കൊല്ലം: ജില്ലയിലെ ഈറ ഉല്‍പ്പന്നങ്ങളുടെ കലവറയായിരുന്നു കുന്നത്തൂര്‍. ഈറ കീറി കുട്ടയും വട്ടിയും മുറവും തുടങ്ങി ബാംബൂ കര്‍ട്ടന്‍ വരെ കലാപരമായി നിര്‍മിച്ചെടുക്കുന്ന നൂറുകണക്കിന് കുടുംബങ്ങള്‍ കുന്നത്തൂരിലുണ്ട്.
ഇവരുടെ കരവിരുന്നിന്റെ നേര്‍ക്കാഴ്ചയായ ഈറ ഉല്‍പ്പന്നങ്ങള്‍ കൊണ്ട് സമ്പുഷ്ടമായിരുന്നു ശാസ്താംകോട്ട ചന്ത. ഓണത്തിന് ശാസ്താംകോട്ടയിലെ ഉത്രാട ചന്തയില്‍ വില്‍പ്പനക്കായി നിരത്തിവച്ചിരിക്കുന്ന പല വലിപ്പത്തിലുള്ള കുട്ടയും വട്ടിയും മുറവും വാങ്ങാന്‍ ദൂരെ ദിക്കുകളില്‍ നിന്നു പോലും ആളുകള്‍ എത്തും. ഈറ ഉല്‍പ്പന്നങ്ങള്‍ വന്‍തോതില്‍ വിപണിയിലെത്തിയിരുന്നത് ഓണക്കാലത്തായിരുന്നു.
സാമൂഹിക ജീവിതത്തിലും വിവിധ ജനവിഭാഗങ്ങളുടെ ജീവിതസാഹചര്യത്തിലുമുണ്ടായ പ്രതിസന്ധി കൂടി ഈ ഓണവിപണി അടയാളപ്പെടുത്തുകയാണ്. ബാംബൂ കോര്‍പറേഷന്‍ ഇതിനായി സംസ്ഥാനത്തെ വിവിധ ഈറ ഡിപ്പോകളില്‍ വന്‍തോതില്‍ ഈറ എത്തിച്ച് തൊഴിലാളികള്‍ക്ക് വിതരണം ചെയ്യുന്നതും പതിവായിരുന്നു. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ ആയിരങ്ങള്‍ ഇതിലൂടെ ഉപജീവനം കണ്ടെത്തിയിരുന്നു.
ശാസ്താംകോട്ട മണ്ണെണ്ണ മുക്കിലുള്ള ബാംബൂ കോര്‍പ്പറേഷന്റെ ഡിപ്പോയില്‍ ഈറ എത്തിയിട്ട് ആറ് മാസമായി. പത്തനംതിട്ട ആങ്ങാ മൂഴിയില്‍ നിന്നാണ് ഇവിടെ ഈറ എത്തിയിരുന്നത്. ലോക്ഡൗണും തൊഴിലാളികളുടെ കൂലി കൂട്ടാത്തതും വനത്തില്‍ നിന്നും ഈറ ശേഖരിക്കുന്ന ജോലിയില്‍ നിന്നും തൊഴിലാളികള്‍ പിന്‍തിരിയാന്‍ ഇടയായി.
സര്‍ക്കാര്‍ തലത്തില്‍ പദ്ധതികളില്ല
ഈ മേഖലയില്‍ പണിയെടുക്കുന്ന അടിസ്ഥാന ജനവിഭാഗങ്ങളിലെ തൊഴിലാളികളെ ചേര്‍ത്ത് നിര്‍ത്തുന്നതിനും വരുമാനം ലഭ്യമാക്കുന്നതിനുമുള്ള പദ്ധതികള്‍ സര്‍ക്കാര്‍ തലത്തില്‍ ഉണ്ടാകുന്നില്ല.
കൃത്യമായി ഈറ ലഭ്യമാക്കി ഇവര്‍ക്ക് തൊഴില്‍ അവസരമൊരുക്കാന്‍ സര്‍ക്കാര്‍ തലത്തില്‍ നടപടികളാണ് വേണ്ടത്. ഇവരുടെ സംരക്ഷണത്തിനും ക്ഷേമത്തിനുമായി രൂപീകരിച്ച കോര്‍പറേഷനുകളിലെ അധികാര ശ്രേണിയിലുള്ളവര്‍ക്ക് മാത്രമാണ് നേട്ടങ്ങള്‍ ലഭിക്കുന്നത്.
ഈറ എത്തുന്നതും കാത്ത്…
കുന്നത്തൂരിലെ ഈറ ഡിപ്പോയില്‍ ഈറ എത്തുന്നതും കാത്തിരുന്ന നൂറുകണക്കിന് തൊഴിലാളികളുണ്ട്. കഴിഞ്ഞ എട്ട് വര്‍ഷത്തിനിടെ കുന്നത്തൂരിലെ ഈറ ഡിപ്പോയില്‍ ഈറയെത്തിയത് വിരലില്‍ എണ്ണാവുന്ന തവണ മാത്രമാണ്. ഇതോടെ ഈറ ഉല്‍പ്പന്നങ്ങള്‍ നിര്‍മ്മിച്ചിരുന്ന തൊഴിലാളികളില്‍ പലരും തൊഴിലുറപ്പ് തൊഴിലിലേക്കും മറ്റ് ജോലികളിലേക്കും തിരിഞ്ഞു. ഇവരുടെ അരക്ഷിതമായ ജീവിത സാഹചര്യങ്ങള്‍ തിരിച്ചറിഞ്ഞ് പുതിയ തലമുറയും പുറംതിരിഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക