മഹാന്മാരും മായയില്‍ വീഴാം. അത്തരം അനുഭവമാണ് സാക്ഷാല്‍ ബ്രഹ്മാവിനുണ്ടായത്. വൃന്ദാവനത്തിലെ കഥകള്‍ കേട്ട് ബ്രഹ്മാവിന് ഭഗവാനെ ഒന്ന് പരീക്ഷിക്കണം എന്നു തോന്നി. അഘാസുര വധം കഴിഞ്ഞ് വനഭോജനത്തിനായി ഭഗവാനും കൂട്ടുകാരും കാളിന്ദിയുടെ മണല്‍ത്തിട്ടയില്‍ ഒത്തുകൂടി വട്ടത്തിലിരുന്നു. തങ്ങള്‍ വീട്ടില്‍നിന്നുകൊണ്ടുവന്ന വിഭവങ്ങള്‍ പരസ്പരം കൈമാറി. എല്ലാവര്ക്കും ഭഗവാന് കൊടുത്ത ചീരക്കറി അമൃതുപോലെ തോന്നി. അവരുടെ കണ്ണുകള്‍ ഭഗവാന്റെ മുഖത്തുതന്നെ ഉറച്ചുനിന്നു.
ഈ തക്കം നോക്കി ബ്രഹ്മാവ് ഹംസവാഹനത്തിലെത്തി പശുക്കുട്ടികളുമായി സ്ഥലം വിട്ടു. ഭഗവാന് എല്ലാമറിയുന്നുണ്ടായിരുന്നെങ്കിലും അറിയാത്ത ഭാവം നടിച്ചു. പരിഭ്രമം അഭിനയിച്ചു. ഗോപന്മാരെ ആഹാരം കഴിക്കാന്‍ നിര്‍ദേശിച്ചു പശുക്കളെ അന്വേഷിച്ചു കാട്ടിലലഞ്ഞു. യഥാര്‍ത്ഥത്തില്‍ ബ്രഹ്മാവിന്റെ മനസ്സിലെ മോഹം പൂര്‍ത്തിയാക്കാന്‍ ഭഗവാന് മാറിനിന്നു കൊടുത്തതാണ്. ഭഗവാന് പശുക്കളെ അന്വേഷിച്ചു പോയപ്പോള്‍ ബ്രഹ്മാവ് ഗോപന്മാരെയും മോഷ്ടിച്ചു കടന്നു കളഞ്ഞു.
സന്ധ്യയായിട്ടും ബ്രഹ്മാവ് പശുക്കുട്ടികളെയും ഗോപന്മാരെയും തിരിച്ചുകൊണ്ടുവന്നില്ല. മായാമോഹനന്റെ അടുത്താണ് ബ്രഹ്മാവിന്റെ മായ! കൊല്ലക്കുടിയിലെ മുയലിനെ ചെണ്ടകൊട്ടി ഭയപ്പെടുത്താനാകുമോ? ഭഗവാന് സ്വയം ഗോപക്കുട്ടികളുടെയും പശുക്കുട്ടികളുടെയും വേഷമിട്ടു.
ഗോപക്കുട്ടികളുടെ ശരീരത്തിലെ മുറിപ്പാടുകളും മറുകുകളും കൂടെ അതേപടി ഭഗവാന്റെ ശരീരത്തില്‍! പശുക്കുട്ടികളുടെയും കുളമ്പില്‍ കെട്ടും വാലില്‍ ചൂട്ടും അതേപടി. മാത്രമല്ല ഗോപന്മാര്ക്കും പശുക്കുട്ടികള്ക്കും സാധാരണയില്‍ കവിഞ്ഞ വശ്യതയും അനുഭവപ്പെട്ടു. പശുക്കള്‍ തങ്ങളുടെ കുട്ടികളെ മുലയൂട്ടുന്നതില്‍ അതീവ നിര്‍വൃതി കൊള്ളുന്നതായി തോന്നി. ഗോപക്കുട്ടികളുടെ അമ്മമാര്‍ക്കും അതേ അനുഭൂതിയുണ്ടായി. മക്കളെ മടിയില്‍ വച്ചു താലോലിച്ചു മതിവരുന്നില്ല. ഉറങ്ങുമ്പോഴും അവരെ മാറോടുചേര്‍ത്തു ഉറങ്ങി. അമ്മമാര്‍ക്ക് ഉറക്കത്തില്‍ വൈകുണ്ഠ ദര്‍ശനം കിട്ടിയപോലെ സ്വപ്നദര്‍ശനം കിട്ടി!
വൃന്ദാവനത്തില്‍ കൊല്ലം ഒന്നു കഴിഞ്ഞു. ദേവലോകത്തെ ഒരു ദിവസം ഭൂമിയിലെ ഒരു വര്ഷക്കാലത്തിനു തുല്യമാണത്രേ. ബ്രഹ്മലോകത്തിലെ ‘രണ്ടാം ദിവസം’ ബ്രഹ്മാവ് വൃന്ദാവനത്തിലേക്ക് എത്തി നോക്കി. പശുക്കളെയും ഗോപന്മാരെയും കാണാതെ കൃഷ്ണന് കാട്ടിലലയുകയാണോ? പാവം കൃഷ്ണന് രാത്രി മുഴുവന്‍ കരഞ്ഞിട്ടുണ്ടാവും. ഉറങ്ങാന്‍ കഴിഞ്ഞിട്ടുണ്ടാവും. പശുക്കുട്ടികളെ നഷ്ടപ്പെടുത്തിയതിന് മാതാപിതാക്കളില്‍നിന്നു ശകാരവും കിട്ടിക്കാണും. ഇപ്രകാരം ചിന്തിച്ചാണ് ബ്രഹ്മാവ് വൃന്ദാവനത്തിലത്തിയത്. അവിടെ ഭഗവാനും ഗോപക്കുട്ടികളും മറ്റുള്ളവരുടെ പാത്രത്തിലെ വിഭവങ്ങള്‍ പരസ്പരം കൈയിട്ടു വാരിക്കളിക്കുന്നു. കൃഷ്ണന്റെ പുല്ലാങ്കുഴല്‍ വിളികേട്ട് പശുക്കുട്ടികള്‍ ഓടിയണഞ്ഞ് കൃഷ്ണനെ നക്കിത്തുടക്കുന്നു. ബ്രഹ്മാവിന് സ്വന്തം കണ്ണുകളെ വിശ്വസിക്കാനായില്ല. അദ്ദേഹം ബ്രഹ്മലോകത്തേക്കു തിരിച്ചുപോയി നോക്കി. താന്‍ മോഷ്ടിച്ചു കൊണ്ടുവന്ന പശുക്കുട്ടികളും ഗോപക്കുട്ടികളും ഒന്നുപോലും നഷ്ടമായിട്ടില്ല. ബ്രഹ്മാവ് എണ്ണം ഒന്നുകൂടി പരിശോധിച്ചു. എണ്ണം കിറുകൃത്യം! വൃന്ദാവനത്തിലേക്കുനോക്കി. അവിടെയും എണ്ണം കൃത്യം! ഇതെങ്ങനെ സംഭവിച്ചു? ആരുടെ മായയില്‍ ആരു വീണു? തന്റെ മായയെ കടത്തിവെട്ടിയിരിക്കുന്നു ഭഗവാന്റെ മായ. ബ്രഹ്മാവ് ഭഗവാന്റെ കാല്ക്കല് വീണു നമസ്കരിച്ചു. സ്തുതിഗീതം പാടി. ബ്രഹ്മാവ് കണ്ണടച്ചു തുറന്നപ്പോഴേക്കും എല്ലാം പഴയപടി. കൃഷ്ണന് ഗോപക്കുട്ടികള്ക്ക് ബ്രഹ്മാവു വന്നത് കാണിച്ചുകൊടുത്തു. എല്ലാവരും ബ്രഹ്മാവിനെ നമസ്കരിച്ച് അനുഗ്രഹം വാങ്ങി.
അന്നു കാട്ടില്‍ നിന്നു ഗോകുലത്തിലേക്കു മടങ്ങിയപ്പോള്‍ ഗോപന്മാര് ചത്തുജീര്ണിച്ച ഒരു പാമ്പിനെ കണ്ടു. അസ്ഥികള്‍ മാത്രമുണ്ട്. ബാക്കിയെല്ലാം ജീര്‍ണിച്ചു പോയിരുന്നു. തങ്ങള്‍ സ്വഭവനങ്ങളില്‍നിന്നു പോന്നിട്ട് ഒരു വര്‍ഷം കഴിഞ്ഞിരുന്ന കാര്യവും, അഘാസുരന്റെ ഇരയായിത്തീര്‍ന്നതും ഭഗവാന് രക്ഷിച്ചതുമെല്ലാം അവര്‍ക്ക് അജ്ഞാതമായിരുന്നു. ഇന്ന് രാവിലെ വീട്ടില്‍നിന്ന് പോകുന്നു. സാധാരണപോലെ വൈകുന്നേരത്ത് തിരിച്ചു പോകുന്നു. ഗോകുലത്തിലും ബ്രഹ്മാവിന്റെയും ഭഗവാന്റെയും മായായുദ്ധം അജ്ഞാതമായിത്തന്നെ ഇരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: