ന്യൂദല്‍ഹി : അഫ്ഗാനിലെ അടിയന്തിര സാഹചര്യങ്ങളെ തുടര്‍ന്ന് ഒഴിപ്പിച്ച എംബസ്സി നയതന്ത്ര പ്രതിനിധികളുടെ ആദ്യസംഘം ഇന്ത്യയിലെത്തി. 140 പേരടങ്ങുന്ന സംഘത്തെ അതിസാഹസികമായി പാക് വ്യോമപാത ഒഴിവാക്കി ഇറാന് വഴി ഇവരെ ഗുജറാത്തില്‍ എത്തിക്കുകയായിരുന്നു.
അഫ്ഗാനില്‍ കുടുങ്ങിയ ഉദ്യോഗസ്ഥ സംഘത്തെ തിരിച്ചെത്തിക്കുന്നതിനായി വ്യോമസേനയുടെ നേതൃത്വത്തില്‍ സി-17 വിമാനം കാബൂളില്‍ കഴിഞ്ഞ ദിവസം തന്നെ എത്തിയതാണ്. എന്നാല്‍ ഭരണം പിടിച്ചെടുത്തതോടെ ഇന്ത്യന്‍ എംബസ്സി സദാ സമയവും താലിബാന്റെ നിരീക്ഷണത്തിലാവുകയും കാബൂള്‍ വിമാനത്താവളം അടച്ചിടുകയും ചെയ്തതോടെ തിരിച്ചെത്തിക്കാന്‍ വൈകുകയായിരുന്നു.
തുടര്‍ന്ന് ഇന്ന് രാവിലെ വിമാനത്താവളം തുറന്നതിനു പിന്നാലെ കാബൂളില്‍ നിന്നും വിമാനം പാക് വ്യോമപാത ഒഴിവാക്കി ഇറാന് വഴി ഇന്ത്യയില്‍ എത്തിച്ചേരുകയായിരുന്നു. ഇന്ത്യന്‍ എംബസിയിലെ നയതന്ത്ര ഉദ്യോഗസ്ഥരും ജീവനക്കാരും സുരക്ഷാചുമതലയുള്ള ഇന്‍ഡോ-ടിബറ്റന്‍ അതിര്‍ത്തി പോലീസിലെ 100 ഉദ്യോഗസ്ഥരും നാല് മാധ്യമപ്രവര്‍ത്തകരുമടക്കം ഇരുന്നൂറിലേറെപ്പേരാണ് അഫ്ഗാനിസ്ഥാനില്‍ കുടുങ്ങിയിരുന്നത്.
യുഎസ് ജനറല്‍ സെക്രട്ടറി ആന്റണി ബ്ലിങ്കനും ഇന്ത്യന്‍ വിദേശകാര്യമന്ത്രി എസ് ജയശങ്കറും ഇന്നലെ രാത്രി നടത്തിയ ഫോണ്‍സംഭാഷണവും ഇന്ത്യക്കാരെ കാബൂളില്‍ നിന്ന് സുരക്ഷിതമായി ഒഴിപ്പിക്കുന്നതിന് സഹായകമായി. ഇന്ത്യന്‍ പൗരന്മാരെ അടിയന്തിരമായി തിരിച്ചെത്തിക്കുന്നതിനായി ഇ വിസ നല്‍കാനും കേന്ദ്ര സര്‍ക്കാര്‍ അനുമതി നല്കി കഴിഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: