ന്യൂദല്‍ഹി: സുഷ്മിത ദേവിന്റെ രാജിക്ക് പിന്നാലെ കോണ്‍ഗ്രസ് നേതൃത്വത്തിനെതിരെ പരസ്യ പ്രതികരണവുമായി മുതിര്‍ന്ന നേതാവ് കപില്‍ സിബല്‍ രംഗത്ത്. സംഘടനയില്‍ മാറ്റങ്ങള്‍ക്കായി വാദിക്കുന്ന മുതിര്‍ന്ന നേതാക്കളില്‍ ഒരാളാണ് അദ്ദേഹം. പാര്‍ട്ടി ഒന്നും കാണുന്നില്ലെന്ന വിമര്‍ശനമാണ് മുന്‍ കേന്ദ്രമന്ത്രി കൂടിയായ സിബല്‍ ട്വീറ്റില്‍ ഉന്നയിക്കുന്നത്. ‘സുഷ്മിത ദേവ് പാര്‍ട്ടിയുടെ പ്രാഥമിക അംഗ്വത്വത്തില്നിന്ന് രാജിവച്ചു. യുവനേതാക്കള്‍ പോകുമ്പോള്‍ പാര്‍ട്ടിയെ ശക്തിപ്പെടുത്താനുള്ള ഞങ്ങള്‍ മുതിര്‍ന്നവരുടെ ശ്രമങ്ങളെ കുറ്റപ്പെടുത്തുന്നു. ഒന്നും കാണാതെയാണ് പാര്‍ട്ടി മുന്നോട്ടുപോകുന്നത്.’- അദ്ദേഹം കുറിച്ചു.
‘ഐസ് വൈഡ് ഷട്ട്’ എന്ന ഇംഗ്ലീഷ് പ്രയോഗത്തോടെയാണ് ട്വിറ്ററിലെ കുറിപ്പ് കപില്‍ സിബല്‍ അവസാനിപ്പിക്കുന്നത്. ദൃശ്യമായിട്ടും ചിലത് കാണാന്‍ ഒരാള്‍ വിസമ്മതിക്കുന്നുവെന്ന അര്‍ഥത്തില്‍ ഉപയോഗിക്കുന്ന ഒന്നാണിത്. ഞായറാഴ്ചയാണ് സുഷ്മിത ദേവ് സോണിയ ഗാന്ധിക്ക് രാജിക്കത്ത് കൈമാറിയത്. തിങ്കളാഴ്ച തൃണമൂല്‍ നേതാക്കളായ അഭിഷേക് ബാനര്‍ജിയുടെയും ഡെറക് ഒബ്രയന്റെയും സാന്നിധ്യത്തില്‍ കൊല്ക്കത്തയില്വച്ച് സുഷ്മിത തൃണമൂല്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നു.
പൊതുജീവിതത്തില്‍ പുതിയ അധ്യായം തുറക്കുന്നുവെന്നാണ് സോണിയ ഗാന്ധിക്ക് അയച്ച കത്തില്‍ മുന്‍ അസം എംപി കോണ്‍ഗ്രസില്‍നിന്ന് പുറത്തു പോകാനുള്ള തീരുമാനത്തെക്കുറിച്ച് വിശദീകരിച്ചത്. പാര്‍ട്ടിയുടെ ദേശീയവക്താവായും അഖിലേന്ത്യ മഹിളാ കോണ്‍ഗ്രസ് അധ്യക്ഷയായും പ്രവര്‍ത്തിച്ചുവരികയായിരുന്നു അവര്‍. അതേസമയം പാര്‍ട്ടിക്ക് പുറത്തുപോകാനുള്ള കാരണം സോണിയയ്ക്ക് അയച്ച രാജിക്കത്തില്‍ സൂചിപ്പിച്ചിട്ടില്ല. തുടര്‍ന്നാണ് കോണ്‍ഗ്രസിനെ ‘കുത്തി’ മുതിര്‍ന്ന നേതാവ് തന്നെ രംഗത്തെത്തിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: