കാബൂള്‍ : അഫ്ഗാനിസ്ഥാനില്‍ കുടുങ്ങിയ നയതന്ത്ര ഉദ്യോഗസ്ഥരെ ഇന്ത്യ അടിയന്തിരമായി ഒഴിപ്പിച്ചു തുടങ്ങി. കാബൂളിലെ ഇന്ത്യന്‍ എംബസിയിലെ 120 ഉദ്യോഗസ്ഥരേയും വഹിച്ച് കൊണ്ടുള്ള വ്യോമസേനയുടെ പ്രത്യേക വിമാനം കാബൂളില്‍ നിന്ന് ഇന്ത്യയിലേക്ക് തിരിച്ചു. കാബൂളിലെ ഇന്ത്യന്‍ എംബസി അടച്ചു.
ആദ്യഘട്ടത്തിലാണ് 120 പേരെ ഒഴിപ്പിച്ചത്. ശേഷിക്കുന്ന ഇന്ത്യക്കാരെയും ഉടന്‍ തന്നെ നാട്ടിലെത്തിക്കും. ഇന്ത്യന്‍ എംബസിയിലെ ഒഴിപ്പിക്കല്‍ പ്രക്രിയ പൂര്‍ത്തിയായതായി വിദേശകാര്യ മന്ത്രാലയവും അറിയിച്ചു.
കാബൂള്‍ വിമാനത്താവളത്തിലേക്കും പുറത്തേക്കുമുള്ള സാധാരണ സര്‍വീസുകള്‍ റദ്ദാക്കിയതിനാല്‍ പ്രത്യേക വ്യോമസേനാ വിമാനങ്ങളിലാണ് ഇവരെ കൊണ്ടുവരുന്നത്. താലിബാന് പിടിച്ചെടുത്ത നഗരങ്ങളില്‍ കുടുങ്ങിയ ഇന്ത്യാക്കാരെ തിരിച്ചു കൊണ്ടുവരുന്നതിനായി എയര്‍ ഇന്ത്യ വിമാനം തിങ്കളാഴ്ച കാബൂളിലേക്ക് പോയെങ്കിലും അഫ്ഗാന് വ്യോമാതിര്‍ത്തി അടച്ചതിനാല്‍ ശ്രമം ഉപേക്ഷിക്കുകയായിരുന്നു. പിന്നീട് കാബൂള്‍ വിമാനത്താവളം തുറന്ന് നല്കി.
അഫ്ഗാനിസ്ഥാനിലെ അടിയന്തര ഒഴിപ്പിക്കലിന് അമേരിക്കയുടെ സഹായം ഇന്ത്യ തേടിയിരുന്നു. അടുത്ത 48 മണിക്കൂറിനുള്ളില്‍ ഒഴിപ്പിക്കല്‍ പൂര്‍ത്തിയാക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്. ഒഴിപ്പിക്കല്‍ നടപടികള്‍ക്കായി വിദേശകാര്യ മന്ത്രാലയം പ്രത്യേക സെല്‍ തുടങ്ങിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: