പന്ത്രണ്ടു രാശികളില്‍, വ്യക്തികളുടെ ജനനസമയത്തെ മുന്‍നിര്‍ത്തി ‘ലഗ്‌നം’ അടയാളപ്പെടുത്തപ്പെടുന്നതോടെ ദേവനെ/ദേവിയെ പ്രതിഷ്ഠിച്ച ശ്രീകോവില്‍ പോലെയാവുന്നു ഗ്രഹനില. അതിന്റെ ചൈതന്യം തന്നെ ലഗ്‌നമാണെന്നു പറയാം. ദേവീപൂജയ്‌ക്കായും മറ്റും വരയ്‌ക്കുന്ന മാന്ത്രിക/താന്ത്രിക പത്മങ്ങളില്‍ ഒത്തമദ്ധ്യത്തില്‍ ഇടുന്ന ബിന്ദുവിന്റെ സ്ഥാനമാണ് ലഗ്‌നത്തിനുള്ളതെന്നും വിശേഷിപ്പിക്കാം. ‘ബിന്ദുമണ്ഡലമദ്ധ്യസ്ഥാ’എന്ന് ലളിതാസഹസ്രനാമം ദേവിയുടെ ഇരിപ്പിനെ വര്‍ണിക്കുന്നു…
ലഗ്നത്തില്‍ ആരംഭിക്കുന്ന പന്ത്രണ്ടുരാശികള്‍ അഥവാ പന്ത്രണ്ടുഭാവങ്ങള്‍ ഒരു പുരുഷായുസ്സിന്റെ മഹാപത്മമാണ്! പല ത്രികോണങ്ങളിലൂടെ പുരുഷാര്‍ത്ഥ ചതുഷ്ടയം മുഴുവന്‍ അതില്‍ ആലേഖനം ചെയ്യപ്പെട്ടിരിക്കുന്നു. ധര്‍മ്മം, അര്‍ത്ഥം, കാമം, മോക്ഷം എന്നിവയുടെ പാരസ്പര്യവും പൂര്‍ത്തീകരണവുമാണ് ജീവിതം. അവയില്‍ ഏതെങ്കിലും ഒന്ന് ദുര്‍ബലമായാല്‍ മറ്റു ത്രികോണങ്ങള്‍, ജീവിതം തന്നെയും പരിക്ഷീണിതമാവും, അസന്തുലിതമാവും. ലഗ്‌നം,5,9 എന്നീ ഭാവങ്ങള്‍ ‘ധര്‍മ്മത്രികോണം’, 2, 6, 10 എന്നിവ മൂന്നും ‘അര്‍ത്ഥത്രികോണം’, 3,7,11 എന്നിവ മൂന്നും ‘കാമത്രികോണം’, 4,8,12 എന്നിവ മൂന്നും ‘മോക്ഷത്രികോണം.’ അങ്ങനെ ജീവിതം നാലു ത്രികോണങ്ങളിലൂടെ സമഗ്രമായി പ്രതിപാദിക്കപ്പെടുന്നു.
ധര്‍മ്മ ത്രികോണത്തിലൂടെയാണ് വ്യക്തിയുടെ സാത്വികഭാവങ്ങള്‍, സുകൃതദുഷ്‌കൃതങ്ങള്‍, ഉപാസനാബലം, ഭാഗ്യം, ഗുരുപിതൃ അനുഗ്രഹം, അയാള്‍ക്ക് നിറവേറ്റാനുള്ള ധര്‍മ്മകൃത്യങ്ങള്‍ തുടങ്ങിയവ വെളിപ്പെടുന്നത്. ഈ മൂന്നുഭാവങ്ങളുടെ ബലം, അവിടെ നില്‍ക്കുന്ന ഗ്രഹങ്ങള്‍ എന്നിവയെ അവലംബിച്ച് അയാളുടെ വ്യക്തിത്വം അനാവരണം ചെയ്യപ്പെടുന്നു. മൂന്നു ഭാവങ്ങളെ ഉള്ളുവെങ്കിലും അത് നവാവരണത്തിലൂടെ ദേവീചൈതന്യരഹസ്യത്തിലേക്ക് കടക്കുന്നത് പോലെയാണ്. ആത്യന്തികമായി അയാള്‍ സാത്വികനോ, രാജസനോ, താമസനോ എന്നത് ഈ ഭാവങ്ങള്‍ പറഞ്ഞുതരും.
അര്‍ത്ഥ ത്രികോണം പേരുപോലെ അധികവും സാമ്പത്തിക വിഷയങ്ങളുടെ വിളംബരമാണ്. പണം എങ്ങനെ വരുന്നു, അതിന്റെ ഉറവിടം എന്താണ് എന്നത് പണത്തിന്റെ മൂല്യം നിര്‍ണയിക്കുമല്ലോ. അതെല്ലാം 2,6,10 എന്നീ ഭാവങ്ങളുടെ വിശകലനത്തില്‍ നിന്നുമറിയാം. ഉദാഹരണമായി ഈ ഭാവങ്ങളില്‍ നില്‍ക്കുന്നത് പാപഗ്രഹങ്ങളാണ് എങ്കില്‍ അയാളുടെ ധനത്തില്‍ വെളുപ്പുമാത്രമല്ല, കറുപ്പുമുണ്ടാവും. അയാളുടെ യത്‌നത്തിന് ഭവിക്കുന്ന മാര്‍ഗഭ്രംശത്തിന്റെ കഥകൂടി അത് പരസ്യപ്പെടുത്തുകയും ചെയ്യും. മറിച്ച് ശുഭഗ്രഹ സാന്നിദ്ധ്യമാണ് ഇവയിലെങ്കിലോ? അതില്‍ നിന്നറിയാം ആ വ്യക്തിയുടെ ക്രയവിക്രയങ്ങളുടെ, സാമ്പത്തികശാസ്ത്രത്തിന്റെ ഒക്കെ തെളിമ. അയാളുടെ കര്‍മ്മത്തിന്റെ, ഉപജീവനത്തിന്റെ ശുദ്ധാശുദ്ധതകള്‍ ഉറപ്പായും അതിലുണ്ട്.
കാമത്രികോണം തൃതീയ പുരുഷാര്‍ത്ഥത്തിന്റെ ഉള്ളറക്കാര്യങ്ങളിലേക്ക് വെളിച്ചം പായിക്കുന്നു. ഐഹികമായ/ ലൗകികമായ ആഗ്രഹങ്ങളും അഭിലാഷങ്ങളും അവയില്‍ നിറയുന്നു. അയാള്‍ എന്തിനാല്‍ പ്രേരിതനും പ്രചോദിതനുമാണെന്ന് ഈ ഭാവങ്ങള്‍ പറയുന്നു. അയാളുടെ ആസക്തികളുടെ ഉറവിടങ്ങളും, അവയുടെ സാക്ഷാല്ക്കാരത്തിനായുള്ള ഉദ്യമങ്ങളും ഈ ത്രികോണഭാവങ്ങളുടെ ശക്തി/ശക്തിഹീനത പ്രകടമാക്കും. നരനാരീത്വങ്ങളുടെ സമന്വയത്തിലൂടെ, പൂരകത്തിലൂടെ മാത്രമേ ‘അവനികാണ്ഡം’ പൂര്‍ണതയടയൂ എന്നതാണ് ഏറ്റവും വലിയ ഉണ്മ. ആസക്തികളും ജീവിതത്തിന്റെ ഭാഗമാണ് എന്നും നാം അറിയുകയാണ്. ജീവിതത്തിന്റെ സര്‍വ്വജ്ഞപീഠം കയറണമെങ്കില്‍ ഈ ഭാവങ്ങള്‍ക്കും വലിയ പങ്കുണ്ടെന്ന് ശങ്കരഭഗവത്പാദരുടെ കഥ നമ്മെ പഠിപ്പിക്കുന്നുണ്ടല്ലോ!
മോക്ഷ ത്രികോണം വിരാമത്തിലേക്ക് വിരല്‍ചൂണ്ടുന്നു. ഏതു യാത്രക്കുമുണ്ടാവണം ഒരു സമാപനം. ജീവിതം ആത്യന്തികമായി മോക്ഷത്തിലൂടെയാണ് സമ്പൂര്‍ണത കൈവരിക്കുക. അനായാസേനയാണോ മരണം, വിനാ ദൈന്യേനയാണോ ജീവിതം, എന്തൊക്കെ നഷ്ടപ്പെടുത്തും, സ്വര്‍ഗ നരകങ്ങളിലേതാണ് വിധിക്കപ്പെട്ടിരിക്കുന്നത് എന്നിങ്ങനെ മര്‍മ്മപ്രധാനമായ ചോദ്യങ്ങള്‍ ഉത്തരം തേടുന്നത് 4,8,12 എന്നീ ഭാവങ്ങളുടെ വിശകലനത്തിലൂടെയാണ്. വൈകാരികമായി ഊറ്റമുള്ള പലതിനേയും നാലാമെടം അമ്മ, ഭൂമി, വാഹനം, ബന്ധു, മിത്രം ചൂണ്ടിക്കാട്ടുന്നു. അവയുടെ ഭാഗ്യനിര്‍ഭാഗ്യങ്ങള്‍ പന്ത്രണ്ടാം ഭാവ ചിന്തയില്‍ വരും. അഷ്ടമത്തില്‍ ഗൂഢവിദ്യകളും തന്ത്ര മന്ത്രങ്ങളും ചിന്താവിഷയമാണ്. മരണം, മരണദേശം, മരണാനന്തരസ്ഥിതി എന്നിവയും മോക്ഷത്രികോണത്തിന്റെ പരിധിയില്‍ വരുന്ന കാര്യങ്ങളാണ്. ‘പാപം വ്യയം ച പതനം നരകം’ എന്നിങ്ങനെയാണല്ലോ പന്ത്രണ്ടാം ഭാവത്തെക്കുറിക്കുന്ന ശ്ലോകം പുരോഗമിക്കുന്നത്.
പൊതുവേ പന്ത്രണ്ടുഭാവങ്ങളില്‍ 1,5,9 എന്നിവയാണ് ത്രികോണം എന്നുമാത്രം പറഞ്ഞാല്‍ സാധാരണഗതിയില്‍ ഓര്‍മ്മയില്‍ വരിക. ആ ത്രികോണത്തിലിരിക്കുന്ന ഗ്രഹങ്ങളും ത്രികോണഭാവത്തിന്റെ അധിപന്മാരും ശുഭനായാലും പാപനായാലും ഗുണപ്രദന്മാരാണ്. ദ്വാദശഭാവങ്ങള്‍ ചിന്തിക്കുമ്പോള്‍ അതിന്റെ ത്രികോണഭാവനാഥന്മാരായ ഗ്രഹങ്ങള്‍ അനുകൂലരായിത്തീരും. ത്രികോണരഹസ്യങ്ങളുടെ പമ്പരച്ചുഴി മുഴുവന്‍ ഈ ലേഖനത്തില്‍ അഴിച്ചെന്ന് തെല്ലും വിചാരിക്കുന്നില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക