാഴ്ച രാത്രി വൈകിയും പ്രധാനമന്ത്രി സ്ഥിതി സംബന്ധിച്ച വിവരങ്ങള്‍ ശേഖരിക്കുകയായിരുന്നുവെന്നും വിമാനം പുറപ്പെട്ടപ്പോള്‍ അദ്ദേഹത്തെ അറിയിച്ചുവെന്നും ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്യുന്നു. ‘ജാംനഗറിലേക്ക് തിരിച്ചെത്തുന്ന എല്ലാവര്ക്കും ഭക്ഷണത്തിനുള്ള ക്രമീകരണം ചെയ്യണമെന്ന് അദ്ദേഹം നിര്‍ദേശിച്ചു’- ഉദ്യോഗസ്ഥര്‍ എഎന്‍ഐയോട് പറഞ്ഞു.
ചൊവ്വാഴ്ച രാവിലെയാണ് കാബൂളിലെ ഇന്ത്യന്‍ സ്ഥാനപതിയും നയതന്ത്രകാര്യാലയത്തിലെ ഉദ്യോഗസ്ഥരും അടങ്ങുന്ന 120 പേരെയുംകൊണ്ട് വ്യോമസേന വിമാനം ഗുജറാത്തിലെ ജാംനഗറില്‍ പറന്നിറങ്ങിയത്. അഫ്ഗാനില്‍ കുടുങ്ങിയ ഇന്ത്യക്കാരെ നാട്ടിലെത്തിക്കാന്‍ ഞായറാഴ്ച വൈകിട്ട് കേന്ദ്രസര്‍ക്കാര്‍ ഒഴിപ്പിക്കല്‍ നടപടികള്‍ തുടങ്ങിയിരുന്നു. ഹമീദ് കര്‍സായി അന്താരാഷ്ട്ര വിമാനത്താവളത്തില്‍നിന്നുള്ള യാത്രാ വിമാന സര്‍വീസുകള്‍ നിര്‍ത്തിവച്ചതോടെ നടപടികള്‍ തടസപ്പെടുകയായിരുന്നു.
കാശ്മീരില്‍ ഇടപെടാനായി അഫ്ഗാനിലെ സാഹചര്യങ്ങള്‍ മുതലെടുക്കാന്‍ പാക്കിസ്ഥാന് കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ഭീകരസംഘടനകള്‍ ‘ചെറിയ ഗൂഢാലോചന’ നടത്തുന്നതായി കേന്ദ്രസര്‍ക്കാര്‍ വൃത്തങ്ങള്‍ വിശ്വസിക്കുന്നു. കാശ്മീരിലെ സുരക്ഷ വര്‍ധിപ്പിക്കുമെന്ന് കൂട്ടിച്ചേര്‍ത്തു. കാശ്മീര്‍ വിഷയം ‘ഉഭയകക്ഷി പ്രശ്നം’ എന്ന് അവര്‍ തന്നെ പറഞ്ഞിട്ടുള്ളതിനാല്‍ താലിബാന് കാശ്മീരിലേക്ക് ശ്രദ്ധ പതിപ്പിച്ചേക്കില്ലെന്നും ബന്ധപ്പെട്ടവര്‍ ചൂണ്ടിക്കാട്ടി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: