നെടുങ്കണ്ടം: കമ്പംമെട്ട് ചെക്ക്‌പോസ്റ്റില്‍ ഉദ്യോഗസ്ഥര്‍ കൈക്കൂലി വാങ്ങുന്നുവെന്ന ആരോപണം ഉയര്‍ന്നതിനെ തുടർന്ന് എക്സൈസ് ഡെപ്യൂട്ടി കമ്മിഷണര്‍ വി.എസ്. സലിം പരിശോധന നടത്തി. അതേ സമയം കൈക്കൂലി വാങ്ങുന്നുവെന്ന ആരോപണത്തില്‍ തെളിവ് കണ്ടെത്താനായിട്ടില്ലെന്നും കേസ് പോലീസ് തന്നെ അന്വേഷിക്കട്ടെയെന്നുമാണ് എക്‌സൈസിന്റെ നിലപാട്.
മുല്ലപ്പെരിയാര്‍ ഡിവൈഎസ്പി കഴിഞ്ഞ ബുധനാഴ്ച നടത്തിയ മിന്നല്‍ പരിശോധനയില്‍ തമിഴ്നാട് വനംവകുപ്പിന്റെ കെട്ടിടത്തോട് ചേര്‍ന്ന് ഐസ്‌ക്രീം പാത്രത്തിനുള്ളില്‍ ഒളിപ്പിച്ച നിലയില്‍ 7490 രൂപ കണ്ടെത്തിയിരുന്നു. ഇത് ചെക്ക്‌പോസ്റ്റിലെ ഉദ്യോഗസ്ഥന്‍ ഒളിപ്പിച്ചതാണെന്ന ആരോപണമാണ് ഉയര്‍ന്നത്. ഇത്ര പ്രശ്നങ്ങള്‍ നടന്നിട്ടും തുടര്‍ നടപടിയുണ്ടാകുന്നില്ലെന്ന് ആക്ഷേപമുയര്‍ന്നിരുന്നു. പ്രതിയെ കണ്ടെത്താനോ. പോലീസ് പിടികൂടി എന്ന് പറയുന്ന ഉദ്യോഗസ്ഥനെതിരെ നടപടി എടുക്കാനോ ഉദ്യോഗസ്ഥര്‍ തയ്യാറായില്ല. ഈ സാഹചര്യത്തിലാണ് ഡെപ്യൂട്ടി കമ്മിഷണര്‍ നേരിട്ട് പരിശോധനയ്‌ക്ക് എത്തിയത്. അസി. ഡെപ്യൂട്ടി കമ്മിഷണര്‍ അബു എബ്രഹാമും കൂടെയുണ്ടായിരുന്നു.
ഡിവൈഎസ്പി വന്ന് പരിശോധിച്ച ദിവസത്തെ സിസിടിവി ദൃശ്യങ്ങളും പരിശോധിച്ചു. എന്നാല്‍ ആരോപണവിധേയനായ ഉദ്യോഗസ്ഥന്‍ പണം കൊണ്ടുവെക്കുന്നതായി ദൃശ്യങ്ങളില്‍ കണ്ടെത്താനായില്ലെന്ന് ഡെപ്യൂട്ടി കമ്മിഷണര്‍ അറിയിച്ചു. ചെക്ക് പോസ്റ്റില്‍ നിന്ന് പണം കണ്ടെത്തിയ വിവരം ഇതുവരെയും ഔദ്യോഗികമായി പോലീസ് എക്സൈസിനെ അറിയിച്ചിട്ടില്ല.
സിസിടിവി ദൃശ്യങ്ങളില്‍ ക്രമക്കേടുകളൊന്നും കണ്ടെത്താനാകാത്തതിനാല്‍ ഡിവൈഎസ്പി കണ്ടെടുത്ത പണത്തിന്റെ ഉറവിടം പോലീസ് തന്നെ അന്വേഷിക്കട്ടെ എന്നാണ് എക്സൈസിന്റെ നിലപാട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: